സിദ്ദിഖ് കാപ്പന് ദില്ലിയില്‍ ചികില്‍സ നല്കാന് സുപ്രീംകോടതി നിര്‍ദേശം; യുപിയുടെ എതിര്‍പ്പ് തള്ളി
ദില്ലി: യുപി ജയിലില്‍ രോഗബാധിതനായി കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ദില്ലിയിലെ ഏതെങ്കിലും ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ നല്കാന് സുപ്രീംകോടതി നിര്‍ദേശം. മഥുര ജയിലില്‍ നിന്ന് അദ്ദേഹത്തെ ദില്ലിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ എയിംസിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ ചികില്‍സ നല്‍കാം. രോഗം ഭേദമായ ശേഷം മഥുര ജയിലിലേക്ക് തന്നെ കൊണ്ടുപോകാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എഎസ് ബൊപണ്ണ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. യുപിയില്‍ തന്നെ ചികില്‍സ നല്‍കാമെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചില്ല.

കേരള പത്രപ്രവര്‍ത്തക യൂണിയന് സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജാമ്യത്തിന് വേണ്ടി നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സിദ്ദിഖ് കാപ്പന് സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, യുപിയില്‍ നിന്ന് കാപ്പനെ ദില്ലിയിലേക്ക് മാറ്റുന്നതിനെ യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. ദില്ലിയില്‍ കൊറോണ രോഗം കൂടുതലാണെന്നും കിടക്കകളില്ലാതെ ആശുപത്രികളില്‍ പ്രയാസം നേരിടുന്നുണ്ടെന്നും ദില്ലിയിലേക്ക് മാറ്റുന്നത് അനീതിയായി മാറുമെന്നും തുഷാര്‍ മേത്ത വാദിച്ചു. ജയില്‍ അധികൃതര്‍ കാപ്പന് മതിയായ ചികില്‍സ നല്കാന് ഒരുക്കമാണെന്നും വ്യക്തമാക്കി. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ചികില്‍സാ വിഷയം സുപ്രീംകോടതി ഗൗരവത്തിലെടുത്തിരുന്നു. ദില്ലിയിലേക്ക് മാറ്റിക്കൂടേ എന്നും ചോദിച്ചു. അപ്പോള്‍ തന്നെ യുപി സര്‍ക്കാര്‍ എതിര്‍ത്തു. ഒരു മണിക്ക് അന്തിമ തീരുമാനം അറിയിക്കാന്‍ കോടതി പറഞ്ഞു. തുടര്‍ന്ന് ഒരുമണിക്ക് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൊറോണ രോഗം ഭേദമായെങ്കിലും മറ്റ് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ കാപ്പന് നേരിടുന്നുണ്ടെന്നും കസ്റ്റഡിയിലിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനാണ് സംരക്ഷണത്തിന്റെ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി വ്യക്തമാക്കി.












Click it and Unblock the Notifications