മോദി, ശരത് പവാര്‍, അജിത്, ഒരു വേദിയില്‍, വീണ്ടും അഭ്യൂഹം, എന്‍ഡിഎ പാളയത്തിലെത്തുമോ?
പൂനെ: പ്രതിപക്ഷത്തെ അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് ശരത് പവാര്‍. മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്ന ഒരു പരിപാടിയിലാണ് ഇരുവരും വേദി പങ്കിട്ടത്. ഇതിനോടകം പവാറിന്റെ നിലപാട് പ്രതിപക്ഷ നിരയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷികളും, നിരവധി പ്രതിപക്ഷ പാര്‍ട്ടികളും ഈ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പവാറിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതെല്ലാം തള്ളിയാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിനാകെ നിരാശ സമ്മാനിക്കുന്ന കാര്യമാണ് ശരത് പവാറില്‍ നിന്നുണ്ടായത്. എന്‍സിപി വിമതനായ അജിത് പവാറും കൂടി ചടങ്ങിലുണ്ടായിരുന്നു. ശരത് പവാറിന്റെ നിലപാട് സംശയാസ്പദമാണെന്ന് നേരത്തെ തന്നെ ഉയര്‍ന്ന വിമര്‍ശനമാണ്. എന്‍സിപിയിലെ ശരത് പവാര്‍ വിഭാഗം കൂടി എന്‍ഡിഎയിലേക്ക് പോകുമോ എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

പ്രതിപക്ഷ നിരയിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവാണ് അദ്ദേഹം. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്കെട്ടായി നേരിടാമെന്ന് ഇന്ത്യ പ്രതിപക്ഷ സഖ്യം തീരുമാനിച്ചതാണ്. പവാര്‍ അടക്കമാണ് ഇക്കാര്യം തീരുമാനിച്ചത്. മുംബൈയില്‍ പ്രതിപക്ഷ യോഗം നടക്കാനിരിക്കുകയാണ്. അതിനിടെയാണ് എല്ലാവരെയും അമ്പരപ്പിച്ച് ശരത് പവാര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.
ലോകമാന്യ തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ശരത് പവാര്‍. ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം ഇത്തവണ നല്‍കുന്നത് പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്കായിരുന്നു. അതുകൊണ്ട് വളരെയേറെ പ്രാധാന്യം ചടങ്ങിനുണ്ടായിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, എന്നിവരും ഉണ്ടായിരുന്നു. പരിപാടിയുടെ തുടക്കത്തില്‍ പവാറിന് നമസ്‌കാരം പറഞ്ഞിരുന്നു മോദി. ഈ സമയത്ത് മോദിയുടെ തോളില്‍ തട്ടി പവാര്‍ സൗഹൃദം പങ്കിടുകയും ചെയ്തു. ഇതെല്ലാം പ്രതിപക്ഷത്തിന് ആശങ്കകള്‍ സമ്മാനിക്കുന്നതാണ്. ഈ അവസരത്തില്‍ പവാര്‍ കളം മാറിയാല്‍ അത് ഇന്ത്യാ സഖ്യത്തെ തന്നെ ബാധിക്കും.
ശരത് പവാര്‍ ലോകമാന്യ തിലകിനെ ചടങ്ങില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. ലോകമാന്യ തിലകിന് രാജ്യത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു വേണ്ടത്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാന്‍ ജനങ്ങളെ ഒന്നിപ്പിക്കണമെന്ന് തിലകിന് അറിയാമായിരുന്നു. അദ്ദേഹം മാധ്യമപ്രവര്‍ത്തകനായി മാറി കേസരിയിലൂടെയും, മറാത്ത പത്രങ്ങളിലൂടെയും അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി.
മാധ്യമപ്രവര്‍ത്തകരിലും, മാധ്യമങ്ങള്‍ക്ക് മേലും ഒരുതരത്തിലുള്ള സമ്മര്‍ദവും പാടില്ലെന്ന് തിലക് പറഞ്ഞിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു. അതേസമയം മോദിയും പവാറും അവസാനമായി വേദി പങ്കിട്ടത് ഏഴ് വര്‍ഷം മുമ്പാണ്. നേരത്തെ കോണ്‍ഗ്രസും, ശിവസേനയും, ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പവാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോദിയെ മാസങ്ങള്‍ക്ക് മുമ്പ് താന്‍ ക്ഷണിച്ചതാണെന്ന് പവാര്‍ വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications