ശമ്പളം വന്‍തോതില്‍ ഉയരും; നേരത്തെ കൂടിയത് 11000 രൂപ, ഘടന എങ്ങനെ എന്നറിയാമോ? ആശങ്ക ഒരു ഘടകം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വലിയ പ്രതീക്ഷയിലാണ്. എട്ടാം ശമ്പള കമ്മീഷനും ശമ്പള വര്‍ധനവുമാണ് അവര്‍ ഉറ്റുനോക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞതോടെ എട്ടാം ശമ്പള കമ്മീഷന്‍ വന്നാല്‍ പുതിയ ശുപാര്‍ശ സമര്‍പ്പിക്കും. ഇതുപ്രകാരം അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടെ ശമ്പള ഘടന മൊത്തത്തില്‍ മാറും. പെന്‍ഷന്‍കാര്‍ക്കും നേട്ടമുണ്ടാകും.
അടുത്ത വര്‍ഷം എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇതുപ്രകാരം അടിസ്ഥാന ശമ്പളം 35000 മുതല്‍ 41000 വരെ ആയി ഉയരുമെന്ന് പ്രവചനമുണ്ട്. ഏഴാം ശമ്പള കമ്മീഷന്‍ നടപ്പായ വേളയില്‍ 11000 രൂപയാണ് വര്‍ധിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുന്നതിന് നേരത്തെയുള്ള ശമ്പള കമ്മീഷന്‍ വന്ന വേളിയിലെ മാറ്റം എന്തായിരുന്നു എന്ന് പറയാം...

1997ലാണ് അഞ്ചാം ശമ്പള കമ്മീഷന്‍ നടപ്പായത്. അന്ന് ശരാശരി പണപ്പെരുപ്പം 7 ശതമാനം ആയിരുന്നു. കുറഞ്ഞ പ്രതിമാസ ശമ്പളം 2550 രൂപയാക്കുകയാണ് കമ്മീഷന്‍ ചെയ്തത്. ആറാം ശമ്പള കമ്മീഷന്‍ നടപ്പായത് 2008ലാണ്. അന്ന് പണപ്പെരുപ്പം കണക്കാക്കിയത് 8 ശതമാനം ആയിരുന്നു. കുറഞ്ഞ ശമ്പളം 7000 ആക്കി ഉയര്‍ത്തി. അതായത്, 4450 രൂപ വര്‍ധിപ്പിച്ചു.
ഏഴാം ശമ്പള കമ്മീഷന്‍ നടപ്പായത് 2016ലാണ്. അന്നത്തെ ശരാശരി പണപ്പെരുപ്പം 5-6 ശതമാനമായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കമ്മീഷന്‍ കുറഞ്ഞ ശമ്പളം 18000 ആക്കി ഉയര്‍ത്തിയത്. അതായത്, 11000 രൂപ വര്‍ധിപ്പിച്ചു. ഓരോ പത്ത് വര്‍ഷത്തിലാണ് കഴിഞ്ഞകാലങ്ങളില്‍ ശമ്പള കമ്മീഷന്‍ വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ എട്ടാം ശമ്പള കമ്മീഷന്‍ അടുത്ത വര്‍ഷം വരുമെന്ന് പ്രതീക്ഷിക്കുന്നു.
ശമ്പള ഘടന അറിയാം, പക്ഷേ ആശങ്ക
ശരാശരി പണപ്പെരുപ്പം 6-7 ശതമാനമാക്കി കണക്കാക്കിയാകും പുതിയ ശമ്പള പരിഷ്‌കരണം നടപ്പാക്കുക എന്നാണ് കരുതുന്നത്. 30 മുതല്‍ 34 ശതമാനം വരെ വര്‍ധനവിന് സാധ്യതയുണ്ടെന്ന് അംബിത് ഇന്‍സ്റ്റിറ്റൂഷണല്‍ ഇക്വിറ്റീസ് പ്രവചിക്കുന്നു. ശമ്പളം സുതാര്യമായ വിതരണം ഉറപ്പാക്കുന്നതിന് ഒപ്പം സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത കൂടി പരിശോധിച്ചുള്ള തീരുമാനത്തിനാണ് സാധ്യത എന്ന് ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നു.
പണപ്പെരുപ്പം പരിശോധിച്ചാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ കണക്കാക്കുക. ഇതായിരിക്കും ഓരോ ശമ്പള വര്‍ധനവിന്റെയും അടിസ്ഥാനം. പുതിയ ശമ്പള കമ്മീഷന്‍ അടുത്ത വര്‍ഷം വരുമെങ്കിലും ജനുവരി മുതലുള്ള വര്‍ധനവ് പരിഗണിക്കണം എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. എട്ടാം ശമ്പള കമ്മീഷന്‍ വൈകാതെ വരുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു.
മൊത്തം ശമ്പളം വിവിധ തട്ടുകളായി കണക്കാക്കിയാണ് നിശ്ചയിക്കുക. അടിസ്ഥാന ശമ്പളം 51.5 ശതമാനമായിരിക്കും. ഡിഎ 30.9 ശതമാനവും. ഹൗസ് റെന്റ് അലവന്‍സ് 15.4 ശതമാനം, യാത്രാ അലവന്‍സ് 2.2 ശതമാനം എന്നിങ്ങനെയാണ് മൊത്തം ശമ്പളത്തിന്റെ ഘടന. ശമ്പള വര്‍ധനവിന് പുറമെ ക്ഷാമബത്തില്‍ അതാത് കാലത്തെ വിപണി സാഹചര്യം പരിശോധിച്ച് പരിഷ്‌കരണം വരുത്താറുണ്ട്. അതേസമയം, ശമ്പള വര്‍ധനവില്‍ ആശങ്കയായി നിലനില്‍ക്കുന്ന ഘടകം പുതിയ താരിഫ് യുദ്ധമാണ്. കയറ്റുമതി കുറയുന്ന സാഹചര്യം ശക്തമായാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക നില പരുങ്ങലിലാകും.












Click it and Unblock the Notifications