വിവാഹത്തിന് മുന്‍പ് ആണും പെണ്ണും അപരിചിതരല്ലേ? ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹത്തിന് മുന്‍പ് ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധങ്ങളില്‍ കര്‍ശനമായ മുന്നറിയിപ്പുമായി സുപ്രീംകോടതി. വിവാഹത്തിനു മുന്‍പ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹിയിലും ദുബായിലും വെച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന യുവതിയുടെ പരാതിയിലാണ് കോടതിയുടെ പ്രതികരണം.
വിവാഹം നടക്കുന്നത് വരെ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം അപരിചിതര്‍ മാത്രമാണെന്ന് ജസ്റ്റിസ് ബിവി. നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തങ്ങള്‍ പഴയ ചിന്താഗതിക്കാരായിരിക്കാം, എങ്കിലും വിവാഹം നടക്കുന്നത് വരെ ആര്‍ക്കും ആരെയും വിശ്വസിക്കാനാകില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. പരസ്പര സമ്മതത്തോടെ ആരംഭിച്ച ബന്ധം പിന്നീട് കക്ഷികള്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന് ശേഷം ക്രിമിനല്‍ കുറ്റമായി മാറുമോ എന്നത് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങളില്‍ വഞ്ചനയ്ക്കുള്ള സാധ്യത കൂടുതലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് 2022-ല്‍ യുവതിയെ പ്രതി പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി പ്രതി യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. ദുബായിലേക്കുള്ള യാത്രകള്‍ ഉള്‍പ്പെടെയുള്ള വിദേശ കൂടിക്കാഴ്ചകളിലും ഈ ബന്ധം തുടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. സ്ത്രീയുടെ സമ്മതമില്ലാതെ സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തത് അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2024 ജനുവരിയില്‍ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹവും കഴിച്ചു.
വിവാഹത്തിന് മുന്‍പ് ദമ്പതികള്‍ ശാരീരികമായി അടുപ്പം കാട്ടുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ പ്രയാസമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹം കഴിക്കുമെന്ന് അത്രയധികം ഉറപ്പുണ്ടായിരുന്നെങ്കില്‍ വിവാഹത്തിന് മുന്‍പ് തന്നെ യുവതി എന്തിനാണ് യുവാവിനൊപ്പം വിദേശ യാത്ര നടത്തിയതെന്ന് കോടതി ചോദിച്ചു. ഇത്തരം കേസുകളില്‍ കടുത്ത ക്രിമിനല്‍ നടപടികള്‍ക്ക് പകരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശാരീരിക ബന്ധങ്ങള്‍ പരസ്പര സമ്മതത്തോടെയാണെങ്കില്‍ അത് മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതാണ് ഉചിതമെന്ന സൂചനയും കോടതി നല്‍കി. കേസ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.












Click it and Unblock the Notifications