'അശ്വിന്‍ അപമാനിക്കപ്പെട്ടു.. എത്ര നാള്‍ എല്ലാം സഹിച്ച് നില്‍ക്കും' തുറന്നടിച്ച് പിതാവ്
ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അശ്വിന്‍ വിരമിച്ചത് അപമാനം നേരിട്ടതിനാലെന്ന് പിതാവ് രവിചന്ദ്രന്‍. അശ്വിന്റെ വിരമിക്കല്‍ തീരുമാനം കുടുംബത്തിലെ പലരെയും അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകന്‍ ദേശീയ ടീമില്‍ തുടര്‍ന്നും കളിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും രവിചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18 നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ മകന്‍ അപമാനിക്കപ്പെടുകയായിരുന്നു എന്നും ഇത് അശ്വിന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള പെട്ടെന്നുള്ള വിരമിക്കലിന് ഒരു കാരണമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റെ ആരോപണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിദേശ ടെസ്റ്റുകളില്‍ അശ്വിന് തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്നാണ് സൂചന.

'അവസാന നിമിഷത്തിലാണ് ഞാനും അശ്വിന്റെ വിരമിക്കലിനെ കുറിച്ച് അറിഞ്ഞത്. വിരമിക്കല്‍ തീരുമാനം അദ്ദേഹത്തിന്റേതാണ്. അതില്‍ എനിക്ക് ഇടപെടാന്‍ കഴിയില്ല. പക്ഷേ അതിന് നിരവധി കാരണങ്ങളുണ്ടാകാം. അശ്വിന് മാത്രമേ അറിയൂ, ഒരുപക്ഷേ അപമാനമായിരിക്കാം അതിലൊന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ വൈകാരികമായാണ് കുടുംബം സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
അശ്വിന്‍ 14-15 വര്‍ഷമായി കളിക്കളത്തിലുണ്ടായിരുന്നു. പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം തങ്ങളെ ഞെട്ടിച്ചുവെന്നും രവിചന്ദ്രന്‍ പറഞ്ഞു. 'അതേസമയം, അപമാനം നേരിടുന്നു എന്ന് അറിയുന്നതിനാല്‍ ഞങ്ങളും അത് പ്രതീക്ഷിച്ചിരുന്നു. എത്രനാള്‍ അയാള്‍ക്ക് അതെല്ലാം സഹിക്കാന്‍ കഴിയും? അക്കാര്യം അവന്‍ സ്വയം തീരുമാനിക്കുമായിരുന്നു,' രവിചന്ദ്രന്‍ വ്യക്തമാക്കി. അശ്വിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പിതാവാണ്.
ക്ലബ് ലെവല്‍ ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളറായ രവിചന്ദ്രന്‍ തന്റെ മകനെ കായികരംഗത്തേക്ക് നയിക്കാന്‍ പ്രോത്സാഹിപ്പിച്ചു. കൗമാരത്തില്‍ തമിഴ്‌നാടിന്റെ രഞ്ജി ട്രോഫി ടീമിലേക്ക് കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാറ്റ്‌സ്മാനില്‍ നിന്ന് ഓഫ് സ്പിന്നറിലേക്ക് അശ്വിന്‍ മാറിയത്. ഇതിന് പിതാവ് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇന്നലെയാണ് അശ്വിന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയുടെ മധ്യത്തില്‍ വെച്ചാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ച ബ്രിസ്ബേനില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് അവസാനിച്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് അശ്വിന്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ തന്നെ അശ്വിന്‍ ചെന്നൈയിലെത്തുകയും ചെയ്തിരുന്നു. നിര്‍ണായക പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ബാക്കിയുള്ള ടീമിനൊപ്പം തുടരേണ്ടതില്ലെന്ന് അശ്വിന്‍ തീരുമാനിച്ചു.












Click it and Unblock the Notifications