രണ്ടാം പ്രതിപക്ഷ യോഗം 18 ന്; നേതാക്കൾക്ക് വിരുന്നൊരുക്കാൻ സോണിയ ഗാന്ധി..ആം ആദ്മിക്കും ക്ഷണം
ഡൽഹി; പാട്നയിൽ ചേർന്ന ആദ്യ പ്രതിപക്ഷ യോഗം വിജയമാതിന് പിന്നാലെ രണ്ടാം യോഗം ബെംഗളൂരുവിൽ വെച്ച് നടത്താൻ പാർട്ടികൾ. 18 നാണ് യോഗം ചേരുക. ആം ആദ്മി പാർട്ടിയടക്കം 24 പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കൾക്ക് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി അത്താഴ വിരുന്നൊരുക്കും.
പാട്നയിൽ ചേർന്ന യോഗത്തിൽ 15 പാർട്ടികളായിരുന്നു പങ്കെടുത്തിരുന്നത്. എംഡിഎംകെ, കെഡിഎംകെ, വിസികെ, ആർഎസ്പി,മുസ്ലീം ലീഗ് കേരള കോൺഗ്രസ് (ജോസഫ്), കേരണ കോൺഗ്രസ് (എം),ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ പങ്കെടുത്തിരുന്നില്ല. ഈ പാർട്ടികളും ബെംഗളൂരുവിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. 2014ലെ തിരഞ്ഞെടുപ്പിൽ കെഡിഎംകെയും എംഡിഎംകെയും ബിജെപിയുടെ സഖ്യകക്ഷികളായിരുന്നു.

യോഗത്തിലേക്ക് നേതാക്കളെ ക്ഷണിച്ച് കൊണ്ട് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ കത്തയിച്ചിരുന്നു. 'ആദ്യ യോഗം വൻ വിജയമായിരുന്നു.നമ്മുടെ ജനാധിപത്യ രാഷ്‌ട്രീയത്തിന് ഭീഷണിയുയർത്തുന്ന സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്യാനും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടാനും പാട്നയിലെ യോഗത്തിൽ തീരുമാനമെടുത്തു.ഇത്തരത്തിലുള്ള ചർച്ചകൾ ഇനിയും നടത്തേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു. രാജ്യം നേരിടുന്ന വെല്ലുവിളിക്ക് കൃത്യമായ പരിഹാരങ്ങൾ കണ്ടെത്താൻ നമ്മുക്ക് ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്', ഖാർഗെ ക്തതിൽ പറഞ്ഞു.
അതേസമയം രണ്ടാം യോഗത്തിൽ ആം ആദ്മിയ്ക്ക് ക്ഷണമുണ്ടെങ്കിലും അവർ പങ്കെടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പാട്നനയിൽ നടന്ന യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത വിമർശനമായിരുന്നു കോൺഗ്രസിനെതിരെ ആം ആദ്മി ഉന്നയിച്ചത്. ഡൽഹി കേന്ദ്ര ഓർഡിനൻസിനെതിരായ ആം ആദ്മിയുടെ പോരാട്ടത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.
കോൺഗ്രസ് ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും രാഹുൽ ഗാന്ധിയും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ആം ആദ്മി ആക്ഷേപം ഉന്നയിച്ചിരുന്നു. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള നീക്കത്തിനിടെ കോൺഗ്രസ് ഇപ്പോൾ സ്വീകരിക്കുന്ന മനോഭാവം അവർ ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് ആം ആദ്മി പറഞ്ഞിരുന്നു.
ഓർഡിനെൻസിനെ അപലപിക്കുകയും പാർട്ടിയുടെ 31 രാജ്യസഭ എംപിമാരും ഓർഡിനൻസിനെ രാജ്യസഭയിൽ എതിർക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് വരെ കോൺഗ്രസ് പങ്കെടുക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ ആം ആദ്മി തയ്യാറാകില്ലെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications