മന്നത്തിന് മുന്നിലെത്തി ജനക്കൂട്ടം, ഷാരൂഖ് ഖാനെതിരെ മുദ്രാവാക്യം: പ്രതിഷേധത്തിന് കാരണം ഇതാണ്?
മുംബൈ: ഷാരൂഖ് ഖാന്റെ വീടായ മന്നത്തിന് മുന്നിലേക്ക് ഇരച്ചെത്തി ജനക്കൂട്ടം. ഇന്നലെയാണ് സംഭവം നടന്നത്. പാപ്പരാസികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സംഭവം വൈറലായത്. മന്നത്തിനും, ഷാരൂഖ് ഖാനുമുള്ള സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഷാരൂഖ് ഖാനില്‍ നിന്ന് അടുത്തൊന്നും വിവാദപരമായ പരാമര്‍ശം പോലും വന്നിട്ടില്ല. പിന്നെന്തിനാണ് ജനക്കൂട്ടം അദ്ദേഹത്തിന്റെ വീടിന് പ്രതിഷേധിക്കുന്നത്.
മറ്റൊന്നുമല്ല, അടുത്തിടെ ഷാരൂഖ് ഖാന്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് വേണ്ടി ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഇതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ ജനക്കൂട്ടം എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലായ എ23യുടെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് നേരത്തെ നിയമിതനായിരുന്നു. അവര്‍ക്ക് വേണ്ടി ഒരു പ്രമോ ആഡും അദ്ദേഹം ചെയ്തിരുന്നു. ചലോ സാത്ത് ഖേലേന്‍ എന്ന വാക്കുകളും അദ്ദേഹം പരസ്യത്തില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രതിഷേധവുമായി ജനക്കൂട്ടം മന്നത്തിന് മുന്നിലെത്തിയത്. അണ്‍ടച്ച് യൂത്ത് ഫൗണ്ടേഷനാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഞങ്ങളുടെ പ്രതിഷേധം ഓണ്‍ലൈന്‍ ഗെയിമിങ്ങ് ആപ്പുകള്‍ക്കെതിരെയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഇവ യുവാക്കളെ വഴിതെറ്റിക്കുകയും, നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇവര്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
പ്രശസ്തരായ നടന്മാരും, നടിമാരും ഇത്തരത്തില്‍ ഗെയിമിംഗ് പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അണ്‍ടച്ച് ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഷാരൂഖ് ഖാന്റെ മന്നത്തിന് മുന്നില്‍ ഇക്കാര്യത്തില്‍ പ്രതിഷേധിക്കുകയാണെന്നും ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘടനയുടെ പ്രസിഡന്റായ കൃഷ്ചന്ദ്ര അദാലും ഗെയിമിംഗ് ആപ്പുകളുടെയും താരങ്ങളുടെയും സഹകരണത്തെ വിമര്‍ശിച്ചു.
പുതു തലമുറ ജംഗിള്‍ റമ്മി സ്ഥിരമായി കളിക്കുന്നുണ്ട്. ആരെങ്കിലും ഇതിലൂടെ ചൂതാട്ടം നടത്തിയാല്‍ പോലീസ് അവരെ അറസ്റ്റ് ചെയ്യും. എന്നാല്‍ ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുകയാണ്. അതുവഴി യുവതലമുറയെ വഴിതെറ്റിക്കുകയാണെന്നും അദാല്‍ പറഞ്ഞു. ഇത്തരം ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്ന് ബോളിവുഡ് താരങ്ങള്‍ക്കും അറിയാം. പക്ഷേ പണം കിട്ടുന്നത് കൊണ്ട് അവര്‍ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുകയാണ്.
ഈ താരങ്ങളെ പ്രശസ്തരാക്കിയത് ഞങ്ങളാണ്. അവരുടെ സിനിമകള്‍ കാണുകയും, അവര്‍ക്ക് വേണ്ടി പണം മുടക്കുകയും ചെയ്തവരാണ് ഞങ്ങള്‍. ഇത്തരം പരസ്യങ്ങള്‍ നിര്‍ത്തണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന. ഈ ഗെയിമിംഗ് ആപ്പുകള്‍ നിയമവിരുദ്ധമാണ്. ഗൂഗിളില്‍ ഇവയെ കാണാനാവില്ല. സ്വകാര്യ വെബ്‌സൈറ്റിലാണ് ഇതില്‍ കൂടുതല്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും അദാല്‍ പറഞ്ഞു. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications