ഗ്യാന്‍വാപി പള്ളിക്ക് പുറമെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വ്വെ; ഹൈക്കോടതി അനുമതി നല്‍കി
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വ്വെ നടത്താന്‍ അലഹാബാദ് ഹൈക്കോടതിയുടെ അനുമതി. ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഈ പള്ളിയില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള മൂന്നംഗ അഭിഭാഷക സമിതിയാണ് പരിശോധിക്കുക. സമിതിയിലെ അംഗങ്ങള്‍, ഏത് രീതിയിലുള്ള സര്‍വ്വെയാണ് നടത്തേണ്ടത് എന്നീ കാര്യങ്ങള്‍ ഈ മാസം 18ന് തീരുമാനിക്കും.
ക്ഷേത്ര ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്നത് എന്നത് ഹിന്ദുത്വ സംഘടനകള്‍ ഏറെ കാലമായി ആരോപിക്കുന്നതാണ്. പള്ളിയില്‍ സര്‍വ്വെ നടത്തണമെന്ന് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവര്‍ ആവശ്യപ്പെട്ടത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സര്‍വ്വെക്ക് എതിരായ പള്ളി കമ്മിറ്റിയുടെ ഹര്‍ജി കോടതി തള്ളിയെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.

ഷാഹി ഈദ്ഗാഹ് പള്ളിയില്‍ നിരവധി ഹിന്ദു ചിഹ്നങ്ങളുണ്ട് എന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ഏറെ ഗൗരവമുള്ള വിധിയാണ് കോടതിയില്‍ നിന്ന് വന്നിരിക്കുന്നത് എന്നും വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു. ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്ന്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് കഴിഞ്ഞ മാസം 16ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചത് എന്നാണ് ഹിന്ദു ഭാഗത്തിന്റെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി അലാഹാബാദ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍വ്വെക്കുള്ള ഹര്‍ജിയില്‍ ഉത്തരവ് വന്നിരിക്കുന്നത്. പള്ളി പൊളിച്ചുനീക്കി സ്ഥലം ക്ഷേത്രത്തിന് കൈമാറണം എന്നാവശ്യപ്പെട്ട് 18 ഹര്‍ജികളാണ് കോടതിയിലുള്ളത്.
കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വെ നടത്താന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലും അനുമതി നല്‍കിയിരിക്കുന്നത്. ഷാഹി പള്ളിയില്‍ സര്‍വ്വെ നടത്താന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കീഴ്‌കോടതി അനുമതി നല്‍കിയതാണ്. ഇതിനെതിരെ മുസ്ലിം വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇനി മുസ്ലിം വിഭാഗം സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
17ാം നൂറ്റാണ്ടിലാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചത്. പള്ളിയും ക്ഷേത്രവും നില്‍ക്കുന്ന 13.37 ഏക്കര്‍ സ്ഥലം മൊത്തമായി ക്ഷേത്രത്തിന് വിട്ടുകൊടുക്കണം എന്നാണ് ഹിന്ദു ഭാഗത്തിന്റെ ആവശ്യം. പള്ളി നില്‍ക്കുന്ന സ്ഥലത്ത് നേരത്തെ കത്ര കേശവ് ദേവ് ക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്ന് ഹിന്ദു ഭാഗം ആരോപിക്കുന്നു. ഇത് തകര്‍ത്താണ് ഔറംഗസീബിന്റെ നിര്‍ദേശപ്രകാരം പള്ളിയുണ്ടാക്കിയത് എന്നും അവര്‍ പറയുന്നു.
പള്ളിയുടെ മതിലില്‍ താമരയുടെയും പാമ്പിന്റെയും ചിഹ്നമുണ്ട്. ക്ഷേത്രത്തിന്റെ മാതൃകയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്... ഇതെല്ലാം അമ്പലം പൊളിച്ച് പള്ളി പണിതു എന്നതിന് തെളിവാണെന്നു ഹിന്ദു വിഭാഗം ആരോപിക്കുന്നു. 1991ലെ ആരാധനാലയ സംരക്ഷണ നിയമം പരിഗണിച്ച് ഹിന്ദു ഭാഗത്തിന്റെ ഹര്‍ജി തള്ളണം എന്നാണ് മുസ്ലിം വിഭാഗം ആവശ്യപ്പെട്ടത്.
സ്വാതന്ത്ര്യം കിട്ടുന്ന വേളയില്‍ എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെ ആരാധനാലയങ്ങള്‍ നിലനിര്‍ത്തണമെന്നാണ് 1991ലെ നിയമം. 10.9 ഏക്കര്‍ ക്ഷേത്രത്തിനും 2.5 ഏക്കര്‍ പള്ളിക്കും വിട്ടുനല്‍കി 1968ല്‍ പള്ളി-അമ്പല കമ്മിറ്റികള്‍ ചേര്‍ന്ന് കരാറുണ്ടാക്കിയിരുന്നു. ഈ കരാര്‍ തള്ളണമെന്നാണ് ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. ബാബരി മസ്ജിദിന് ശേഷമാണ് മഥുര, വാരണാസി എന്നിവിടങ്ങളിലെ പള്ളികളില്‍ ഹിന്ദുത്വ വിഭാഗം അവകാശവാദം ശക്തമാക്കിയത്.












Click it and Unblock the Notifications