ഗുജറാത്ത് കലാപം; ഗുജറാത്ത് ഹൈക്കോടതിക്ക് തിരിച്ചടി, ടീസ്റ്റക്ക് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂദല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് ടീസ്റ്റ സെതല്‍വാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചു എന്നാണ് ടീസ്റ്റ സെതല്‍വാദിനെതിരായ കേസ്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നാണ് സ്ഥിര ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ടീസ്റ്റയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി വൈരുദ്ധ്യാത്മകമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇവര്‍ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.

എന്നാല്‍ സാക്ഷികളില്‍ നിന്ന് ടീസ്റ്റ അകന്നു നില്‍ക്കണം എന്നും സുപ്രീം കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ ടീസ്റ്റ ശ്രമിച്ചാല്‍ ഗുജറാത്ത് പൊലീസിന് നേരിട്ട് തങ്ങളെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ആണ് ടീസ്റ്റ സെതല്‍വാദിന്റെ ഹര്‍ജി പരിഗണിച്ചത്.
ടീസ്റ്റയുടെ പാസ്പോര്‍ട്ട് സെഷന്‍സ് കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണം എന്നാണ് മറ്റൊരു ജാമ്യ ഉപാധി. ഗുജറാത്ത് കലാപ കാലത്ത് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍, മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 നാണ് ടീസ്റ്റ സെതല്‍വാദിനെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ ടീസ്റ്റ സെതല്‍വാദിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ജൂലൈ 5 ന് നീട്ടി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ജൂലൈ 1 മുതല്‍ സുപ്രീം കോടതി ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റില്‍ നിന്ന് സംരക്ഷിച്ചിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications