പ്രതിസന്ധിയില്‍ തളരില്ല; 2024 കടക്കാന്‍ കോണ്‍ഗ്രസിന് പുതിയ കമ്മിറ്റി... രാജസ്ഥാനില്‍ ത്രിദിന സമ്മേളനം
ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കവെ പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ സോണിയ ഗാന്ധിയുടെ തീരുമാനം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വെല്ലുവിളികളും മറികടന്ന് വിജയം വരിക്കുക എന്നതാണ് പുതിയ കമ്മിറ്റിയുടെ ദൗത്യം. ഇന്ന് സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഈ തീരുമാനം. പ്രശാന്ത് കിഷോര്‍ 2024ല്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ പര്യാപ്തമായ പദ്ധതി നേരത്തെ സമര്‍പ്പിച്ചിരുന്നു.
ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച എട്ടംഗ സമിതി ഇന്ന് സോണിയയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് പഠന റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറി. തുടര്‍ന്നാണ് പുതിയ ശാക്തീകരണ പ്രവര്‍ത്തന സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെ മഹാസമ്മേളനം വിളിക്കാനും തീരുമാനിച്ചു. മെയ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരിലാണ് സമ്മേളനം. 400 പ്രതിനിധികളാണ് നവസങ്കല്‍പ്പ ചിന്തന്‍ ശിവിറില്‍ പങ്കെടുക്കുക.

പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ മിക്കതും പ്രായോഗികവും ഉപയോഗപ്രദവുമാണ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ പൊതുവികാരം. രാജ്യം നേരിടുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങള്‍ രാജസ്ഥാനിലെ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. കര്‍ഷകര്‍, തൊഴിലാളികല്‍, പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റു പിന്നാകെ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാജസ്ഥാന്‍ സമ്മേളനത്തില്‍ നടക്കും. സംഘടനാ പുനഃസംഘടന സംബന്ധിച്ചും ചര്‍ച്ച ചെയ്യും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് എല്ലാ വെല്ലുവിളികളും മറികടന്ന് വിജയിക്കാന്‍ വേണ്ട പദ്ധതി സമ്മേളനം രൂപീകരിക്കുമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസില്‍ ചേരുന്നതില്‍ രണ്ടഭിപ്രായങ്ങളാണ് കോണ്‍ഗ്രസില്‍. ഒരു വിഭാഗം കിഷോര്‍ പാര്‍ട്ടിയില്‍ ചേരണമെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ മറ്റു പാര്‍ട്ടികളുടെയും ഉപദേശകനായ കിഷോറിനെ കോണ്‍ഗ്രസിലെടുത്ത് പുതിയ ദൗത്യം നല്‍കുമ്പോള്‍ രണ്ടുതവണ ആലോചിക്കണമെന്ന് മറ്റുചില നേതാക്കള്‍ പറയുന്നു. ഞങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളാണ് കിഷോര്‍ പദ്ധതിയായി അവതരിപ്പിച്ചത് എന്ന് പറയുന്ന ചില നേതാക്കളും കോണ്‍ഗ്രസിലുണ്ട്.
കെസി വേണുഗോപാല്‍, ദിഗ്‌വിജയ് സിങ്, അംബിക സോണി, രണ്‍ദീപ് സുര്‍ജേവാല, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി, ചിദംബരം എന്നിവരുള്‍പ്പെട്ട സമിതിയാണ് കിഷോറിന്റെ പദ്ധതി സംബന്ധിച്ച് പഠിച്ചത്. രാഹുല്‍ ഗാന്ധിയുമായി ആലോചിച്ച ശേഷം പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിബന്ധനകളോടെ കിഷോറിന്റെ പദ്ധതി അംഗീകരിക്കാനും അദ്ദേഹത്തെ പാര്‍ട്ടിയിലെടുക്കാനുമാണ് ആലോചന.












Click it and Unblock the Notifications