സുരേഷ് ഗോപിക്ക് എത്ര രൂപ ശമ്പളം കിട്ടും; തുക എന്ത് ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറയുന്നു
ന്യൂഡല്‍ഹി: എല്‍ഡിഎഫിനോടും യുഡിഎഫിനോടും മല്‍സരിച്ച് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച് തൃശൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവാണ് നടന്‍ സുരേഷ് ഗോപി. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയായി അദ്ദേഹം ഇന്ന് ചുമതലയേറ്റു. ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന കേരളത്തിന് സുരേഷ് ഗോപിയുടെ മന്ത്രിപദവി നേട്ടമായേക്കും.
സുരേഷ് ഗോപിക്ക് പുറമെ ബിജെപി നേതാവ് ജോര്‍ജ് കുര്യനും ഇത്തവണ കേന്ദ്ര സഹമന്ത്രിയായിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എംപിയല്ലാത്ത അദ്ദേഹം വൈകാതെ രാജ്യസഭ വഴി പാര്‍ലമെന്റിലെത്തുമെന്നാണ് പ്രതീക്ഷ. ചുമതലയേറ്റ ശേഷം സുരേഷ് ഗോപി മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിനിടെ തനിക്ക് കിട്ടുന്ന ശമ്പളം എന്തു ചെയ്യുമെന്ന് വിശദീകരിച്ചു...

നേരത്തെ രാജ്യസഭ എംപിയായിരുന്നു സുരേഷ് ഗോപി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്ന് അദ്ദേഹം ജനവിധി തേടിയിരുന്നു. രണ്ട് തവണയും തോറ്റെങ്കിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചിരിക്കുകയാണ്. രാജ്യസഭാ എംപിയായിരുന്നപ്പോള്‍ ശമ്പളം എന്താണ് ചെയ്തത്, അതു തന്നെ ഇപ്പോഴും ചെയ്യുമെന്നാണ് സുരേഷ് ഗോപി പറയുന്നത്.
തന്റെ ശമ്പളം പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണെന്ന് സുരേഷ് ഗോപി മൂന്ന് വര്‍ഷം മുമ്പ് 24ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു. പന്തളം സുധാകരന്‍ ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എംപി എന്ന നിലയില്‍ കിട്ടിയ ശമ്പളം കൈ കൊണ്ട് തൊട്ടിട്ടില്ലെന്നും എല്ലാം പാവങ്ങള്‍ക്ക് കൊടുത്തിട്ടേയുള്ളൂവെന്നും സുരേഷ് ഗോപി ചര്‍ച്ചയ്ക്കിടെ വിശദീകരിച്ചിരുന്നു.
കേരളത്തിലെ ജനങ്ങള്‍ക്ക് അനിവാര്യതയായുള്ള കാര്യങ്ങള്‍ കേരളം വഴങ്ങിയാല്‍ ഇവിടെ നിന്ന് കൊണ്ടെത്തിച്ച് കൊടുക്കുമെന്ന് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ സുരേഷ് ഗോപി പറഞ്ഞു. നാലിലധികം സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം വര്‍ക്ക് ഫ്രം വര്‍ക്ക് പ്ലേസ് എന്ന രീതിയില്‍ എല്ലാം മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യക്തമാക്കി.
സിനിമ തന്റെ ജീവിത വരുമാനമാണ് എന്ന് സൂചിപ്പിച്ച ശേഷമാണ് സുരേഷ് ഗോപി ശമ്പളം എന്തു ചെയ്യുമെന്ന് വിശദീകരിച്ചത്. രാജ്യസഭ എംപിയായിരുന്ന വേളയില്‍ ചെയ്ത പോലെ ഇതില്‍ നിന്ന് കിട്ടുന്ന ശമ്പളവും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എംപി എന്ന നിലയില്‍ ഒരുലക്ഷം രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. മണ്ഡലം അലവന്‍സായി 70000 രൂപയും പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം, ടെലി കമ്യൂണിക്കേഷന്‍, സ്റ്റേഷനറി എന്നിവയ്ക്ക് 60000 രൂപയും പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ മറ്റ് അലവന്‍സുകളും എംപിമാര്‍ക്ക് കിട്ടും.
2018ലെ ദുരന്ത കാലത്ത് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അത്താവലെ രണ്ട് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. രണ്ട് മാസത്തെ ശമ്പളം എന്ന നിലയില്‍ നാല് ലക്ഷം രൂപയുടെ ചെക്കാണ് അന്ന് അദ്ദേഹം മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയ്ക്ക് കൈമാറിയത്. പ്രധാനമന്ത്രിയുടെ ശമ്പളം 1.66 ലക്ഷമാണ്. അലവന്‍സുകള്‍ വേറെ. രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാല് ലക്ഷം രൂപയുമാണ്.


Click it and Unblock the Notifications