സീറ്റ് വിഭജനത്തെച്ചൊല്ലി തമിഴ്നാട്ടില്‍ തർക്കം രൂക്ഷം: ഓഫീസ് പൂട്ടിയിട്ട് കോണ്‍ഗ്രസ് പ്രവർത്തകർ
ചെന്നൈ: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടർന്ന് തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ഡി എം കെയും തമ്മിലുള്ള സഖ്യത്തില്‍ വിള്ളല്‍. മത്സരിക്കാന്‍ കൂടുതല്‍ സീറ്റെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പലയിടത്തും അംഗീകരിക്കാന്‍ ഡി എം കെ തയ്യാറായിട്ടില്ല. ഇതേ തുടർന്ന് സീറ്റ് വിഭജന ചർച്ചകളില്‍ നിന്നും കോണ്‍ഗ്രസ് എംപി ഉള്‍പ്പടേയുള്ളവർ കഴിഞ്ഞ ദിവസം ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു.
ട്രിച്ചി ഉള്‍പ്പടേയുള്ള മേഖലയിലാണ് ഡി എം കെ-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ രൂക്ഷമായിരിക്കുന്നത്. തിരുച്ചിയിലെ സീറ്റ് വിഭജന ക്രമീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച പാർട്ടി പ്രവർത്തകർ റോക്ക്ഫോർട്ട് മെയിൻ ഗാർഡ് ഗേറ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാർട്ടി ആസ്ഥാനമായ അരുണാചല മണ്ഡ്രം ഒഫീസ് അടച്ചുപൂട്ടി.

തിരുച്ചി നഗരത്തിലെ 65 വാർഡുകളിൽ നാലെണ്ണം മാത്രാണ് ഡി എം കെ കോൺഗ്രസിന് വിട്ടു നല്‍കാന്‍ തയ്യാറായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാല്ല. കുറഞ്ഞത് 15 അല്ലെങ്കിൽ അതിൽ കൂടുതലെങ്കിലും സീറ്റ് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഓഫീസ് അടച്ചു പൂട്ടിയ കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നത്.
ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി

സീറ്റുകള്‍ നേടിയെടുക്കുന്നതില്‍ നേതൃത്വം വരുത്തിയ വീഴ്ചയ്ക്കെതിരേയും രൂക്ഷ വിമർശനവും പ്രവർത്തകർ നടത്തുന്നുണ്ട്. തങ്ങളുടെ നേതാക്കളുടെ മോശം പ്രവർത്തനകളും വേണ്ട വിധത്തില്‍ ചർച്ചകള്‍ നടത്താത്തിരുന്നതുമാണ് സീറ്റുകളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുള്ളതെന്നും വിമർശകർ ആരോപിക്കുന്നു. എന്നാല്‍ ചർച്ചകള്‍ തുടരുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള ശ്രമം തങ്ങളുടെ നേതാവും തിരുച്ചി എംപിയുമായ എസ് തിരുനാവുക്കരസന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ഡി എം കെയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു തിരുച്ചി അർബൻ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ എസ് ചക്രപാണി അഭിപ്രായപ്പെട്ടത്. ഏത് പാർട്ടിയും കൂടുതൽ സീറ്റ് ആവശ്യപ്പെടും. അത് ആവശ്യപ്പെടേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർബൻ പ്രസിഡന്റ് ജവഹറും ഇക്കാര്യത്തില്‍ വേണ്ടത്ര പ്രാധാന്യത്തോടെ പ്രവർത്തിച്ചില്ല. ഞങ്ങൾക്ക് കൂടുതൽ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുന്ന മേഖലയാണ് ഇത്. കഴിഞ്ഞ തവണ കോൺഗ്രസ് 10 വാർഡുകളിൽ നിന്ന് വിജയിച്ചു. പാർട്ടിക്ക് ശക്തമായ സാന്നിധ്യമുള്ള സ്ഥലങ്ങളിലൊന്നാണ് തിരുച്ചി. അതിന് അനുസരിച്ചുള്ള പ്രധാന്യം ഇവിടെ കിട്ടിയില്ലെങ്കില്‍ വേറെ എവിടെയാണ് കിട്ടുകയെന്നും ചക്രപാണി ചോദിക്കുന്നു.

ഇത്തരത്തില്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ നിരുത്തരവാദപരമായ പ്രവർത്തിയില്‍ പ്രതിഷേധിച്ചാണ് പാർട്ടി ഭാരവാഹികൾ ഉച്ചയോടെ ഓഫീസിന്റെ ഗേറ്റ് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. വൈകുന്നേരത്തോടെ ജവഹർ ഉള്‍പ്പടേയുള്ള നേതാക്കള്‍ ചർച്ചകൾക്കായി ഓഫീസിലെത്തി. നാല് സീറ്റുകൾ നൽകിയതിൽ പക്ഷപാതമുണ്ടായെന്നും മുതിർന്ന അംഗങ്ങളെ പരിഗണിച്ചില്ലെന്നുമാണ് ആരോപണം. എന്നാൽ, തിരുച്ചിയിലെ സ്ഥാനാർത്ഥികളെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ ആവർത്തിക്കുന്നത്.

സീറ്റ് വിഭജന ചർച്ചയിൽ തിരുനാവുക്കരസർ ഫോണിലൂടെ പങ്കെടുത്തുവന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ചർച്ചയ്ക്ക് എംപി നേരിട്ട് എത്തേണ്ടതായിരുന്നുവെന്നാണ് ഓഫീസ് അടച്ചിട്ട് പ്രതിഷേധക്കാർ പറയുന്നത്. വിജയിച്ച് കഴിഞ്ഞതിന് ശേഷം സ്വന്തം മണ്ഡലത്തിലേക്ക് തിരുനാവുക്കരസർ വരുന്നില്ലെന്നും അവർ ആരോപിക്കുന്നു.












Click it and Unblock the Notifications