സിദ്ധരാമയ്യ സര്‍ക്കാരിലേക്ക് കൂടുതല്‍ മന്ത്രിമാര്‍; 24 പേര്‍ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും
ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ കൂടുതല്‍ മന്ത്രിമാര്‍ ഉടന്‍ എത്താന്‍ സാധ്യത. 24 മന്ത്രിമാര്‍ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, എന്നിവര്‍ കേന്ദ്ര നേതാക്കളുമായി ദില്ലിയില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് തീരുമാനിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച്ച രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ കാണും. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഔദ്യോഗികമായ അനുമതി ലഭിക്കുന്നതിന് വേണ്ടിയാണിത്. മെയ് ഇരുപതിനാണ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തത്. ഒപ്പം എട്ട് എംഎല്‍എമാരും ഇതോടൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്ക് അടക്കമുള്ളവരായിരുന്നു നേരത്തെ സത്യപ്രതിജ്ഞ ചെയ്തവര്‍. അതേസമയം ഇതുവരെ ആര്‍ക്കും വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല. ഇത് സംസ്ഥാനത്താകെ വലിയ വിവാദമായിട്ടുണ്ട്. വകുപ്പുകള്‍ വിഭജിക്കാതെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാനാവില്ല.
ബിജെപി ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനെ കോണ്‍ഗ്രസും പ്രതിരോധിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ കാലത്ത് മന്ത്രിസഭയില്‍ ഏക മന്ത്രിയായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി.
അതേസമയം കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് വകുപ്പുകളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. കാരണം മികച്ച വകുപ്പുകള്‍ വിവിധ സമുദായങ്ങളെ നോക്കി നല്‍കേണ്ടി വരും. ലിംഗായത്തുകളെ പിണക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. മുഖ്യമന്ത്രി സ്ഥാനം അവര്‍ക്ക് ലഭിച്ചിരുന്നില്ല. പക്ഷേ മികച്ച മന്ത്രിസ്ഥാനം തന്നെ അവര്‍ക്ക് നല്‍കേണ്ടി വരും.
ഉപമുഖ്യമന്ത്രി പദവും അവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇതോടെ ആഭ്യന്തര മന്ത്രി പദം അടക്കമുള്ള നിര്‍ണായക പദവികള്‍ ലിംഗായത്തുകള്‍ക്ക് നല്‍കേണ്ടി വരും. നിരവധി പേര്‍ക്ക് മന്ത്രിസ്ഥാനം ലിംഗായത്ത് വിഭാഗത്തിനായി ലഭിക്കാന്‍ സാധ്യതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് അധികം സമയം ഇല്ലാത്തതിനാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വേഗത്തില്‍ വാഗ്ദാനം പാലിക്കുന്നതിനായിരിക്കും പ്രാധാന്യം നല്‍കുന്നത്.
വാഗ്ദാനം നല്‍കിയ കാര്യങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാലിച്ചാല്‍, കോണ്‍ഗ്രസിന് അത് ഉയര്‍ത്തി കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാം. 28 സീറ്റുകള്‍ കര്‍ണാടകയിലുണ്ട്. അതുകൊണ്ട് വളരെ നിര്‍ണായകമാണ് ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. മുന്‍ സര്‍ക്കാരിന്റെ എല്ലാ നയങ്ങളും പുനപ്പരിശോധിക്കുമ്പോള്‍ പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലീം സംവരണം റദ്ദാക്കിയത്. ഹിജാബ് നിരോധനം, മതംമാറ്റ നിരോധന നിയമം, എന്നിവ പിന്‍വലിക്കാനാണ് സാധ്യത. കര്‍ണാടകയുടെ സാമ്പത്തിക നയങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന ഏതൊരു നിയമത്തെയും മാറ്റുമെന്നും പ്രിയങ്ക് പറഞ്ഞു. സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ബജ്രംഗ്ദളിനെ നിരോധിക്കുമെന്നും പ്രിയങ്ക് വ്യക്തമാക്കി.












Click it and Unblock the Notifications