സോളാര്‍ കേസ് അങ്ങ് ദില്ലിയിലും എത്തി... ഉമ്മന്‍ ചാണ്ടിയെ കേന്ദ്രം കുടുക്കുമോ?
ദില്ലി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി ഒരുകോടി തൊണ്ണൂറ് ലക്ഷം രൂപ നല്‍കി എന്നായിരുന്നു സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴി. ഉമ്മന്‍ ചാണ്ടിയുടെ ദില്ലിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ദില്ലിയില്‍ വച്ച് 1.1 കോടി രൂപ നല്‍കി എന്നായിരുന്നു സരിത പറഞ്ഞത്.
ഇത് തന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വിനയാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. പണം കൈമാറിയത് ദില്ലിയില്‍ വച്ചാണ് എന്ന് പറഞ്ഞതിനാല്‍ ദില്ലി പോലീസിനും കേസെടുക്കാം. ദില്ലി പോലീസിനെ നിയന്ത്രിയ്ക്കുന്നതാകട്ടെ കേന്ദ്ര സര്‍ക്കാരും.
എന്തായാലും ഈ പണം കൈമാറ്റത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പരിശോധിച്ച് വരികയാണെന്നാണ് ദില്ലി പോലീസ് മേധാവി ബിഎസ് ബസ്സി പറയുന്നത്. മനോരമ ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ദില്ലിയിലും പരാതി
ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി തോമസ് കുരുവിളയ്ക്ക് ദില്ലിയില്‍ വച്ച് പണം നല്‍കി എന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ ഒരു പരാതി നേരത്തേ കിട്ടിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനയായ നവോദയ ആയിരുന്നു പരാതി നല്‍കിയത്.

ചാന്ദ്‌നി ചൗക്കില്‍
ദില്ലി ചാന്ദ്‌നി ചൗക്കിലെ ഷോപ്പിങ് മാളിലെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ വച്ച് പണം നല്‍കി എന്നാണ് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്.

കേസ് പരിഗണനയില്‍
എന്തായാലും പരാതി കിട്ടിയിട്ടുണ്ടെന്ന് ദില്ലി പോലീസ് സമ്മതിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പരിശോധിയ്ക്കുകയാണെന്നാണ് ദില്ലി പോലീസ് മേധാവി ബിഎസ് ബസ്സി മനോരമ ഓണ്‍ലൈനിനെ അറിയിച്ചിട്ടുള്ളത്.

കേരളത്തില്‍ നിന്നും പരാതി
ദില്ലിയില്‍ നിന്ന് മാത്രമല്ല പരാതി കിട്ടിയിട്ടുള്ളത്. ബിജെപി കേരളഘടകം സംസ്ഥാന സെക്രട്ടറി വിവി രാജേഷും ദില്ലി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കേന്ദ്രത്തില്‍ ബിജെപി
ദില്ലി ഭരിയ്ക്കുന്നത് അരവിന്ദ് കെജ്രിവാള്‍ ആണെങ്കിലും അവിടത്തെ പോലീസ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. ഇത് ഉമ്മന്‍ ചാണ്ടിയെ വെള്ളം കുടിപ്പിയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications