ജുമാ നിസ്കാരത്തിന് ഇടമില്ലേ... മുസ്ലീംങ്ങൾക്ക് ഗുരുദ്വാരകള്‍ തുറന്ന് കൊടുത്ത് സിഖ് സമുദായം
ദില്ലി: ഗുഡ്ഗാവില്‍ മുസ്ലീംങ്ങള്‍ക്ക് നമാസിനായി ഗുരുദ്വാരകള്‍ തുറന്ന് കൊടുത്ത് സിഖ് സമുദായം. തീവ്രഹിന്ദുത്വവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗുഡ്ഗാവില്‍ ചിലയിടത്ത് മുസ്ലീംങ്ങള്‍ക്ക് നമസ്‌ക്കാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികള്‍ എതിര്‍പ്പ് ഉന്നയിക്കുന്നു എന്ന് പറഞ്ഞാണ് വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് അനുമതി ഉണ്ടായിരുന്ന 37 ഇടങ്ങളില്‍ ഗുഡ്ഗാവ് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഗുഡ്ഗാവിലെ അഞ്ച് ഗുരുദ്വാരകള്‍ മുസ്ലീംങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് വേണ്ടി തുറന്ന് കൊടുത്തത്.
ഗുരുദ്വാര എന്നത് ഗുരുവിന്റെ ഭവനമാണെന്നും ഏത് സമുദായത്തില്‍പ്പെട്ടവര്‍ക്കും ഇവിടെ വരികയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യാം എന്നും പറയുന്നു ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭയുടെ പ്രസിഡണ്ടായ ഷെര്‍ദില്‍ സിംഗ് സിദ്ധു. മുസ്ലീം സമുദായത്തിന് പ്രാര്‍ത്ഥന നടത്തുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഗുരുദ്വാരകളില്‍ വന്ന് പ്രാര്‍ത്ഥിക്കാം. ഗുരുദ്വാരയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്ന് കിടക്കുകയാണ് എന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

സദര്‍ ബസാര്‍, സെക്ടര്‍ 39, സെക്ടര്‍ 46, മോഡല്‍ ടൗണ്‍, ജാക്കോബ്പുര എന്നിവിടങ്ങളിലെ ഗുരുദ്വാരകളിലാണ് മുസ്ലീംങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഈ അഞ്ച് ഗുരുദ്വാരകള്‍ക്കും ഒരു സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്. വെള്ളിയാഴ്ച ഗുരു നാനാക് ദേവിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുകയാണ് സിഖ് സമൂഹം. ഈ ഗുരുദ്വാരകളില്‍ രണ്ടായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് ഷെര്‍ദില്‍ സിംഗ് സിദ്ധു പറഞ്ഞു. എന്നാല്‍ മുപ്പതോ നാല്‍പ്പതോ പേരടങ്ങുന്ന സംഘമായി വരാനും കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കാനും ആണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ ഔദ്യോഗികമായി തന്നെ പരിപാടിക്ക് അനുവാദം വാങ്ങും എന്നും അദ്ദേഹം വ്യക്തമാക്കി.
ഗുഡ്ഗാവില്‍ ഇസ്ലാം മതവിശ്വാസങ്ങളുടെ വെള്ളിയാഴ്ച കൂട്ട നിസ്‌കാരത്തിന് എതിരെ തീവ്രഹിന്ദുത്വ സംഘടനകളില്‍ ചിലര്‍ ഏറെ നാളുകളായി എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ട്. ചിലയിടങ്ങളില്‍ നമാസ് ഇവര്‍ തടസ്സപ്പെടുത്തുന്ന സ്ഥിതി വരെയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സംയുക്ത ഹിന്ദു സംഘര്‍ഷ സമിതി എന്ന സംഘടന മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്ന സ്ഥലത്ത് പൂജ നടത്തിയിരുന്നു. മാത്രമല്ല സെക്ടര്‍ 12ല്‍ നമാസ് നടന്നിരുന്ന ഇടത്ത് തങ്ങള്‍ക്ക് വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കണം എന്നാണ് ഇവര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളുടെ എതിര്‍പ്പ് എന്ന് കാരണം പറഞ്ഞ് ജില്ലാ ഭരണകൂടം പ്രാര്‍ത്ഥനയ്ക്ക് അനുമതി ഉണ്ടായിരുന്ന ഇടങ്ങളില്‍ അനുവാദം നിഷേധിച്ചിരിക്കുന്നത്.












Click it and Unblock the Notifications