ബലാത്സംഗക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി; യുവതിയ്‌ക്കെതിരെ സുപ്രീംകോടതി
ന്യൂദല്‍ഹി: തന്നെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈനികന്റെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച രാജസ്ഥാന്‍ ഹൈക്കോടിയുടെ ഉത്തരവിന്മേല്‍ തങ്ങള്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് പരാതിക്കാരിയുടെ ഹര്‍ജി തള്ളിയത്. നിങ്ങള്‍ സ്വന്തം മക്കളെ പോലും ഉപേക്ഷിച്ച് കുറ്റാരോപിതനൊപ്പം ഹോട്ടലുകളില്‍ കറങ്ങി നടക്കുകയായിരുന്നു. തൊട്ടടുത്ത നഗരത്തില്‍ ഒരു മുറിയെടുത്ത് അയാള്‍ക്കൊപ്പം താമസിക്കുക പോലും ചെയ്തു.

ഐ ടി ബി പി (ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) ജവാനായ ഭര്‍ത്താവ് അയച്ചു തന്നിരുന്ന പണമെല്ലാം നിങ്ങള്‍ ഇങ്ങനെയാണ് ചെലവാക്കിയത്, സുപ്രീംകോടതി നിരീക്ഷിച്ചു. അതിര്‍ത്തിയിലുള്ള പാവപ്പെട്ട ആ ജവാന് തന്റെ ഭാര്യ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയും പ്രതിയും തമ്മില്‍ ഉണ്ടായിരുന്നതെന്ന് എന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും വ്യക്തമാവുന്നതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. 2021 ഡിസംബര്‍ 2 ലാണ് രാജസ്ഥാന്‍ ഹൈക്കോടതി പരാതിക്കാരിയുടെ ഹര്‍ജി തള്ളിയത്.
അതേസമയം എന്തിനാണ് ജാമ്യം അനുവദിച്ചതെന്ന് വ്യക്തമാക്കാതെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. ഗുരുതരമായ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ജാമ്യം അനുവദിക്കുമ്പോള്‍ ചുമത്തിയ കുറ്റങ്ങളില്‍ പ്രതിയ്ക്ക് പ്രഥമദൃഷ്ട്യാ പങ്കാളിത്തം സൂചിപ്പിക്കുന്ന പ്രസക്തമായ വസ്തുതകള്‍ അവഗണിച്ചു. ഇത്തരമൊരു ഉത്തരവ് നിയമപരമായി ദുര്‍ബലാണ്, ഇത് ഹര്‍ജിക്കാരന്റെ നീതിനിഷേധത്തിലേക്ക് നയിക്കുന്നു'', ഹര്‍ജിയില്‍ പറയുന്നു. തന്നെ ബലാത്സംഗം ചെയ്യുന്നതിനും ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനും പണം തട്ടിയെടുക്കുന്നതിനും പ്രതിയും ഭാര്യാസഹോദരിയും ഭര്‍ത്താവും ശ്രമിച്ചതായി ഇരയായ യുവതി എഫ് ഐ ആറില്‍ ആരോപിച്ചിട്ടുണ്ട്.
പ്രതിയുടെ ഭാര്യാസഹോദരി പരാതിക്കാരിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു, അവിടെ പ്രതിയും ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്നെ മദ്യപിച്ച് ബോധം നഷ്ടപ്പെടുത്തിയെന്നും ബോധം വീണ്ടെടുത്തപ്പോള്‍ പ്രതികള്‍ തന്നെ ബലാത്സംഗം ചെയ്യുകയും ഫോട്ടോയെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന് മനസ്സിലാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ബലാത്സംഗം ആരോടെങ്കിലും അറിയിച്ചാല്‍ തന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഹര്‍ജിയില്‍ പറയുന്നു.
ഹരജിക്കാരിയെ, പ്രതി പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ. ആദിത് ജെയ്ന്‍ പറഞ്ഞു. വാദം സാധൂകരിക്കുന്നതിനായി അദ്ദേഹം ബാങ്ക് ഇടപാടുകളുടെ കണക്കുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം അവഗണിച്ചാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ പ്രതികള്‍ക്ക് രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications