'തിന്നുകയിലുമില്ല, തിന്നാൻ അനുവദിക്കുകയുമില്ല'; ബീഫാണോ ഉദ്ദേശിച്ചത്? തരൂരിന്റെ പരിഹാസം
അഴിമതി അവസാനിപ്പിക്കണമെന്ന അർത്ഥത്തിൽ 'തിന്നുകയുമില്ല, മറ്റാരെയും തിന്നാന്‍ അനുവദിക്കുകയുമില്ല' എന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോൺഗ്രസ് എം പി ശശി തരൂർ

ദില്ലി: അഴിമതി അവസാനിപ്പിക്കണമെന്ന അർത്ഥത്തിൽ 'തിന്നുകയുമില്ല, മറ്റാരെയും തിന്നാന്‍ അനുവദിക്കുകയുമില്ല' എന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ബി ജെ പിയിൽ ചേരുന്നതിന് മുൻപ് അഴിമതി ആരോപണങ്ങൾ നേരിട്ട നേതാക്കളുടെ ലിസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് തരൂരിന്റെ പരിഹാസം.
മദ്യ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തരൂരിന്റെ ട്വീറ്റെന്നത് ശ്രദ്ധേയമാണ്.
'തിന്നുകയുമില്ല, മറ്റാരെയും തിന്നാന്‍ അനുവദിക്കുകയുമില്ല' എന്നത് കൊണ്ട് എന്താണ് അദ്ദേഹം അർത്ഥമാക്കുന്നതെന്ന് താൻ എപ്പോഴും ആലോചിക്കാറുണ്ട്. ബീഫിനെ കുറിച്ചാകും പ്രധാനമന്ത്രി പറഞ്ഞത് എന്നാണ് തനിക്ക് തോന്നുന്നതെന്നും ശശി തരൂർ പരിഹസിച്ചു. എട്ട് പേരുടെ ലിസ്റ്റാണ് തരൂർ പങ്കുവെച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ,കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, സുവേന്ദു അധികാരി, ഭാവ്‌ന ഗാവ്‌ലി, യശ്വന്ത് ജാദവ്, യാമിനി ജാദവ്, പ്രതാപ് സർനായിക്, നാരായൺ റാണെ എന്നിവരുടെ പേരുകളാണ് തരൂർ പങ്കിട്ടത്.
തരൂർ പുറത്തുവിട്ട പട്ടികയിലെ ആദ്യ പേരായ നാരയണ റാണ ആദ്യം ശിവസേനയിലും പിന്നീട് കോൺഗ്രസിലും പ്രവർത്തിച്ച നേതാവാണ്. റാണയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, ഭൂമി തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുണ്ടായിരുന്നു. 2017 ൽ കോൺഗ്രസ് വിട്ട റാണ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും 2019 ൽ ബി ജെ പിയിൽ ലയിക്കുകയും ചെയ്തു. അതിന് ശേഷം റാണയ്ക്കെതിരെ അന്വേഷണം ഉണ്ടായിരുന്നില്ല.
അസമിലെ കോൺഗ്രസ് മുഖമായിരുന്ന ഹിമന്ത ബിശ്വ ശർമ്മ ലൂയിസ് ബർഗർ കേസ് എന്നറിയപ്പെടുന്ന ഗുവാഹത്തിയിലെ ജലവിതരണ കുംഭകോണത്തിൽ അഴിമതിയാരോപണം നേരിട്ടിരുന്നു. കേസിലെ മുഖ്യ സൂത്രധാരൻ സുവേന്ദു ആണെന്നായിരുന്നു ഹിമന്ത ആണെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. എന്നാൽ 2015 ൽ സുവേന്ദു ബി ജെ പിയിൽ എത്തിയതോടെ അന്വേഷണം അവസാനിച്ചു.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഗൗതം അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയും അടുത്തിടെ ബി ജെ പിയോട് സമാന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ചോദ്യം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications