'സംഭൽ സംഘർഷം സാമുദായിക ഐക്യം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്തത്'; അഖിലേഷ് യാദവ്
ഡൽഹി: ഷാഹി ജമാമസ്ജിദ് വിഷയം പാർലമെന്റിൽ ഉയർത്തി സമാദ്വാദ പാർട്ടി എംപി അഖിലേഷ് യാദവ്. പള്ളിയിൽ നടന്ന സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും സമുദായിക ഐക്യം തകർക്കുകയായിരുന്നു ലക്ഷ്യമെന്നും അഖിലേഷ് ആരോപിച്ചു.
ശൂന്യവേളയിലാണ് അഖിലേഷ് വിഷയം ഉന്നയിച്ചത്. 'സഹോദര്യത്തിന് പേര് കേട്ട സ്ഥലമാണ് സംഭൽ. സംഘർഷത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ട്.ബിജെപിയും സഖ്യകക്ഷികളും ഓരോ വിഷയങ്ങൾ കുഴിച്ചെടുക്കുകയാണ്. ഇത് രാജ്യത്തിന്റെ സഹോദര്യത്തെ ആകെ തകർക്കും. സംഘർഷം ഉണ്ടായപ്പോൾ സംഭൽ ഭരണം അനാവശ്യ തിടുക്കം കാണിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും അവർക്കെതിരെ കേസെടുക്കുകയും വേണം', അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും അഖിലേഷ് വിമർശിച്ചു.

അതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കുമെന്ന് കോൺഗ്രസ് അറിയച്ചു. സംഘർഷത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വീട് അദ്ദേഹം സന്ദർശിക്കും. കഴിഞ്ഞ ദിവസം യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം പ്രദേശം സന്ദർശിക്കാൻ എത്തിയിരുന്നുവെങ്കിലും പോലീസ് തടഞ്ഞിരുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ സംഘത്തിനും അനുമതി നിഷേധിച്ചിരുന്നു.
ഷാഹി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് ഉണ്ടായ സംഘർഷത്തിൽ 5 പേരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ സർവ്വെ നടത്തണമെന്ന സിവിൽ കോടതി ഉത്തരവിന് പിന്നാലെയാണ് മേഖലയൽ പ്രതിഷേധം ഉടലെടുത്തത്. 1529-ല്‍ മുഗര്‍ചക്രവര്‍ത്തി ബാബര്‍ ഹരിമന്ദിർ എന്ന ക്ഷേത്രം തകർത്ത് അതിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഷാഹി ജുമാ മസ്ജിദ് പണിതതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ വിഷ്ണുശങ്കര്‍ ജെയിന്‍ അടക്കം പത്ത് പേർ കോടതിയെ സമീപിച്ചു. തുടർന്ന് അഭിഭാഷകന്റെ ഹർജിയിൽ പള്ളിയിൽ സർവ്വെ നടത്താൻ യുപിയിലെ സിവിൽ കോടതി നിർദേശിക്കുകയായിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് സർവ്വെ നടത്താൻ അനുമതി കൊടുത്തത്. എന്നാൽ കമ്മീഷ്ണറുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥർ സർവ്വെയ്ക്കായി എത്തിയതിന് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിൽ ഉണ്ടായ. പോലീസ് വെടിവെപ്പിലാണ് 5 പേർ കൊല്ലപ്പെട്ടത്. അതേസമയം സിവിൽ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പള്ളി കമ്മിറ്റി. ഹൈക്കോടതി ഉത്തരവ് ഉണ്ടാകുന്നത് വരെ സർവ്വെ നിർത്തവെയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications