തെറിക്കുത്തരം മുറിപ്പത്തൽ; ഉദയനിധിയും നിർമല സീതാരാമനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി ഉദയനിധി സ്‌റ്റാലിൻ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ഉദയനിധി പറയുന്നത്. അപ്പൻ അഥവാ അച്ഛൻ എന്നത് എങ്ങനെയാണു ഒരു അസഭ്യമായ വാക്കാകുക എന്നാണ് തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി കൂടിയായ ഉദയനിധിയുടെ ചോദ്യം.
സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായമാണ് തേടുന്നതെന്നും ധനമന്ത്രിയുടെ "അച്ഛന്റെ" സ്വത്തിൽ ഒരു വിഹിതമല്ലെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഉദയനിധിയുടെ മറുപടി. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ പോലും രാഷ്ട്രീയം കലർത്താനാണ് നിർമലയുടെ ശ്രമമെന്നും ഉദയനിധി കുറ്റപ്പെടുത്തി.

പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്‌നാടിന് അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎം അല്ല എന്ന നിർമല സീതാരാമന്റെ പ്രസ്‌താവനയ്ക്ക് ഉദയനിധി സ്‌റ്റാലിൻ നൽകിയ മറുപടി കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ''കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.'' എന്നായിരുന്നു ഉദയനിധിയുടെ പ്രസ്‌താവന.
എന്നാൽ സൂക്ഷിച്ചു സംസാരിക്കണമെന്നു ഉദയനിധിക്ക് മറുപടി നൽകിയ നിർമല സീതാരാമൻ, അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്ന് താൻ ചോദിച്ചാൽ എന്താകും എന്ന് കൂടി മറുപടിയിൽ കൂട്ടിച്ചേർത്തു.
'പ്രധാന സ്ഥാനങ്ങളിലുള്ളവർ വാക്കുകൾ ശ്രദ്ധിക്കണം. ഉദയനിധിയോട് വിരോധമില്ല. പക്ഷേ രാഷ്ട്രീയത്തിൽ അച്ഛന്റെ സ്വത്തിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസിലാക്കിയിരുന്ന സാഹിത്യകാരനാണെന്നതും അദ്ദേഹം മറക്കുന്നു' നിർമല വിമർശിച്ചു.
അതേസമയം, പ്രളയത്തിൽ തമിഴ്‌നാട്ടിലെ നാല് ജില്ലകളിലായി 31 പേർ മരിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. തമിഴ്‌നാട്ടിൽ ഇത്രയും വലിയ ദുരന്തം നടക്കുമ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഡൽഹിയിൽ ആയിരുന്നുവെന്നും ധനമന്ത്രി വിമര്‍ശിച്ചു.
എന്നാൽ സ്‌റ്റാലിൻ ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം സഹായിച്ചില്ലെന്നും സ്വന്തം ഫണ്ടുപയോഗിച്ചാണ് സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ആയിരുന്നു സ്‌റ്റാലിന്റെ മറുപടി.
തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ പെയ്‌ത കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് 6000 രൂപയും തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ദുരിതബാധിതരുടെ കുടുംബത്തിന് 1000 രൂപ വീതവും തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications