സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നില്‍ പ്രഫഷണല്‍ പോര്? അന്വേഷണം പുതിയ ദിശയില്‍
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത തേടി മുംബൈ പോലീസ്. പ്രഫഷണല്‍ രംഗത്തെ പോര് മരണത്തിന് കാരണമായോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു.
Recommended Video
നടന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം ശരിവയ്ക്കുന്നു. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ മരണത്തിന് പിന്നില്‍ ചിലരുടെ കൈക്കടത്തലുകള്‍ സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണ പരിധി വ്യാപിച്ചത്. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

പോലീസിന്റെ ലക്ഷ്യം
സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നിലെ എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരികയാണ് മുംബൈ പോലീസിന്റെ ലക്ഷ്യം. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ മരണത്തിന് കാരണമായോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രാകരം
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രാകരം നടന്‍ സ്വയം തൂങ്ങി മരിച്ചതാണ്. എന്നാല്‍ വിഷാദരോഗമാണ് നടന്‍ മരണത്തിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഫഷണല്‍ പോരാണ് ഇതിന് കാരണമെന്നും ചര്‍ച്ചകള്‍ വരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് ഇക്കാര്യം അന്വേഷിക്കും- മന്ത്രി ട്വീറ്റ് ചെയ്തു.

സംസ്‌കാരം നടന്നു
ഞായരാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബാന്ദ്രയിലെ വീട്ടില്‍ സുശാന്ത് രജ്പുതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 34കാരനായ നടന്റെ മരണം സിനിമാ ലോകത്തിന് മാത്രമല്ല, രാജ്യത്താകെ ഞെട്ടലുണ്ടാക്കി. തിങ്കളാഴ്ച വൈകീട്ട് വിലേ പാര്‍ളെയിലെ ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.

സിനിമാ രംഗത്തെ പോര്
കങ്കണ റാവത്ത് ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ സിനിമാ രംഗത്തെ പോര് സംബന്ധിച്ച് സൂചിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇതോടെയാണ് എല്ലാ വശവും അന്വേഷിക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്. ചില ബോളിവുഡ് താരങ്ങളുടെ പ്രതികരണങ്ങള്‍ പോലീസ് പ്രത്യേകം പരിശോധിച്ചുവരികയാണ്.

സുശാന്തിനെ തളര്‍ത്തി
ബോളിവുഡിലെ പടലപ്പിണക്കങ്ങള്‍ സുശാന്തിനെ തളര്‍ത്തിയിരുന്നുവെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ പ്രതികരണം. ബോളിവുഡില്‍ സുശാന്ത് കടുത്ത അവഗണന നേരിട്ടിരുന്നുവത്രെ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്. ജുഹുവിലെ ഡോ. ആര്‍എന്‍ കൂപ്പല്‍ ജനറല്‍ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ചില മരുന്നുകള്‍
വിഷാദരോഗത്തിനുള്ള ചില മരുന്നുകള്‍ സുശാന്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തുവെന്നാണ് സൂചന. ഇതാണ് ചില കടുത്ത സമ്മര്‍ദ്ദങ്ങള്‍ താരത്തിനുണ്ടായിരുന്നോ എന്ന സംശയം ഉയരാന്‍ കാരണം. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുമില്ല. സുശാന്തിനെ ചികില്‍സിച്ചിരുന്ന ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ബന്ധുക്കളുടെ ആരോപണം
സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സുശാന്തിന്റെത് കൊലപാതകമാണെന്ന് സംശയിക്കുന്നു എന്നാണ് മാതൃസഹോദന്‍ പറഞ്ഞത്. സുശാന്തിന്റെ പണമിടപാടുകള്‍ പോലീസ് പരിശോധിച്ചു. മാനേജരായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

അഞ്ച് സിനിമകള്‍ മുടങ്ങി
കങ്കണ റാവത്തിന്റെ വിവാദ വെളിപ്പെടുത്തലും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ അഞ്ച് സിനിമകളാണ് മുടങ്ങിയതെന്നും മരണത്തെ കുറിച്ച് ചിലര്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

ഒരു അംഗീകാരവും ലഭിച്ചില്ല
മികച്ച സിനിമകള്‍ സുശാന്ത് രജ്പുതി ചെയ്തിരുന്നു. എന്നിട്ടും ഒരു അംഗീകാരവും ലഭിച്ചില്ല. പഠനത്തിലും താരം മിടുക്കനായിരുന്നു. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ പരത്തുകയാണ്. സിനിമയില്‍ ഗോഡ്ഫാദറില്ലെന്ന് താരം പറഞ്ഞിരുന്നു. മികച്ച സിനിമകള്‍ക്ക് പോലും പുരസ്‌കാരം ലഭിച്ചില്ലെന്നും കങ്കണ പറഞ്ഞു.












Click it and Unblock the Notifications