സുനന്ദയുടെ മരണ കാരണം വിഷം; അന്വേഷണത്തിന് ശുപാര്‍ശ
ദില്ലി:കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മ. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യം പരിശോധിക്കാന്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി.
സുനന്ദയുടെ കുടുംബാംഗങ്ങള്‍ ആരും തന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ചിട്ടില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ശശി തരൂരിനെതിരേയും ആരും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നാണ് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

ജനുവരി 17 നാണ് ദില്ലിയിലെ ഹോട്ടല്‍ ലീല പാലസില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടെന്നുള്ള അസ്വാഭാവിക മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ആദ്യം വ്യക്തമാക്കിയത്. അമിതമായ മരുന്ന് ഉപയോഗം ആണ് മരണത്തില്‍ കലാശിച്ചതെന്ന് വിശദമായ പരിശോധനക്ക് ശേഷം വ്യക്തമായി.
സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്.
പോലീസ് അന്വേഷണത്തില്‍ മരണം ആത്മഹത്യയോ കൊലപാതകമോ ആണെന്ന് തെളിഞ്ഞാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മരണമായതിനാല്‍ ശശി തരൂരിനെതിരെ കേസെടുക്കേണ്ടി വരും എന്ന് തന്നെയാണ് സൂചന.
കേസ് എടുത്താല്‍ പോലും തരൂര്‍ മന്ത്രി സ്ഥാനം രാജി വച്ചേക്കില്ലെന്നാണ് തരൂരിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സുനന്ദയുടെ മരണം വരും ദിവസങ്ങളിലും ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കും.












Click it and Unblock the Notifications