ലോക്‌സഭയിലേക്ക് മല്‍സരിക്കില്ലെന്ന് സുമലത; കുമാരസ്വാമിക്ക് വേണ്ടി പ്രചാരണം, ബിജെപിയില്‍ ചേരും
ബെംഗളൂരു: നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. 2019ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച സുമലത പിന്നീട് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെയാണ് കര്‍ണാടകയില്‍ ബിജെപിയും ജെഡിഎസും സഖ്യത്തിലെത്തിയത്. ഇതോടെ സുമലതയുടെ മാണ്ഡ്യ സീറ്റ് വേണമെന്ന് ജെഡിഎസ് അധ്യക്ഷന്‍ കുമാരസ്വാമി ആവശ്യപ്പെട്ടു. ഇതില്‍ വഴങ്ങിയാണ് ഒടുവില്‍ സുമലത നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് സുമലത അറിയിച്ചു. ബിജെപി-ജെഡിഎസ് സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കുമാരസ്വാമിയാണ് മാണ്ഡ്യയില്‍ ജനവിധി തേടുന്നത്. കുമാരസ്വാമിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് സുമലത പറഞ്ഞു. 2019ല്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത പാര്‍ലമെന്റിലെത്തിയത്.

സുമലതയും കുമാരസ്വാമിയും മാണ്ഡ്യയില്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ബിജെപി സഖ്യം തോല്‍ക്കുമെന്ന് ഉറപ്പാണ്. സുമലതയുടെ പിന്തുണയില്ലാതെ മാണ്ഡ്യയില്‍ കുമാരസ്വാമിക്ക് ജയം അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ച കുമാരസ്വാമി സുമലതയുമായി ചര്‍ച്ച നടത്തിയതും അവരുടെ പിന്തുണ തേടിയതും.
മാണ്ഡ്യയില്‍ ഇന്ന് അനുയായികളുടെ യോഗം വിളിച്ചു ചേര്‍ത്ത ശേഷമാണ് സുമലത നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഇത്തവണ മല്‍സരിക്കില്ലെന്ന് വ്യക്തമാക്കിയ സുമലത, താന്‍ മാണ്ഡ്യ വിട്ടുപോകില്ലെന്നും പറഞ്ഞു. ചിലര്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുന്നത് കാണാം. എന്നാല്‍ താന്‍ സീറ്റ് വിട്ടുകൊടുത്ത് ബിജെപിയില്‍ ചേരുകയാണെന്നും സുമലത പറഞ്ഞു.
സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയാണെങ്കില്‍ തനിക്ക് ചില കാര്യങ്ങള്‍ തെളിയിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം. ആര്‍ക്കാണ് നഷ്ടം. തന്റെ താല്‍പ്പര്യങ്ങളല്ല വലുത്. ബെംഗളൂരു നോര്‍ത്ത്, ചിക്കബല്ലാപൂര്‍, മൈസൂര്‍, കൊടക് എന്നിവിടങ്ങളില്‍ മല്‍സരിക്കാമെന്ന ബിജെപിയുടെ വാഗ്ദാനം നിരസിക്കുന്നു. മാണ്ഡ്യയിലെ ജനങ്ങളോടൊപ്പം നില്‍ക്കുകയാണെന്നും സുമലത പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേരുന്നില്ല. ഒരു പാര്‍ട്ടി എന്ന നിലയില്‍ അവര്‍ക്ക് തന്നെ ആവശ്യമില്ല. എല്ലാ വിഷയത്തിലും ബിജെപി നേതൃത്വം തന്നെ വിശ്വാസത്തിലെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി പോലും തന്നെപോലുള്ളവരുടെ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു. മറ്റു തീരുമാനങ്ങളൊന്നും എടുക്കരുതെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ താന്‍ ബിജെപിയെ ബഹുമാനക്കണമോ വേണ്ടയോ എന്ന് നിങ്ങള്‍ പറയൂ എന്ന് സുമലത പ്രവര്‍ത്തകരോടായി ചോദിച്ചു. തുടര്‍ന്നാണ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്.
2019ല്‍ സുമലതയും നിഖില്‍ കുമാരസ്വാമിയും തമ്മിലായിരുന്നു മാണ്ഡ്യയിലെ മല്‍സരം. 1.25 ലക്ഷം വോട്ടിന് സുമലത ജയിക്കുകയായിരുന്നു. ഭര്‍ത്താവ് അംബരീഷ് കോണ്‍ഗ്രസുകാരനായിരുന്നു. അദ്ദേഹം മല്‍സരിച്ചതും കേന്ദ്രമന്ത്രിയായതുമെല്ലാം അങ്ങനെയാണ്. എന്നാല്‍ അംബരീഷിന്റെ മരണ ശേഷം കളത്തിലിറങ്ങിയ സുമലത സ്വതന്ത്ര്യയായി മല്‍സരിക്കാനാണ് തീരുമാനിച്ചത്. 2019ല്‍ സുമലതയ്ക്ക് ടിക്കറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് മല്‍സരിച്ചത്. ഇന്ന് ജെഡിഎസ് ബിജെപിക്കൊപ്പമാണ്.












Click it and Unblock the Notifications