തരൂർ ലോക്സഭാ കക്ഷി നേതാവായാൽ പാർലമെന്റിൽ കൊടിക്കുന്നിലിന് തിരിച്ചടി; കാരണമിതാണ്...
സംസ്ഥാനങ്ങളിലെ കോൺഗ്രസിനുള്ളിലുള്ള ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടൊപ്പം പാർട്ടി നേതൃത്വത്തിലും ഔദ്യോഗിക പദവികളിലും മാറ്റം വരും
ന്യൂഡൽഹി: 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്ക് ഇപ്പോൾ തന്നെ തുടക്കമിട്ടിരിക്കുകയാണ് കോൺഗ്രസ്. അടുത്ത വർഷം ആറു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഇതിന്റെ ആദ്യ പടി. സംസ്ഥാനങ്ങളിലെ കോൺഗ്രസിനുള്ളിലുള്ള ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടൊപ്പം പാർട്ടി നേതൃത്വത്തിലും ഔദ്യോഗിക പദവികളിലും മാറ്റം വരും.

ലോക്സഭാ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗദരിയെ തത്സ്ഥാനത്ത് മാറ്റി പകരം മറ്റൊരു നേതാവിനെ എത്തിക്കാനാണ് ഇപ്പോൾ കോൺഗ്രസ് പദ്ധതിയിടുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയും തിരിച്ചെത്തിയിട്ടില്ലാത്ത രാഹുൽ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവും ആകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള എംപി ശശി തരൂരിനാണ് ഈ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

ഇത്തരത്തിൽ ശശി തരൂർ ലോക്സഭാ കക്ഷി നേതാവായാൽ കേരളത്തിൽ നിന്നുള്ള മറ്റൊരു മുതിർന്ന എംപി കൊടിക്കുന്നിൽ സുരേഷിന് പാർലമെന്റിൽ തിരിച്ചടിയാകും. നിലവിൽ കോൺഗ്രസ് പാർട്ടി വിപ്പാണ് കൊടിക്കുന്നിൽ. ശശി തരൂർ ലോക്സഭാ കക്ഷി നേതാവാകുന്നതോടെ കൊടിക്കുന്നിലിനെ വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റും. എന്നാൽ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് സുരേഷ് തുടരും.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ജൂലായ് 19ന് ആരംഭിക്കും. അതിനുള്ളില്‍ തന്നെ പുതിയ നേതാവ് ലോക്‌സഭയില്‍ ഉണ്ടാവാനാണ് സാധ്യത. നിലവില്‍ ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുകളാണ് മുന്നിലുള്ളത്. തരൂരിന്റെ പേരിനാണ് മുന്‍തൂക്കം. പക്ഷേ മറ്റ് മൂന്ന് പേരുകള്‍ മുന്നിലുണ്ട്. ഗൗരവ് ഗൊഗോയ്്, റവനീത് സിംഗ് ബിട്ടു, ഉത്തംകുമാര്‍ റെഡ്ഡി എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്. തരൂരും തിവാരിയും ജി23 പട്ടികയിലുള്ളതാണ്. ഇവര്‍ക്കാണ് സ്ഥാനം നല്‍കേണ്ടതെന്നാണ് രാഹുലിന്റെ നിലപാട്.

കോൺഗ്രസില്ലാതെ ഒരു വിശാല പ്രതിപക്ഷം സാധ്യമാകില്ലെന്ന മറ്റ് പാർട്ടികളും ആവർത്തിക്കുമ്പോൾ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസ് തന്നെ അരയും തലയും മുറുക്കി ഇറങ്ങുകയാണ്. ഇതിന്റെ ഭാഗമായി മമത ബാനർജിയോട് അടുക്കാനാണ് ആദ്യ ശ്രമം. ശക്തമായ ബിജെപി വെല്ലുവിളിക്ക് ഇടയിലും പശ്ചിമ ബംഗാളിൽ ഭരണ നിലനിർത്താൻ മമത ബാനർജിക്ക് സാധിച്ചിരുന്നു.പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ കൂടിയായ അധിർ രഞ്ജൻ ചൗദരി കടുത്ത മമത വിമർശകനാണ്. ലോക്സഭയിൽ ചൗദരിയെ മാറ്റുന്നതോടെ മമതയെ വിശ്വാസത്തിലെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കരുതുന്നു.












Click it and Unblock the Notifications