'കർണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി: ശക്തമായ പദവികളോടെ ഡികെ ഉപമുഖ്യമന്ത്രി': പ്രഖ്യാപനം ഇന്ന്
ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ ഉള്‍പ്പടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും കർണാടക സർക്കാറിലുണ്ടാവും. പ്രധാനപ്പെട്ട വകുപ്പുകളോടു കൂടിയായിരിക്കും ശിവകുമാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ടോടെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ നടത്തും.
ഡികെ ശിവകുമാറിനേയും സിദ്ധരാമയ്യേയും ഇന്ന് എ ഐ സി സി അധ്യക്ഷന്‍ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിനായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധികം താമസിക്കില്ലെന്നും കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നും കർണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഞായറാഴ്ച രാത്രി അറിയിച്ചിരുന്നു.

"പാർട്ടി നേതൃത്വം തീരുമാനമെടുക്കും, ഖാർഗെ സാഹബിന്റെ വിധിക്ക് പകരം വയ്ക്കാൻ എനിക്ക് കഴിയില്ല. അദ്ദേഹം വളരെ സീനിയറായ നേതാവാണ്. അദ്ദേഹത്തിനെ അറിയൂ, അദ്ദേഹം കർണാടകയുടെ മണ്ണിന്റെ മകനാണ്, അതുകൊണ്ട് തന്നെ തീരുമാനം എടുക്കാന്‍ അധിക സമയം എടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.'' - ബെംഗളൂരുവിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സുർജേവാല പറഞ്ഞു.
ആദ്യത്തെ മന്ത്രി സഭായോഗത്തില്‍ തന്നെ പാർട്ടിയുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്നും സുർജേവാല വ്യക്തമാക്കുന്നു. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയുടെ പേര് തിരഞ്ഞെടുക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അധികാരപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) ഏകകണ്‌ഠേന കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.
"കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ പുതിയ നേതാവിനെ നിയമിക്കാൻ എഐസിസി പ്രസിഡന്റിന് ഇതിനാൽ അധികാരമുണ്ടെന്ന് കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി ഏകകണ്ഠമായി തീരുമാനിക്കുന്നു," പ്രമേയത്തിൽ പറയുന്നു. ഞായറാഴ്ച രാത്രി ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ആരംഭിച്ച കോണ്‍ഗ്രസിന്റെ ആദ്യ നിയമസഭാ കക്ഷി യോഗം പുലർച്ചെ 1.30 വരെ നീണ്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 135 എം എൽ എമാരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിൽ നിരീക്ഷകരായി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയും പാർട്ടി നേതാക്കളായ ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരും പങ്കെടുത്തു. സിദ്ധരാമയ്യ, ഡികെ ശിവകുമാർ, കെസി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയ പാർട്ടി നേതാക്കളും യോഗത്തിലുണ്ടായിരുന്നു.

"കോൺഗ്രസ് പാർട്ടിയുടെ ഓരോ എം എല്‍ എമാരേയും വ്യക്തിപരമായി കാണുന്ന വലിയ ഭാരിച്ച പണി പൂർത്തിയായി. നിരീക്ഷകർ എല്ലാ എം എൽ എമാരെയും വെവ്വേറെ കണ്ടു അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇനി അവർ കോൺഗ്രസ് നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും, അതിനുശേഷം ഞങ്ങൾ അടുത്ത നേതാവിനെ പ്രഖ്യാപിക്കും. " രൺദീപ് സിങ് സുർജേവാല മാധ്യമപ്രവർത്തകരോട് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ എം എല്‍ എമാരും സിദ്ധരാമയ്യക്ക് പിന്തുണ നല്‍കിയെന്നാണ് സൂചന. 2006ൽ മുൻ പ്രധാനമന്ത്രി ദേവഗൗഡ ജെഡി(എസ്)ൽ നിന്ന് പുറത്താക്കിയ ശേഷം കോണ്‍ഗ്രസിലേക്ക് എത്തിയ വ്യക്തിയാണ് സിദ്ധരാമയ്യ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കോണ്‍ഗ്രസിലെ ജനകീയ നേതാവായി അദ്ദേഹം മാറി. 1983-ൽ നിയമസഭയിൽ അരങ്ങേറ്റം കുറിച്ച സിദ്ധരാമയ്യ ലോക്ദൾ പാർട്ടി ടിക്കറ്റിൽ ചാമുണ്ഡേശ്വരിയിൽ നിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.
ചാമുണ്ഡേശ്വരിയിൽ നിന്ന് അഞ്ച് തവണ വിജയിച്ച അദ്ദേഹം മൂന്ന് തവണ പരാജയം രുചിച്ചു. 2008ൽ കെപിസിസി തിരഞ്ഞെടുപ്പ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായിരുന്നു. 2013-18 കാലയളവിൽ കോൺഗ്രസ് സർക്കാരിന്റെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നിലവില്‍ പ്രതിപക്ഷ നേതാവാണ്. വരുണ മണ്ഡലത്തിൽ ബി ജെ പിയുടെ മന്ത്രി കൂടിയായ വി സോമണ്ണയെ 46,006 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് സിദ്ധരാമയ്യ ഇത്തവണ വിജയിച്ചത്.












Click it and Unblock the Notifications