എസ്പിക്കും കോണ്‍ഗ്രസിനും ബിജെപിയുടെ തിരിച്ചടി, എംഎല്‍എമാര്‍ അടക്കം ബിജെപിയില്‍ ചേര്‍ന്നു
ദില്ലി: മന്ത്രി അടക്കം രാജിവെച്ച് 24 മണിക്കൂര്‍ പിന്നിടും മുമ്പ് സമാജ് വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും മറുപണി നല്‍കി ബിജെപി. ഇരുപാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാര്‍ അടക്കമാണ് ബിജെപിയില്‍ ചേര്‍ന്നത്. മൂന്ന് നേതാക്കളാണ് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ നരേഷ് സെയ്‌നി, സമാജ് വാദി പാര്‍ട്ടി എംഎല്‍എ ഹരിഓം യാദവ്, മുന്‍ എംഎല്‍എ ധരംപാല്‍ യാദവ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് പാര്‍ട്ടിയില്‍ ഔദ്യോഗികമായി പ്രവേശിച്ചത്. നേരത്തെ യോഗി മന്ത്രിസഭയില്‍ നിന്ന് സ്വാമി പ്രസാദ് മൗര്യയാണ് രാജിവെച്ചത്. ഇയാള്‍ പിന്നീട് സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. നാല്എംഎല്‍എമാര്‍ കൂടി ബിജെപി വിട്ടിരുന്നു.

ബിജെപി ഇതിന് ശക്തമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.ഇവരാണ് ഈ മൂന്ന്‌നേതാക്കളെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അതേസമയം നരേഷ് സെയ്‌നി സഹാരണ്‍പൂരിലെ ബെഹതില്‍ നിന്നുള്ള എംഎല്‍എയാണ്. അദ്ദേഹം കൂടി രാജിവെച്ചതോടെ കോണ്‍ഗ്രസിന് ഇനി സംസ്ഥാനത്ത് അവശേഷിക്കുന്നത് മൂന്ന് എംഎല്‍എമാര്‍ മാത്രമാണ്. നേരത്തെ മസൂദ് അക്തറും കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് തന്നെ തിരിച്ചടിയായിരുന്നു. ഇവരുമായി അടുപ്പമുള്ള നേതാവായിരുന്നു മസൂദ് അക്തര്‍.
സഹാരണ്‍പൂരിലെ ഏഴ് സീറ്റില്‍ രണ്ടെണ്ണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേടിക്കൊടുത്തത് മസൂദ് അക്തറാണ്. സഹാരണ്‍പൂരില്‍ നിന്ന് നിരവധി നേതാക്കളാണ് നേരത്തെ കോണ്‍ഗ്രസ് വിട്ടത്. അതില്‍ അവസാനത്തേതാണ് നരേഷ് സെയ്‌നി. അജയ് കുമാര്‍ ലല്ലു, ആരാധന മിശ്ര, സൊഹൈല്‍ അക്തര്‍ അന്‍സാരി എന്നിവരാണ് നിലവില്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍. ഇതില്‍ അന്‍സാരി ഉടന്‍ കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന. സമാജ് വാദി പാര്‍ട്ടിയില്‍ അദ്ദേഹം ചേരുമെന്നാണ് സൂചന. ഫെബ്രുവരി പത്തിനാണ് യുപിയില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. അതേസമയം നാല് എംഎല്‍എമാര്‍ ഇതിനോടകം ബിജെപി വിട്ടെന്ന് മൗര്യ പറഞ്ഞു.
റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാഖ്യ എന്നിവരാണ് പാര്‍ട്ടി വിട്ടവര്‍. തന്നെ പിന്തുണയ്ക്കുന്നവരുമായി ഇന്നും നാളെയുമായി ചര്‍ച്ച നടത്താനാണ് സ്വാമി പ്രസാദ് മൗര്യയുടെ തീരുമാനം. എന്താണ് അടുത്ത രാഷ്ട്രീയ നീക്കമെന്ന് ജനുവരി പതിനാലിന് പ്രഖ്യാപിക്കും. എനിക്കൊപ്പം ആരൊക്കെ ബിജെപിയില്‍ നിന്ന് വരുമെന്നും ഞാന്‍ ആ ദിവസം അറിയിക്കുമെന്നും മൗര്യ പറഞ്ഞു. ഞാന്‍ എസ്പിയില്‍ ചേര്‍ന്നില്ലെന്നേയുള്ളൂ. വെള്ളിയാഴ്ച്ച നിലപാട് എന്താണെന്ന് ഞാന്‍ വ്യക്തമാക്കും. ഞാന്‍ ബിജെപിയെ തള്ളിയിരിക്കുകയാണ്. തിരിച്ചുപോകുന്ന പ്രശ്‌നം ഉദിക്കുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൗര്യയെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.












Click it and Unblock the Notifications