കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി പ്രതിപക്ഷം, മമതയെയും പ്രശാന്തിനെയും തള്ളി ശിവസേന, 2024ല്‍ അറിയാം
പൂനെ: കോണ്‍ഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് രംഗത്ത് വന്ന മമത ബാനര്‍ജിയെയും പ്രശാന്ത് കിഷോറിനെയും തള്ളി ശിവസേന. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേ സര്‍ക്കാരുണ്ടാവൂ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സഖ്യസര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് മുന്നിലുള്ള പ്രധാന പാര്‍ട്ടിയായിരിക്കണം. അല്ലാതെ മറ്റുള്ളവര്‍ക്ക് ബിജെപിയെ തോല്‍പ്പിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനാവില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പതനം കാണാന്‍. ഒറ്റപാര്‍ട്ടി ഭരിക്കുന്ന സമ്പ്രദായവും അതോടെ അവസാനിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. പ്രശാന്ത് കിഷോറിനോട് യോജിക്കുന്നില്ലെന്നും റാവത്ത് വ്യക്തമാക്കി.

നരേന്ദ്ര മോദിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്ന് നേരത്തെ മമത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന ഈ വാദങ്ങളെയെല്ലാം തള്ളിയത്. ശിവസേന കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് വ്യക്തമാകുന്നത്. അടുത്ത മാസം രാഹുല്‍ ഗാന്ധി മഹാരാഷ്ട്ര സന്ദര്‍ശനത്തിനായി എത്തുന്നുമുണ്ട്. രാജ്യത്ത് കോണ്‍ഗ്രസില്ലാതെ ഒരു ബദല്‍ സര്‍ക്കാരുണ്ടാക്കുക സാധ്യമല്ല. രാജ്യത്ത് വളരയെധികം വ്യാപിച്ച് കിടക്കുന്ന, മുഖ്യ പ്രതിപക്ഷമായ പാര്‍ട്ടിയാണത്. മറ്റുള്ളവരെല്ലാം പ്രാദേശിക പാര്‍ട്ടികള്‍ മാത്രമാണെന്നും റാവത്ത് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ദേശീയ തലത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റാവത്തിന്റെ പരാമര്‍ശങ്ങള്‍ എത്തിയിരിക്കുന്നത്.
പ്രശാന്ത് പറഞ്ഞത് പോലെ ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെയുണ്ടാവും. എന്നാല്‍ അവര്‍ പ്രതിപക്ഷ പാര്‍ട്ടിയായിട്ടായിരിക്കും തുടരുകയെന്നും റാവത്ത് പറഞ്ഞു. ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്ന് സ്വയം പറയുന്നു. ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അവര്‍ പ്രതിപക്ഷ പാര്‍ട്ടിയായി മാറും. 105 എംഎല്‍എമാരുണ്ടായിട്ടും ബിജെപി പ്രതിപക്ഷ പാര്‍ട്ടിയായി തുടരുന്നത് അതിനൊരു ഉദാഹരണമാണ്. ദാദ്ര, നാഗര്‍ ഹവേലി, ഗോവ എന്നിവിടങ്ങളിലാണ് ശിവസേന ഇപ്പോള്‍ കൂടുതലായി ഫോക്കസ് ചെയ്യുന്നത്. യുപി തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. യുപിയില്‍ ഞങ്ങള്‍ ചെറുപാര്‍ട്ടിയാണ്. പക്ഷേ ശിവസേന മത്സരിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.
പാര്‍ലമെന്റില്‍ രണ്ട് വര്ഷത്തോളമാണ് മാധ്യമപ്രവര്‍ത്തകരെ കേന്ദ്രം അ നുവദിക്കുന്നില്ല. കൊവിഡിന്റെ പേരിലാണ് ഇത്. പക്ഷേ യഥാര്‍ത്ഥ കാരണം റിപ്പോര്‍ട്ടര്‍മാര്‍ മന്ത്രിമാരുമായി സംസാരിക്കുമെന്ന ഭീതിയാണ്. പല കാര്യങ്ങളും മന്ത്രിമാര്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ പുറത്തുവരും. മന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണെങ്കിലും, മാധ്യമങ്ങള്‍ അടിയന്തരാവസ്ഥ കാലത്ത് പോലും ഇങ്ങനെ തടയപ്പെട്ടിട്ടില്ല. കേന്ദ്രത്തിന് അവരെ പ്രീതിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ വരേണ്ടത്. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ മാധ്യമ ഓഫീസില്‍ റെയ്ഡ് നടന്നുവെന്നും റാവത്ത് വ്യക്തമാക്കി. പല കമ്പനികളും മാധ്യമസ്ഥാപനങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. ഇത് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണെന്നും റാവത്ത് പറഞ്ഞു.












Click it and Unblock the Notifications