ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി സന്ദേശം: ഉദ്ധവ് താക്കറെയുടെ വസതിയുടെ സുരക്ഷ ഉയർത്തി
മുബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം. ഇതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രില ഉദ്ധവ് താക്കറെയുടെ വസതിയായ മതോശ്രീയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ട് ഭീഷണി ഫോൺ കോളുകളാണ് ലഭിച്ചതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ദാവൂദ് ഇബ്രാഹിമിന് വേണ്ടിയാണ് വിളിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കണമെന്ന് വിളിച്ചയാൾ ആവശ്യപ്പെട്ടതായുമാണ് എഎൻഐ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സംഭവത്തോടെ ഫോൺ വിളിച്ച ആളെ കണ്ടെത്താനുള്ള ശ്രമം മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ടയാളാണ് ഫോണിൽ വിളിച്ചതെന്ന് ക്യാബിനിറ്റ് മന്ത്രി അനിൽ പരബ് പറഞ്ഞു. എന്നാൽ ഫോണിൽ വിളിച്ചയാൾ ഭീഷണി മുഴക്കിയിട്ടില്ലെന്നാണ് അനിൽ പരബ് പറയുന്നത്.
ശനിയാഴ്ച രാത്രി 10.30 ഓടെ രണ്ട് തവണയാണ് ഉദ്ധവ് താക്കറെയുടെ മുംബൈ ബാന്ദ്രയിലുള്ള വസതിയിലേക്ക് ഫോൺ വന്നത്. ദുബായിൽ നിന്നെന്ന പേരിലാണ് വിളിച്ചിട്ടുള്ളത്. എന്നാൽ ഫോൺ മുഖ്യമന്ത്രിയ്ക്ക് നൽകാൻ ടെലിഫോൺ ഓപ്പറേറ്റർ തയ്യാറായിരുന്നില്ലെന്നും പോലീസ് പിടിഐയോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ കേസെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണെന്ന് മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിംഗ് വ്യക്തമാക്കി. സംഭവത്തിൽ മഹാരാഷ്ട്ര നിയമസഭ അപലപിച്ചു. സംഭവത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്ര മന്ത്രിസഭയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മഹാരാഷ്ട്ര നിയമസഭയെ അറിയിച്ചിട്ടുണ്ട്.

മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യ അന്വേഷിക്കുന്ന അധോലോക കുറ്റവാളി പാകിസ്താനിലുണ്ട് എന്നതിനുള്ള പല തെളിവുകളും ഇന്ത്യ കൈമാറിയെങ്കിലും ഇക്കാര്യം ഇതുവരെയും അംഗീകരിക്കാൻ പാകിസ്താൻ തയ്യാറായിട്ടില്ല. ദാവൂദിന്റെ പാകിസ്താനിലെ വിലാസം ഉൾപ്പെടെയുള്ള രേഖകളാണ് പലപ്പോഴായി ഇന്ത്യ പാകിസ്താന് നൽകിയത്. ഇതിനിടെയാണ് ദാവൂദിന്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്.












Click it and Unblock the Notifications