Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭർത്താവു മരിച്ചാൽ വിധവയായി വീട്ടിലിരുന്നുകൂടെ എന്ന് എത്ര തവണ? ഈ സ്ത്രീയെ തെല്ലുമിളക്കാൻ നിങ്ങൾക്ക് കഴിയില്ല'

തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്ന് മൂന്ന് മണിക്കൂറോളമാണ് ഇഡി ചോദ്യം ചെയ്തത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രാഹുല്‍ ഗാന്ധിയേയും ഇതേ കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിനിടെ സോണിയാ ഗാന്ധിയെ കുറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

1

ഷാഫി പറമ്പിലിന്റെ കുറിപ്പ് വായിക്കാം: 'മണിക്കൂറുകളോളം തുടർച്ചയായുള്ള ഇ.ഡി ഗ്രില്ലിങ്ങിൽപ്പെട്ട് ഏറെ അനാരോഗ്യങ്ങളുള്ള ഈ എഴുപത്തഞ്ചുകാരി മാനസികമായി തളരുമെന്നും രാഷ്ട്രീയമായി തകരുമെന്നും കരുതിയവരൊക്കെ പടുവിഡ്ഢികളാണ്. കോൺഗ്രസിന് അധികാരമുണ്ടായാൽ സഫ്ദർജങ് റോഡിലെ പ്രധാനമന്ത്രിയുടെ വസതി. അതു നഷ്ടപ്പെട്ടാൽ അവിടെനിന്ന് 12 വില്ലിങ്ടൺ ക്രെസെന്റിലേക്കുള്ള യാത്ര. ഇതുമാത്രമായിരുന്നു ഇന്ദിരയ്ക്കും രാജീവിനുമൊപ്പമുണ്ടായിരുന്ന നാളുകളിൽ രാഷ്ട്രീയമെന്നാൽ സോണിയക്ക്. അവിടെനിന്ന് 11 വർഷത്തിനിടയിൽ മൂന്നു ദുരന്തങ്ങൾ കൺമുന്നിൽ കണ്ടുനിന്ന, മാനസികമായി പലവട്ടം തകർന്ന സോണിയയിലേക്കുള്ള യാത്ര വളരെപ്പെട്ടെന്നായിരുന്നു.

2

വിമാനാപകടത്തിൽപെട്ട് 1980-ൽ സഞ്ജയ്‌ ഗാന്ധി കൊല്ലപ്പെട്ട ശേഷം ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് പാർലമെന്റിലേക്കു പോയ രാജീവിനെ നോക്കിനിൽക്കേ ഒരിക്കലും അത്‌ 10 വർഷത്തിനുള്ളിൽ ശ്രീപെരുംമ്പത്തൂരിൽ അവസാനിക്കുന്ന യാത്രയാകുമെന്ന് ആ സ്ത്രീ കരുതിയിട്ടില്ലല്ലോ. അതിനും മുൻപേ കൺമുന്നിൽ വലിയൊരു ദുരന്തത്തിനു കൂടി സാക്ഷിയാകാൻ അവർക്കു വിധിയുണ്ടായിരുന്നു. 1984-ൽ ഇന്ദിരയുടെ ശരീരത്തിൽ വെടിയുണ്ടകൾ തുളച്ചുകയറിയ നിമിഷം മുതൽ സോണിയ അരക്ഷിതയായിരുന്നിരിക്കണം.

3

സമാധാനമെന്തെന്നറിയാത്ത ദിനരാത്രങ്ങൾ എണ്ണിയെണ്ണിയാണ് അവർ ജീവിച്ചത്. 1991-ൽ രാജീവ്‌ കൊല്ലപ്പെടുന്ന നിമിഷം സോണിയ ഏതു മാനസിക നിലയിലാരുന്നിരിക്കും എന്നൂഹിക്കാൻ മാത്രമേ നമുക്കാവൂ. രാജീവിന്റെ മരണത്തിന് 18 മണിക്കൂറിനു ശേഷം കൂടിയ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അർജുൻ സിങ് പേരു നിർദേശിച്ച നിമിഷം മുതൽ തന്റെ രാഷ്ട്രീയ പ്രവർത്തനത്തെ തടയാൻ കഴിയാവുന്നതെല്ലാം ആ സ്ത്രീ ചെയ്തു. ഒടുവിൽ അതേവർഷം സെപ്റ്റംബറിൽ രാജീവിന്റെ അമേഠി സീറ്റിലേക്കു തന്റെ പേരു പ്രവർത്തകരും നേതാക്കളും ഒരേപോലെ ആവശ്യപ്പെട്ടപ്പോൾ മക്കളെ ചേർത്തുപിടിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഓടിയൊളിച്ചു.

4

പിന്നീട് ഒരിക്കൽക്കൂടി തന്റെ രാഷ്ട്രീയ പ്രവേശത്തെ സ്വയം അവർ തടഞ്ഞുനിർത്തി. പിന്നീട് 1996-ൽ തന്റെ കൺമുന്നിൽ കോൺഗ്രസ്‌ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞപ്പോഴായിരിക്കും സോണിയ എന്ന സ്ത്രീ മാനസികമായി ഏറ്റവുമൊടുവിൽ തളർന്നിട്ടുണ്ടാവുക. രണ്ടുവർഷത്തിനു ശേഷം ജീവിതത്തിലെ കയ്പ്പു നിറഞ്ഞ അനുഭവങ്ങളെ സ്വയം അതിജീവിച്ചതിന്റെ ധൈര്യത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ സോണിയ എഴുവർഷം താൻ ഒഴിവാക്കിവിട്ട ഉത്തരവാദിത്തത്തെ ചുമലിലേറ്റു.

5

അവിടെ നിന്നിങ്ങോട്ടു തുടർച്ചയായ 19 വർഷക്കാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചത് ആ കൈകളായിരുന്നു. വ്യക്തിജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ പിന്നീടൊരു തവണ പോലും അസ്വഭാവികമായൊരു മിടിപ്പ് അവർക്കുണ്ടായിട്ടില്ല. അതിനിടയിൽ നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്കു നടന്നുകയറിയ സ്ത്രീയുടെ കൈക്കുമ്പിളിൽ ഇന്ത്യയുടെ അധികാരം പലവട്ടം വന്നിരുന്നു. അതൊന്നും അവർ സ്വീകരിച്ചില്ല. അവരെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിൽ കാണാനാഗ്രഹിക്കാത്ത രാഷ്ട്രീയ എതിരാളികൾ അവരുടെ മുട്ടൊപ്പമുള്ള പാവാടയിട്ട ചിത്രങ്ങളും ഇറ്റാലിയൻ ജന്മവും വെളുത്ത നിറവുമെല്ലാം എടുത്തു വീശി.

6

ഭർത്താവു മരിച്ചാൽ വിധവയായി വീട്ടിലിരുന്നുകൂടെ എന്നുള്ള ചോദ്യം പോലും എത്രവട്ടം സോണിയ കേട്ടിട്ടുണ്ടാകും. ലൂസിയാനയിൽ ജനിച്ച സോണിയയുടെ മതം പോലും അവർ ചർച്ച ചെയ്തു. സ്വന്തം മക്കളുടെ മതമേതെന്നു പോലും ചിന്തിക്കാൻ സമയം കളയാത്ത എഡ്വിജ് അന്റോണിയ ആൽബിന മൈനോ എന്ന സോണിയ എപ്പോഴേ ഇന്ത്യയുടെ മകളായിക്കഴിഞ്ഞിരുന്നു. ഇന്ത്യയുടെ മക്കളായാണ് അവർ തന്റെ മക്കളെയും വളർത്തിയത്.

7

കോൺഗ്രസിൽക്കവിഞ്ഞ മതമൊന്നും അവർ പ്രാക്ടീസ് ചെയ്തിട്ടുമില്ല. 19 വർഷം തുടർച്ചയായി രാഷ്ട്രീയ ജീവിതം നയിച്ചതിനൊടുവിൽ ശിഷ്ടകാലം വിശ്രമമെന്നൊരു തീരുമാനമെടുത്തു പോയ സോണിയയുണ്ട്. ഒടുവിൽ 2019-ൽ ഒരിക്കൽക്കൂടി തകർന്നടിഞ്ഞ കോൺഗ്രസിനെ വിശ്രമവേളകളിൽ നിന്നു തിരിച്ചെത്തി ഒരിക്കൽക്കൂടി ചുമലിലേറ്റിയപ്പോൾ തന്റെ ആരോഗ്യസ്ഥിതി പോലും ആ സ്ത്രീ പരിഗണിച്ചിട്ടില്ല.

8

വാർധക്യം പോലും തനിക്കു സ്വന്തമായി കിട്ടാത്ത, വിശ്രമമറിയാത്ത സ്ത്രീയെയാണ് ഇ.ഡിയെ ഉപയോഗിച്ചു തളർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അവസാനശ്വാസം വരെയും അവരുടെ മുഖത്തൊരു പരിഭ്രാന്തി പരത്താൻ നിങ്ങൾക്കു കഴിയില്ല. ഇ.ഡിയുടെ കെട്ടിടത്തിനുള്ളിൽ കൈയിൽ മരുന്നുമായി നിൽക്കുന്ന മകൾ മാത്രമാണ് അവരുടെ തളർച്ച. അതവർക്കു പ്രായം നൽകിയ തളർച്ചയാണ്. അതിനപ്പുറം ഒരു തെല്ലുപോലുമിളക്കാൻ കഴിയില്ല ഈ സ്ത്രീയെ, സോണിയാ ഗാന്ധിയെ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+