ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്; സൗദി, ഇറാന്‍ മന്ത്രിമാര്‍ ഡല്‍ഹിയിലെത്തും... പൊടുന്നനെ മാറ്റം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ മുഖ്യസ്ഥാനത്തേക്ക് എത്തുന്നു. ലോക രാജ്യങ്ങളെല്ലാം ഇന്ത്യയുടെ തീരുമാനവും നീക്കങ്ങളും നിരീക്ഷിക്കുകയാണ്. ഇന്ത്യയെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ലോക നേതാക്കള്‍ ഒന്നിന് പിറകെ ഒന്നായി ഇന്ത്യയിലെത്തുന്നത്. അടുത്തിടെ അമേരിക്കയുടെ രഹസ്യാന്വേഷണ മേധാവി ഇന്ത്യയിലെത്തിയിരുന്നു.
തൊട്ടുപിന്നാലെയാണ് റഷ്യയുടെ രഹസ്യാന്വേഷണ മേധാവി എത്തിയത്. ഇപ്പോള്‍ സൗദി അറേബ്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയിലെത്തുമെന്ന് വിവരം പുറത്തുവന്നിരിക്കുന്നു. ഏഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ത്യയുടെ പദവിയും നിലപാടും നിര്‍ണായകമാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അഫ്ഗാനിലെ അതിവേഗമുള്ള മാറ്റങ്ങളാണ് ഏഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറ്റിമറിച്ചത്. അമേരിക്ക രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഴ്ചകള്‍ക്കകം അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിക്കുകയായിരുന്നു. താലിബാന്റെ പുതിയ ഭരണകൂടവുമായി കൂടുതല്‍ രാജ്യങ്ങള്‍ സഹകരിക്കാന്‍ ആരംഭിച്ചു. ഇതാകട്ടെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നതാണ്.

ചൈന താലിബാന്‍ ഭരണകൂടവുമായി സഹകരിക്കാന്‍ തുടക്കം മുതലേ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യ താലിബാന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. നിലവില്‍ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ അടുപ്പം പുലര്‍ത്തുന്നില്ല. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കല്‍ സംബന്ധിച്ച് ദോഹയില്‍ വച്ച് താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു എങ്കിലും മറ്റു അനുനയ നീക്കങ്ങള്‍ ഇന്ത്യ തുടങ്ങിയിട്ടില്ല. കാബൂളിലെ എംബസി അടയ്ക്കുകയും ചെയ്തു.

താലിബാനുമായി സഹകരിക്കാന്‍ പ്രമുഖ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ചൈനയ്ക്ക് പുറമെ, പാകിസ്താന്‍, റഷ്യ, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും താലിബാനുമായി സഹകരിക്കുമെന്നാണ് വിവരം. താലിബാന്‍ ഭരണകൂടത്തിന് ചൈന സാമ്പത്തിക സഹായം നല്‍കുമെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ചൈന പൂര്‍ണമായും താലിബാനൊപ്പം നില്‍ക്കുമെന്ന് വ്യക്തമായി കഴിഞ്ഞു. ഇനി ഏഷ്യയിലെ മറ്റൊരു പ്രമുഖ രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ നിലപാട് നിര്‍ണായകമാണ്.

ഇന്ത്യയെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക നേതാക്കള്‍ ഒന്നിന് പിറകെ ഒന്നായി ഡല്‍ഹിയിലേക്ക് വരുന്നത്. അഫ്ഗാന്റെ സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ഇടപെടണമെന്ന് നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല എന്ന ഇന്ത്യ നേരത്തെ പുലര്‍ത്തിപ്പോന്ന നിലപാട് അഫ്ഗാന്റെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്.

അമേരിക്കയുടെയും റഷ്യയുടെയും രഹസ്യാന്വേഷണ മേധാവികള്‍ ഇന്ത്യയിലെത്തിയത് കഴിഞ്ഞാഴ്ചയാണ്. ഇപ്പോള്‍ സൗദിയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ ഇന്ത്യയിലെത്താന്‍ പോകുന്നു എന്നാണ് വിവരം. ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലഹിയാന്‍ തിങ്കളാഴ്ച എത്തുമെന്ന് അറിയിച്ചിരുന്നു എങ്കിലും അവസാന നിമിഷം സന്ദര്‍ശനം മാറ്റിവച്ചു, വൈകാതെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് വിവരം.

ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ രാജ്യങ്ങളുടെ ഉച്ചകോടി നടക്കാനിരിക്കുകയാണ്. ഇവിടെ വച്ച് വിദേശകാര്യ കാര്യമന്ത്രി എസ് ജയശങ്കറുമായി ഇറാന്‍ വിദേശകാര്യ മന്ത്രി പ്രാഥമിക ചര്‍ച്ച നടത്തും. അതിന് ശേഷമാകും അദ്ദേഹം ഇന്ത്യയിലെത്തി കൂടുതല്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുക. എന്നാല്‍ സൗദിയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് രാജകുമാരന്‍ ഈ ആഴ്ച ഡല്‍ഹിയിലെത്തും.

വിദേശകാര്യമന്ത്രിയായ ശേഷം ഫൈസല്‍ രാജകുമാരന്റെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കാണ്. ഇന്ത്യയെ എത്രത്തോളം പ്രാധാന്യത്തോടെ സൗദി കാണുന്നു എന്നതിന് തെളിവാണിത്. സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വികസനം, സഹകരണം എന്നിവയ്ക്ക് പുറമെ അഫ്ഗാന്‍ മുഖ്യ വിഷയമാകുമെന്നാണ് വാര്‍ത്തകള്‍.

താലിബാന്‍ ഭരണകൂടത്തെ തള്ളിപ്പറയാന്‍ ഇതുവരെ തയ്യാറാകാത്ത രാജ്യങ്ങളാണ് സൗദിയും ഇറാനും റഷ്യയുമെല്ലാം. ചൈനയുടെയും പാകിസ്താന്റെയും അമിതമായ ഇടപെടല്‍ അഫ്ഗാനിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. 1996ല്‍ താലിബാന്‍ ഭരണകൂടത്തിന് സൗദിയും യുഎഇയും അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം, ഇരുരാജ്യങ്ങളുടെയും കാബൂളിലെ എംബസികള്‍ അടച്ചിട്ടുമില്ല.












Click it and Unblock the Notifications