റായ്ബറേലിയില്‍ എസ്പി ഇറക്കിയത് ലോക്കല്‍ ഹീറോയെ, കോണ്‍ഗ്രസും മുന്നില്‍, അദിതി വിയര്‍ക്കും
ദില്ലി: റായ്ബറേലി സീറ്റ് ഇത്തവണ ഉത്തര്‍പ്രദേശിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ്. കോണ്‍ഗ്രസ് വിട്ട അദിതി സിംഗിലാണ് ഇത്തവണ മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രം. അഞ്ച് തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് അദിതി. മണ്ഡലത്തിലെ ഏറ്റവും ജനപ്രിയ നേതാവായിരുന്നു അഖിലേഷ് സിംഗ്.
റായ്ബറേലി സദര്‍ മണ്ഡലത്തില്‍ പക്ഷേ മകള്‍ അദിതിക്ക് കാര്യങ്ങള്‍ ഇത്തവണ എളുപ്പമല്ല. ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ അദിതി 2017ല്‍ നേടിയതാണ്. അദിതി വമ്പന്‍ ജയം തന്നെയാണ് നേടിയത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ് എത്തിയത്.

അഖിലേഷ് സിംഗിന്റെ പിന്തുണയുണ്ടെങ്കില്‍ റായ്ബറേലിയില്‍ പാട്ടും പാടി ജയിക്കാമെന്ന പ്രയോഗം തന്നെ യുപിയിലുണ്ടായിരുന്നു. സദറില്‍ പക്ഷേ മകള്‍ അത്രത്തോളം ജനപ്രീതി നേടിയിട്ടില്ല. 2019ലാണ് അഖിലേഷ് സിംഗ് മരിച്ചത്. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതില്‍ നിന്ന് ലാഭം കൊയ്തത്. അദിതിക്ക് ശരിക്കും നഷ്ടമാണ് ഉണ്ടായത്. റായ്ബറേലിയിലെ റോബിന്‍ഹുഡ് എന്നായിരുന്നു അഖിലേഷ് സിംഗിനെ വിശേഷിപ്പിച്ചിരുന്നത്. അദിതി പ്രിയങ്ക ഗാന്ധിയെ വരെ വെല്ലുവിളിച്ചിരുന്നു. അദിതിയുടെ വ്യക്തിപരമായ വോട്ടുകള്‍ ഇപ്പോഴും അജ്ഞാതമാണ്. മറ്റൊന്ന് ബിജെപിക്ക് ഇവിടെ കരുത്തില്ലെന്നതാണ്.

കോണ്‍ഗ്രസിന് ഇവിടെ സ്വന്തമായി വോട്ടുബാങ്കുണ്ട്. എസ്പിക്കും ബിഎസ്പിക്കുമുണ്ട്. എന്നാല്‍ ബിജെപി ഈ മണ്ഡലത്തില്‍ ഫേവറിറ്റുകള്‍ അല്ല. അതാണ് ഏറ്റവും വലിയ വെല്ലുവിളി. അദിതിക്ക് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. അദിതി പിതാവിന്റെ പേരിലാണ് വോട്ട് തേടുന്നത്. ഒപ്പം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനവും എടുത്ത് കാണിക്കുന്നു. എന്നാല്‍ വോട്ടര്‍മാര്‍ ഇതില്‍ തൃപ്തരല്ല. സമാജ് വാദി പാര്‍ട്ടിയാണ് ഇപ്പോള്‍ ശക്തമായി മുന്നിലുള്ളത്. 2017ന് മുമ്പ് രണ്ടാം സ്ഥാനത്ത് എപ്പോഴും എസ്പിയെത്തിയിരുന്നു. ഇത്തവണ രാംപ്രതാപ് യാദവിനെയാണ് ഇവിടെ എസ്പി മത്സരിപ്പിക്കുന്നത്. ലോക്കല്‍ ഹീറോയാണ് അദ്ദേഹം.

രാംപ്രതാപ് യാദവിനെ വീഴ്ത്തുക അദിതിക്ക് വലിയ കടമ്പയാണ്. ശരിക്കും വിയര്‍ക്കേണ്ടി വരുമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. അതിലുപരി അദിതിക്ക് ലഭിച്ചിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ കിട്ടുന്ന കാര്യവും സംശയത്തിലാണ്. യുപിയിലെ മറ്റിടങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരിക്കലും റായ്ബറേലിയില്‍ നടക്കാന്‍ അനുവദിക്കില്ലെന്ന് അദിതി പറയുന്നു. ഈ മണ്ഡലത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് താന്‍ ഉറപ്പാക്കുമെന്ന് അദിതി പറഞ്ഞു. എന്നാല്‍ യാദവ-മുസ്ലീം കോമ്പിനേഷനാണ് സദറിനുള്ളത്. രാം യാദവ് ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. 22 മാസം അദ്ദേഹം ജയിലിലായിരുന്നു.

രാംപ്രതാപ് മാത്രമല്ല അദിതിക്കുള്ള വെല്ലുവിളി. കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇവിടെ രംഗത്തിറക്കിയിട്ടുണ്ട്. ഡോ മനീഷ് സിംഗ് ചൗഹാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ട് മനീഷ് സിംഗിന്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദിതി വിജയിച്ചത്. കോണ്‍ഗ്രസില്ലെങ്കില്‍ അവര്‍ക്ക് ജയിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് മനീഷ് സിംഗ് പറയുന്നു. മണ്ഡലത്തിന് ഗാന്ധി കുടുംബവുമായുള്ള വൈകാരിക അടുപ്പം പറഞ്ഞാണ് കോണ്‍ഗ്രസ് വോട്ട് ചോദിക്കുന്നത്. താക്കൂര്‍ വോട്ടര്‍മാരാണ് റായ്ബറേലി സദറിലെ നഗര മേഖലകളില്‍ കൂടുതലുള്ളത്. ഗ്രാമീണ മേഖലയില്‍ യാദവര്‍, മുസ്ലീങ്ങള്‍, മൗര്യ, കുര്‍മി, വിഭാഗങ്ങളാണ് ഉള്ളത്.

അതേസമയം അദിതി കോണ്‍ഗ്രസിലായിരുന്നെങ്കില്‍ മത്സരം കടുപ്പമാകുമായിരുന്നുവെന്ന് ആര്‍പി യാദവ് പറയുന്നു. എന്നാല്‍ ബിജെപിക്കൊപ്പമായതിനാല്‍ ഇവിടെ ജയിക്കാനുള്ള യാതൊരു സാധ്യതയുമില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വോട്ട് ഭിന്നിപ്പിക്കാന്‍ മാത്രമുള്ളതാണെന്നും യാദവ് പറഞ്ഞു. ബിഎസ്്പി സദര്‍ മുഹമ്മദ് അഷ്‌റഫിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. റായ്ബറേലിയുടെ സമീപ സീറ്റായ ഉന്‍ചാഹറില്‍ എസ്പിക്ക് പ്രതീക്ഷയിലാണ്. ഇവിടെ സിറ്റിംഗ് എംഎല്‍എ മനോജ് കുമാര്‍ പാണ്ഡെയാണ് മത്സരിക്കുന്നത്. ബിജെപി രാം നാരായണ്‍ മൗര്യയെ കളത്തിലിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അതുല്‍ സിംഗിനെയും മത്സരിപ്പിക്കുന്നു. എന്നാല്‍ ഇവിടെ മത്സരം കടുപ്പമാണ്.












Click it and Unblock the Notifications