സിംഗൂരിലെ ഭൂമി ഏറ്റെടുക്കല്‍; ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി, ടാറ്റക്ക് 765.78 കോടി നഷ്ടപരിഹാരം നല്‍കണം
കൊല്‍ക്കത്ത: സിംഗൂരിലെ നാനോ കാര്‍ നിര്‍മാണ ഫാക്ടറി അടച്ചുപൂട്ടിയ കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി. പൊതുജനപ്രക്ഷോഭത്തെ തുടര്‍ന്ന് ഫാക്ടറി അടച്ച് പൂട്ടേണ്ടിവന്നതിന് ടാറ്റ കമ്പനിക്ക് ബംഗാള്‍ സര്‍ക്കാര്‍ 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ വിധിച്ചു. 2016 സെപ്റ്റംബര്‍ മുതല്‍ 11 ശതമാനം പിഴപ്പലിശയും നിയമനടപടികള്‍ക്കുള്ള ചെലവായി ഒരുകോടി രൂപയും നല്‍കണമെന്നും മൂന്നംഗ ട്രൈബ്യൂണല്‍ വിധിച്ചിട്ടുണ്ട്.
2008 ല്‍ 1500 കോടി മുടക്കിയാണ് സിംഗൂരിലെ ഫാക്ടറി ആരംഭിച്ചത്. ബംഗാളില്‍ സി പി എം നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു ഇത്. സിംഗൂരില്‍ 997 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയാണ് ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്ക് അനുമതി നല്‍കിയത്. എന്നാല്‍ കൃഷി ഭൂമി കൈയേറി എന്ന് ആരോപിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങിയതോടെ പദ്ധതി നിന്നു.

34 വര്‍ഷം നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിക്കാനും ഇത് കാരണമായി. അന്നത്തെ പ്രതിപക്ഷ നേതാവ് മമത ബാനര്‍ജിയാണ് പിന്നീട് സംസ്ഥാനം ഭരിക്കുന്നത്. 2008 ല്‍ പദ്ധതി ഉപേക്ഷിച്ച ടാറ്റ പിന്നീട് ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ഫാക്ടറിക്കായി മറ്റൊരു സ്ഥലം നല്‍കാമെന്ന് മമത വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍ ടാറ്റ അത് നിരസിച്ചു. ഇടത് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് നല്‍കിയ 154 കോടി രൂപയ്ക്കു നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ടാറ്റയുടെ ആവശ്യം. സര്‍ക്കാര്‍ നിയമ വിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടിക്കൊടുവില്‍ 2016 ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരുമായുണ്ടാക്കിയ പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ടാറ്റാ മോട്ടോഴ്‌സ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
കേസില്‍ പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനെതിരെ നടത്തിയ മധ്യസ്ഥ നടപടികളില്‍ കമ്പനി വിജയിച്ചു എന്നാണ് ടാറ്റ മോട്ടോഴ്സ് തിങ്കളാഴ്ച അറിയിച്ചത്. സിംഗൂരിലെ ഉപേക്ഷിക്കപ്പെട്ട കാര്‍ നിര്‍മാണ ശാലയില്‍ നടത്തിയ നിക്ഷേപത്തില്‍ മൂലധന നഷ്ടം ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. അന്തിമ ട്രൈബ്യൂണല്‍ വിധി വന്നതോടെ മധ്യസ്ഥ നടപടികള്‍ അവസാനിച്ചതായി കമ്പനി അറിയിച്ചു.












Click it and Unblock the Notifications