കവരൈപ്പേട്ട ട്രെയിന്‍ അപകടം: 19 പേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം; അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ
ചെന്നൈ: കവരൈപ്പേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ. ഇതില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്നലെ രാത്രിയിലായിരുന്നു പാസഞ്ചര്‍ ട്രെയിന്‍ ഒരു സ്റ്റേഷണറി ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് കയറിയത്. അപകടത്തിന്റെ ആഘാതത്തില്‍ മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.
1360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. പരിക്കില്ലാത്ത യാത്രക്കാരെ അപകടത്തിന് പിന്നാലെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കി എന്നും അപകടത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും റെയില്‍വേ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും 28 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.

അതേസമയം ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ഏകദേശം 16 മണിക്കൂര്‍ എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അനന്ത് മധുകര്‍ ചൗധരി അപകടസ്ഥലം സന്ദര്‍ശിച്ചു.
ഗുഡൂര്‍ ഭാഗത്തേക്ക് പോകുന്ന ഒരു ഗുഡ്‌സ് ട്രെയിന്‍ മെയിന്‍ ലൈനിനുള്ള സിഗ്‌നല്‍ ഉണ്ടായിരുന്നിട്ടും ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ജൂണില്‍ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണമായതും സിഗ്‌നല്‍ തകരാറായിരുന്നു. അതിനിടെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സന്ദര്‍ശിച്ചു.
അതേസമയം തുടര്‍ച്ചയായുണ്ടായ ട്രെയിന്‍ അപകടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മൈസൂര്‍-ദര്‍ഭംഗ ട്രെയിന്‍ അപകടം ബാലസോര്‍ അപകടത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്നും നിരവധി അപകടങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും പഠിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അതിനിടെ രക്ഷാപ്രവര്‍ത്തനവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. മന്ത്രി ആവഡി നാസറും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അതേസമയം മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്സ്പ്രസിലെ യാത്രക്കാരുമായി ഒരു പ്രത്യേക ട്രെയിന്‍ ശനിയാഴ്ച രാവിലെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തുടര്‍ന്നു.












Click it and Unblock the Notifications