സൽമാൻ ഖാൻ ചിത്രത്തിൽ വിദേശകാര്യ മന്ത്രിയായി അവസരം, വേണ്ടെന്ന് ശശി തരൂർ, അഭിമുഖം വൈറൽ
ദില്ലി: സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കാനുളള അവസരം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂര്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലാകുന്നു. 2018ല്‍ ശശി തരൂര്‍ സോഷ്യല്‍ മീഡിയ സ്റ്റാറില്‍ ജാനിസ് സെക്യുറിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ച കാര്യം തുറന്ന് പറഞ്ഞത്. സല്‍മാന്‍ ഖാന്‍ നായകനായ വമ്പന്‍ ചിത്രത്തില്‍ വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കാണ് അണിയറ പ്രവര്‍ത്തകര്‍ ശശി തരൂരിനെ ക്ഷണിച്ചത്. എന്നാല്‍ താന്‍ ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് ശശി തരൂര്‍ പറയുന്നു.
ശശി തരൂരിന്റെ വാക്കുകള്‍ ഇങ്ങനെ: ഒരു പ്രശസ്തനായ സംവിധായകന്‍ സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കുന്ന സിനിമയില്‍ ഒരു വേഷം ചെയ്യാനുളള വിസ്മയിക്കുന്ന ഓഫര്‍ തനിക്ക് വന്നിരുന്നു. അത്തരം സന്ദര്‍ഭങ്ങള്‍ താന്‍ എക്കാലവും ആസ്വദിക്കാറുണ്ട്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടേ വേഷം ആയിരുന്നു തനിക്ക് അവര്‍ ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ അതേക്കുറിച്ച് തന്റെ ഒരു നല്ല സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ പറഞ്ഞു, നിങ്ങള്‍ക്ക് ഒരു വിദേശകാര്യ മന്ത്രിയാകണം എന്നാണ് ആഗ്രഹമെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുത് എന്ന്. സുഹൃത്തിന്റെ വാക്കുകളില്‍ കഴമ്പുണ്ടെന്ന് തോന്നിയപ്പോള്‍ ആ സിനിമയില്‍ നിന്നും താന്‍ പിന്മാറിയെന്നും ശശി തരൂര്‍ പറഞ്ഞു.

സല്‍മാന്‍ ഖാന്‍ നായകനായ അന്താസ് അപ്‌ന അപ്‌ന എന്ന ചിത്രത്തില്‍ ശശി തരൂര്‍ ഒരു വേഷം ചെയ്തിരുന്ന് എന്ന് അക്കാലത്ത് പ്രചാരണം നടന്നിരുന്നു. എന്നാല്‍ ശശി തരൂര്‍ അത് ചിരിച്ച് തളളി. ആ സിനിമയിലെ വ്യക്തി താനാകാന്‍ ഒരു വഴിയും ഇല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. കാരണം ആ സമയത്ത് താന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. കോൺഗ്രസിന്റെ തിരുവനന്തപുരം എംപിയായ ശശി തരൂർ എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രാസംഗികനും കൂടിയാണ്. ഐക്യരാഷ്ട്ര സഭയിൽ തരൂർ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. അതിന് ശേഷമാണ് തരൂർ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം രണ്ട് തവണ പാർലമെന്റിലെത്തി. യുപിഎ സർക്കാരിന്റെ കാലത്ത് ശശി തരൂർ കേന്ദ്ര മന്ത്രിസഭാംഗവുമായിരുന്നു.












Click it and Unblock the Notifications