യശ്വന്ത് വര്‍മ ഇപ്പോഴും ജഡ്ജി, അല്‍പം ബഹുമാനമൊക്കെ നല്‍കാം: അഭിഭാഷകന് താക്കീതുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജിയെച്ചൊല്ലി സുപ്രീം കോടതിയില്‍ വാക്കുതര്‍ക്കമുണ്ടായി. ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാനും സുപ്രീം കോടതി വിസമ്മതിച്ചു.
ഈ വര്‍ഷം ആദ്യം ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ കണക്കില്‍പെടാത്ത ലക്ഷക്കണക്കിനു തുക കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോപണ നിഴലിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ലോക്‌സഭയില്‍ പാര്‍ലമെന്റ് സമ്മേളന നടപടികള്‍ തുടങ്ങിയതിന് പിന്നാലെ യശ്വന്ത് വര്‍മ്മയ്‌ക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് സുപ്രീംകോടതിയിലും ഹര്‍ജി എത്തിയത്.

മലയാളിയും അഭിഭാഷകനുമായ മാത്യുസ് ജെ നെടുമ്പാറയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് വര്‍മ്മയുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ഹര്‍ജിയില്‍ ആയിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിലാണ് ഹര്‍ജി എത്തിയത്. ഈ വിഷയത്തില്‍ തന്റെ മൂന്നാമത്തെ ഹര്‍ജിയാണിതെന്നും ഇത് അടിയന്തരമായി പരിഗണിക്കണമെന്നും മാത്യൂസ് നെടുമ്പാറ ആവശ്യപ്പെട്ടു. എന്നാല്‍ ജസ്റ്റിസ് വര്‍മ്മയ്ക്കെതിരായ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
നേരത്തെ സമാനമായി ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു തവണ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോകുന്ന സാഹചര്യമായിരുന്നു. യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത്.
ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മ്മയെ 'വര്‍മ്മ' എന്ന് മാത്രം ഹര്‍ജിക്കാരനായ മാത്യൂസ് നെടുമ്പാറ പരാമര്‍ശിച്ചത് സുപ്രീം കോടതിയുടെ അതൃപ്തിക്ക് ഇടയാക്കി. ഹര്‍ജി ഇപ്പോള്‍ തന്നെ തള്ളണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. മാത്യൂസ് നെടുമ്പാറയോട്, ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിലവില്‍ ജഡ്ജി ആണെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
താങ്കളുടെ സുഹൃത്താണോ ജസ്റ്റിസ് വര്‍മ്മയെന്നും ആണെങ്കില്‍ തന്നെ സിറ്റിങ് ജഡ്ജിയാണ് അദ്ദേഹമെന്നും അഭിസംബോധന ചെയ്യുന്നതില്‍ കുറച്ചെങ്കിലും മാന്യത പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്ര ബഹുമാനം മാത്രമേ തനിക്ക് അദ്ദേഹത്തിന് നല്‍കാനാകൂ എന്നും ആ പദവിയുടെ മഹത്വം അദ്ദേഹത്തിന് ബാധകമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും മാത്യൂസ് നെടുമ്പാറ മറുപടി നല്‍കി. ഹര്‍ജി ഉടനടി പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഇതോടെ കോടതിയില്‍ ആജ്ഞാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരത്തില്‍ ചെറിയ വാക്ക് തര്‍ക്കത്തിന് സുപ്രീം കോടതി സാക്ഷ്യം വഹിച്ചു. മാത്യസ് നെടുമ്പാറയുടെ ഹര്‍ജിയില്‍ തുടര്‍ നടപടികളൊന്നും തീരുമാനിക്കാനും സുപ്രീംകോടതി തയ്യാറായില്ല.
ഔദ്യോഗിക വസതിയില്‍ കണക്കില്‍പെടാത്ത വന്‍ തുക കണ്ടെത്തിയതിന് പിന്നാലെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്.












Click it and Unblock the Notifications