'പ്രതികാരത്തിന്റെ രാഷ്ട്രീയം'; അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് മോദി
ദില്ലി; ഉത്തർപ്രദേശിൽ ബിജെപിയോട് പ്രതികാരം ചെയ്യാൻ സമാജ്‌വാദി പാർട്ടി വോട്ടർമാരെ പ്രേരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന നയങ്ങളിൽ ഇത് ഏറെ വ്യത്യസ്തമാണെന്നും മോദി പറഞ്ഞു. യു പിയിലെ തന്റെ ആദ്യ വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
നകലി സമാജ്‌വാദ് (വ്യാജ സോഷ്യലിസം) വേഴ്‌സസ് ഗരീബ് കാ സര്‍ക്കാര്‍ (ദരിദ്രരുടെ സര്‍ക്കാര്‍) എന്നു പറഞ്ഞ മോദി ദരിദ്രർക്കുള്ള വീടുകൾ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള നയങ്ങൾ, മെഡിക്കൽ കോളേജുകൾ, എക്‌സ്പ്രസ് വേകൾ, മുസ്ലീം സ്ത്രീകൾക്ക് വേണ്ടിയുള്ള സംരംഭങ്ങൾ, സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തിയ നടപടി എന്നിവ കേന്ദ്രത്തിലും സംസ്ഥാനത്തും ബി ജെ പി സർക്കാരിന്റെ നേട്ടങ്ങളായി ചൂണ്ടിക്കാട്ടി.

ചിലർ ഒരുപാട് സ്വപ്നം കാണുന്നുണ്ട്. ഉറങ്ങുന്നവർ മാത്രമാണ് സ്വപ്നം കാണുക. യോഗി ആദിത്യനാഥ് ആകട്ടെ ഉയർന്നിരിക്കുകയാണ്. യുപിയുടെ വികസനത്തിനായി പ്രവർത്തിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്, മോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തന്നോട് ഭഗവാന്‍ കൃഷ്ണന്‍ സ്വപ്നത്തില്‍ വന്ന് പറയാറുണ്ടെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു മോദിയുടെ വാക്കുകൾ.
നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും (ഗൗതം ബുദ്ധ നഗർ) നഗരപ്രദേശങ്ങളിലെ പാർപ്പിട പ്രശ്നത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. അഴിമതിയിലൂടെ പ്രദേശത്ത് ഫ്‌ളാറ്റുകള്‍ വാങ്ങിയത് ആയിരക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയെന്ന് മോദി പറഞ്ഞു. മേഖലയിലെ ഫ്ളാറ്റുകൾ പൂർത്തീകരിക്കാൻ സർക്കാർ ഫണ്ട് അനുവദിക്കുമെന്നും മോദി പറഞ്ഞു.
ഉത്തർപ്രദേശിൽ ഒരു മാറ്റം കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പക്ഷേ പ്രതിപക്ഷം പ്രതികാരം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അവർ മത്സരിക്കാൻ ടിക്കറ്റ് അനുവദിച്ചവരുടെ പെരുമാറ്റം ഇതിന് തെളിവാണ്. ക്രിമിനലുകൾ സംസ്ഥാനത്ത് ആഗ്രഹിക്കുന്നത് അവർക്ക് പിന്തുണ നൽകുന്ന സർക്കാരാണെന്നും ഷാംലി, മുസാഫർനഗർ, ബാഗ്പത്, സഹാറൻപൂർ, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് അദ്ദേഹം വെർച്വൽ റാലിയിൽ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ ഓരോ പാവപ്പെട്ട കുടുംബത്തെയും ഇന്ത്യ പരിപാലിക്കുന്നു. 15 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ ലഭിക്കുന്നു. 5 വർഷം മുമ്പ് പാവപ്പെട്ടവർക്കുള്ള റേഷൻ റേഷൻ കടകളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും ഇതേ യുപിയിലാണ്. ഇപ്പോൾ പാവങ്ങൾക്ക് എല്ലാം ലഭിക്കുന്നു. ഇതാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംഭവിച്ച മാറ്റം,പ്രധാനമന്ത്രി അവകാശപ്പെട്ടു.
ചെറുകിട കർഷകരെക്കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചെറുകിട കർഷകർ ഗ്രാമീണ മേഖലയെ മാറ്റി മറിക്കുമെന്നും കർഷക നേതാവും ആർ എൽ ഡി തലവൻ ജയന്ത് ചൗഝരിയുടെ മുത്തച്ഛനുമായ ചൗധരി ചരൺ സിംഗിനെ പ്രതിപാദിച്ച് കൊണ്ട് മോദി പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചെങ്കിലും ബി ജെ പിക്കെതിരെ കർഷകർക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറൻ യുപിയിൽ. ഇവിടെ ജാട്ട് സമുാദായാംഗങ്ങളിൽ കൂടുതലും കർഷകരാണ്. 2017 ൽ ബി ജെ പിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പടിഞ്ഞാറൻ യുപിയിൽ തിരിച്ചടി നേരിട്ടാൽ അത് ബി ജെ പിക്ക് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഈ സാഹചര്യത്തിൽ ജാട്ട് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബി ജെ പി നടത്തുന്നുണ്ട്. സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള ജയന്ത് ചൗധരിയുടെ ആർ എൽ ഡി പാർട്ടിയുമായി സമാജ്വാദി സഖ്യത്തിലാണ് ഇവിടെ മത്സരിക്കുന്നത്.












Click it and Unblock the Notifications