സോണിയ റായ്ബറേലിയെ കൈയ്യൊഴിഞ്ഞ് ഇപ്പോൾ മകന് വേണ്ടി വോട്ട് ചോദിക്കുന്നു; രൂക്ഷവിമർശനവുമായി മോദി
രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും അതിരൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയിരിക്കുകയാണെന്നും ഇത്രയും കാലം റായ്ബറേലിക്ക് വേണ്ടി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ പോലും കോൺഗ്രസിന് അവിടെ സ്ഥാനാർത്ഥിയാക്കാൻ ഇല്ലേയെന്നും മോദി ചോദിച്ചു. ജംഷേദ്പുരിലെ റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.
'കൊവിഡിന് ശേഷം ഒരിക്കൽ പോലും റായ്ബറേലിയിൽ സോണിയ ഗാന്ധി വന്നിട്ടില്ല. ഇപ്പോൾ മകന് വേണ്ടി വോട്ടഭ്യർത്ഥിച്ച് വന്നിരിക്കുകയാണ്. റായ്ബറേലിയെ കുടുംബ സ്വത്താണെന്നാണ് അവർ കരുതുന്നത്. .വയനാട്ടിൽ നിന്ന് റായ്ബറേലിയിലേക്ക് ഓടിയെത്തിയ കോൺഗ്രസ് രാജകുമാരൻ ഇത് എൻ്റെ അമ്മയുടെ സീറ്റാണെന്നാണ് ഇപ്പോൾ എല്ലാവരോടും പറഞ്ഞ് നടക്കുന്നത്. തന്റെ അച്ഛൻ പഠിച്ച സ്കൂളിൽ പോയി ഒരു എട്ട് വയസുകാരൻ പോലും പറയില്ല ഇതെന്റെ സ്കൂൾ ആണെന്ന്. ഈ പാർലമെന്റ് സീറ്റുകളുടെ ഭാവി തന്നെ ഇവർ തകർക്കുകയാണ്. ഈ കുടുംബാധിഷ്ഠിത പാർട്ടികളിൽ നിന്നും ജംഷഡ്പൂരിനെ രക്ഷിക്കേണ്ടതുണ്ട്', മോദി പറഞ്ഞു.

നേരത്തെ സോണിയ രാജ്യസഭയിലേക്ക് മത്സരിച്ചതിനെ മോദി വിമർശിച്ചിരുന്നു. ചില ആളുകള്‍ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പോലും ധൈര്യമില്ലെന്നും അതുകൊണ്ടാണ് രാജ്യസഭയിലേക്ക് മത്സരിച്ചതെന്നുമായിരുന്നു മോദി പറഞ്ഞത്.
അതേസമയം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി പ്രചരണത്തിനായി സോണിയ ഗാന്ധി റായ്ബറേലിയിൽ എത്തിയത്. ഗാന്ധി. തന്നോട് കാണിച്ച അതേ വാത്സ്യല്യം റായ്ബറേലിയിലെ ജനങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മകനെ വിശ്വസിപ്പിച്ച് ഏൽപ്പിക്കുകയാണെന്നുമായിരുന്നു സോണിയ പറഞ്ഞത്. 'നിങ്ങളുടെ സ്നേഹം എന്നെ ഒരുകാലത്തും തനിച്ചാക്കിയിട്ടില്ല. ഞാൻ എന്റെ മകനേയും നിങ്ങളെ ഏൽപ്പിക്കുകയാണ്. നിങ്ങൾ എന്നെ നിങ്ങളുടെ സ്വന്തമെന്ന് കണക്കാക്കിയത് പോലെ രാഹുലിനേയും കാണണം. അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല', എന്നായിരുന്നു സോണിയയുടെ വാക്കുകൾ.
അതേസമയം ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏക സിറ്റിംഗ് മണ്ഡലമായ റായ്ബറേലിയിൽ നാളെയാണ് വോട്ടെടുപ്പ്. രാഹുൽ ഗാന്ധിയുടെ മുൻ മണ്ഡലമായ അമേഠിയിലും നാളെയാണ് വിധിയെഴുത്ത്. ഈ രണ്ട് മണ്ഡലങ്ങളും ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആകെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ബിഹാറില്‍ അഞ്ചും ജമ്മു കശ്‌മീരില്‍ ഒന്നും ജാര്‍ഖണ്ഡ്-3, ലഡാക്ക്-1, മഹാരാഷ്ട്ര-13, ഒഡീഷ-5, ഉത്തർപ്രദേശ്-14, പശ്ചിമബംഗാൾ-7 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.












Click it and Unblock the Notifications