സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്? ചര്‍ച്ചയായി പുതിയ ട്വീറ്റ്, അമിത് ഷാ ഇഫക്ടോ
കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലിറങ്ങുമോ? അദ്ദേഹത്തിന്റെ പുതിയ ട്വീറ്റാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഒരുമിച്ച് അദ്ദേഹം ഭക്ഷണം കഴിച്ചതും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ ആലോചിക്കുന്നുവെന്നാണ് ഗാംഗുലി ട്വീറ്റില്‍ പറയുന്നത്. അതേസമയം, ഗാംഗുലി തൃണമൂല്‍ കോണ്‍ഗ്രസിലാണ് ചേരാന്‍ സാധ്യതയെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇതുസംബന്ധിച്ച് അദ്ദേഹം മനസ് തുറന്നിട്ടില്ല.
1992ലാണ് സൗരവ് ഗാംഗുലി ക്രിക്കറ്റ് ലോകത്ത് സജീവമായത്. ഇപ്പോള്‍ 30 വര്‍ഷം പിന്നിടുന്നുവെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ക്രിക്കറ്റില്‍ നിന്ന് തനിക്ക് ഒരുപാട് നേട്ടങ്ങളുണ്ടായി. ആരാധകരുടെ പിന്തുണയാണ് വളരെ പ്രധാനപ്പെട്ടത്. ഇന്നത്തെ ഈ അവസ്ഥയില്‍ എത്തുമ്പോള്‍ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഇന്ന് പുതിയ തുടക്കത്തിന് ഞാന്‍ പദ്ധതിയിടുകയാണ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യമാണ് തുടങ്ങുന്നത്. ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുമ്പോഴും നിങ്ങളുടെ പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും സൗരവ് ഗാംഗുലി തന്റെ ട്വീറ്റില്‍ പറയുന്നു.

ഗാംഗുലിയുടെ ഈ ട്വീറ്റ് വളരെ പെട്ടെന്ന് ട്രെന്‍ഡായി. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോകുന്നു എന്ന പ്രചാരണത്തിനും കാരണമായി. ചിലര്‍ വിലയിരുത്തിയത് ഗാംഗുലി ബിജെപിയിയില്‍ ചേരുമെന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭിപ്രായപ്പെട്ടവരും നിരവധി. അടുത്തിടെ അമിത് ഷായുമായി അദ്ദേഹം ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ഗാംഗുലിയുടെ വിരുത്തില്‍ അമിത് ഷാ പങ്കെടുക്കുകയാണ് ചെയ്തത്. ഇത് ബിജെപിയിലേക്ക് ഗാംഗുലി അടുക്കുന്നു എന്ന സൂചനയാണെന്ന് നിരവധി പേര്‍ പറയുന്നു.
മെയ് ആറിന് അമിത് ഷാ കൊല്‍ക്കത്തയിലെത്തിയ വേളയില്‍ ഗാംഗുലിയുടെ വീട്ടിലായിരുന്നു അത്താഴം. ബിജെപിയില്‍ ചേരുമോ എന്നായിരുന്നു തൊട്ടുപിന്നാലെ ഗാംഗുലിയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അമിത് ഷായെ ഏറെ കാലമായി തനിക്ക് അറിയുന്ന വ്യക്തിയാണ് എന്ന് ഗാംഗുലി മറുപടിയും നല്‍കി. അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ വിക്ടോറിയ മെമ്മോറിയയില്‍ ഗാംഗുലിയുടെ ഭാര്യ ഡോണ നൃത്തം അവതിപ്പിക്കുകയും ചെയ്തിരുന്നു. അത്താഴത്തിന് ഗാംഗുലിയും ഭാര്യയും സഹോദരനും ഭാര്യയുമാണുണ്ടായിരുന്നത്.
അമിത് ഷാക്കൊപ്പം ബിജെപി നേതാക്കളായ സ്വപന്‍ ദാസ് ഗുപ്ത, സുകന്ത മജുംദാര്‍, സുവേന്ദു അധികാരി എന്നിവരുമുണ്ടായിരുന്നു. അത്താഴ വിരുന്ന് ഒരുപാട് ഊഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 2008 മുതല്‍ അമിത് ഷായെ എനിക്കറിയാം. കളിയില്‍ സജീവമായിരുന്ന കാലത്തും ഞാന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്താറുണ്ട്. അതില്‍ കവിഞ്ഞ് ഒന്നുമില്ല. ഇപ്പോള്‍ ജയ് ഷായോടൊപ്പമാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചര്‍ച്ചകള്‍ കാട് കയറിയതോടെ ബിസിസിഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ് ഷാ പ്രതികരണവുമായി രംഗത്തുവന്നു. ഗാംഗുലി ഇപ്പോഴും ബിസിസിഐ പ്രസിഡന്റാണ് എന്നായിരുന്നു ജയ് ഷാ പറഞ്ഞത്.












Click it and Unblock the Notifications