തമിഴ്നാട്ടില്‍ പുതിയ നീക്കം? ദീപയ്ക്ക് പിന്നാലെ ദീപക്കും ശശികലയ്ക്കെതിരെ! പറയുന്നത് വാസ്തവം?
ശശികലയുടെ അനന്തരവന്മാരായ ടിടിവി ദിനകരനും ഡോ. എസ് വെങ്കടേഷും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായതോടെയാണ് ദീപക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചെന്നൈ: ജയലളിതയുടെ മരണത്തോടൈ എഐഎഡിഎംകെ അധ്യക്ഷയായ ശശികലയ്ക്ക് വെല്ലുവിളികള്‍ വര്‍ധിക്കുന്നു. അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹം മങ്ങി. ഇതിനു പിന്നാലെ ശശികലയുടെ ബന്ധുക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ജയലളിതയുടെ അനന്തരവനും ദീപയുടെ സഹോദരനുമായ ദീപക്കും രംഗത്തെത്തി.
ഇതുവരെ ശശികലയ്‌ക്കൊപ്പമായിരുന്നു ദീപക് ജയകുമാര്‍. എന്നാല്‍ ശശികലയുടെ അനന്തരവന്മാരായ ടിടിവി ദിനകരനും ഡോ. എസ് വെങ്കടേഷും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായതോടെയാണ് ദീപക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എഐഎഡിഎംകെയില്‍ ശശികലയുടെ കുടുംബം അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ദീപക് ആരോപിക്കുന്നു.

ദീപക്കും രംഗത്ത്
പാര്‍ട്ടിയില്‍ ശശികലയുടെ ബന്ധുക്കളുടെ വാഴ്ചയാണെന്നാണ് ദീപക്കിന്റെ ആരോപണം. ശശികലയുടെ അനന്തരവന്മാരായ ടിടിവി ദിനകരനെയും ഡോ. എസ് വെങ്കടേഷിനെയും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരാക്കിയതാണ് ദീപക്കിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

അണികള്‍ക്ക് എതിര്‍പ്പ്
ശശികലയെ സമ്മര്‍ദം ചെലുത്തിയാണ് ദിനകരനും വെങ്കിടേഷും പാര്‍ട്ടി തലപ്പത്ത് എത്തിയിരിക്കുന്നതെന്നാണ് ദീപക് പറയുന്നത്. ഇവര്‍ പാര്‍ട്ടി അധികാര കേന്ദ്രങ്ങളില്‍ എത്തിയതില്‍ അണികള്‍ക്കിടയിലും എതിര്‍പ്പുണ്ടെന്ന് ദീപക്. എന്തിനാണ് ശശികല ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത് അറിയില്ലെന്നും ദീപക് പറയുന്നു. ജയലളിത പുറത്താക്കിയവരാണ് ഇപ്പോള്‍ പാര്‍ട്ടിയിലെത്തിയിരിക്കുന്നതെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിലേക്കില്ല
തനിക്ക് ശശികലയോട് എതിര്‍പ്പില്ലെന്നും ദീപക് വ്യക്തമാക്കുന്നു. ശശികല എഐഎഡിഎംകെ അധ്യക്ഷയായതിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ശശികലയുടെ ബന്ധുക്കള്‍ പാര്‍ട്ടിയിലെത്തുന്നതിനെ എതിര്‍ക്കുന്നുവെന്നും ദീപക് വ്യക്തമാക്കി. ശശികല തനിക്ക് അമ്മയെപ്പോലെയാണെന്നും ദീപക് പറയുന്നു. തനിക്ക് രാഷ്ട്രീയത്തിലെത്താന്‍ താത്പര്യമില്ലെന്നും ദീപക്.

കൈയ്യില്‍ പണമില്ല
ജയലളിതയുടെ വസ്തുക്കളുടെ അവകാശികള്‍ താനും ദീപയുമാണെന്നും ദീപക് പറയുന്നു. പോയസ് ഗാര്‍ഡന്‍ തനിക്കും ദീപക്കുമുള്ളതാണെന്നും ദീപക്ക്. മറ്റാര്‍ക്കും ഇതില്‍ അവകാശമില്ലെന്നും അദ്ദേഹം. തന്റെ പക്കല്‍ പണമുണ്ടായിരുന്നെങ്കില്‍ ജയലളിതയ്‌ക്കെതിരായ 100 കോടിരൂപയുടെ പിഴ താന്‍ അടയ്ക്കുമായിരുന്നുവെന്നും ദീപക് പറയുന്നു.

ഏത് വസ്തു
വസ്തുവിറ്റ് പിഴ അടയ്ക്കാനാണ് തന്റെ തീരുമാനമെന്നാണ് ദീപക് പറയുന്നത്. എന്നാല്‍ ഏത് വസ്തു വില്‍ക്കുമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ദീപക് പറയുന്നു.

പിന്തുണ
ദീപയുടെ രാഷ്ട്രീയ പ്രവേശത്തെ ദീപക് അനുകൂലിക്കുന്നുണ്ട്. വെള്ളിയാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് ദീപയുടെ തീരുമാനം. തുടക്കം മുതലെ ശശികലയെ എതിര്‍ക്കുന്ന ആളായിരുന്നു ദീപ. ജയലളിതയുടെ മരണത്തിനു പിന്നില്‍ ശശികലയാണെന്നും ദീപ ആരോപിച്ചിരുന്നു.

നല്ല ഭരണം
പനീര്‍ശെല്‍വത്തെ പിന്തുണച്ചാണ് ദീപക് സംസാരിച്ചത്. നല്ല മുഖ്യമന്ത്രിയാമ് പനീര്‍ശെല്‍വമെന്ന് ദീപക് പറഞ്ഞു. നല്ല ഭരണം കാഴ്ച വയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ദീപക് പറയുന്നു. ഒപിഎസിനെ കുറച്ച് കൂടുതലായി തനിക്ക് ഒന്നും പറയാന്‍ കഴിയില്ലെന്നും ദീപക്.












Click it and Unblock the Notifications