അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തിലെന്ന് സതീഷ് സെയ്ല്‍; സൈന്യം ഉടനെത്തും
ഷിരൂര്‍: മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ വിധ സംവിധാനങ്ങളും ഒരുക്കുന്നുണ്ട് എന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയ്ല്‍. ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സൈന്യം 2 മണിയോടെ എത്തും എന്നും സതീഷ് സെയ്ല്‍ കൂട്ടിച്ചേര്‍ത്തു.
40 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. 'റഡാര്‍ മാത്രമല്ല രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഒന്നും പേടിക്കാനില്ല. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്. എല്ലാ മാര്‍ഗങ്ങളിലൂടേയും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഡ്രഡ്ജറിന് വേണ്ട അനുമതിക്കായി പരിശ്രമിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

അര്‍ജുന്റെ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. പൊലീസിനൊപ്പം എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ആണ് തിരച്ചില്‍ നടത്തുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ കര്‍ണാടകയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് കുടുംബം ആരോപിച്ചിരുന്നു.
അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിരുന്നു. ഈ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഐ എസ് ആര്‍ ഒ നല്‍കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായാല്‍ കൂടുതല്‍ കൃത്യതയോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലോറിയുടെ ഭാഗം കണ്ടെത്താന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.
എന്നാല്‍ അപകടസ്ഥലത്ത് കൂടുതല്‍ മണ്ണ് മാറ്റിയുള്ള തിരച്ചിലിന് കനത്ത മഴ വെല്ലുവിളിയാകുന്നുണ്ട്. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അടിഞ്ഞ് വരുന്ന ചെളിയും പുതിയ ഉറവകളും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. വന്‍ പാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചില്‍പ്പെട്ടത്.
മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരുന്നതിനിടെയായിരുന്നു അപകടം. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്ത് ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് സംഭവം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഷിരൂരിലെ അപകട സ്ഥലം സന്ദര്‍ശിക്കും. അതിനിടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ ഹര്‍ജി നല്‍കി.
ഗംഗാവാലി പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്താന്‍ നേവിയുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. പുതിയ ബോട്ടുകളടക്കം ലോറിയില്‍ എത്തിച്ചാണ് പരിശോധന.












Click it and Unblock the Notifications