'വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ട്; ഉചിതമായ സമയത്ത് പുറത്തുവരും'; അവകാശപ്പെട്ട് തമിഴ് സംഘടന
അന്ന് തിരിച്ചറിഞ്ഞ മൃതദേഹം വേലുപ്പിള്ള പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി ശിവാജി ലിംഗം

ചെന്നൈ: എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദവുമായി തമിഴ് സംഘടന രംഗത്ത്. തമിഴ്‌നാട് നാഷണല്‍ മൂവ്‌മെന്റ് ( ടി എന്‍ എം ) എന്ന സംഘടനയുടെ നേതാവ് പി നെടുമാരന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് പ്രഭാകരന്‍ പുറത്തുവരുമെന്നും നെടുമാരന്‍ വ്യക്തമാക്കി. 2009ല്‍ വെലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ 14 വര്‍ഷത്തിന് ശേഷമാണ് പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
വേലുപ്പിള്ള പ്രഭാകരന്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് നെടുമാരന്‍ പറയുന്നത്. അദ്ദേഹം ഇപ്പോള്‍ ആരോഗ്യവാനാണെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്നും നെടുമാരന്‍ വ്യക്തമാക്കി. തന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ശ്രിലങ്കയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പ്രഭാകരന് പുറത്തുവരാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണെന്നും നെടുമാരന്‍ വ്യക്തമാക്കുന്നു.
പ്രഭാകരന്‍ പുറത്തുവരുന്നതോടെ തമിഴ് ഈഴം സ്ഥാപിക്കാനുള്ള തന്റെ വിശദമായ പദ്ധതികളെ കുറിച്ച് സംസാരിക്കുമെന്നും നെടുമാരന്‍ പറയുന്നു. പ്രഭാകരന്‍ അടക്കമുള്ള എല്‍ ടി ടി ഇ നേതാക്കള്‍ക്കെതിരെ ശ്രീലങ്കന്‍ സൈന്യം വ്യാപക നടപടികള്‍ സ്വീകരിച്ചിരുന്നു. 2009 മേയിലാണ് സൈന്യം പ്രഭാകരനെ വധിച്ചതെന്ന് അവകാശപ്പെടുന്നത്. ഇതിനൊടുവിലാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്കന്‍ സൈന്യം സ്ഥിരീകരിച്ചത്.
അതേസമയം , സൈനിക നടപടി വംശ ഹത്യയാണെന്നും പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്നും നെടുമാരന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇതിനിടെ നെടുമാരന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന പരാമര്‍ശവുമായി ശ്രീലങ്കന്‍ മുന്‍ മന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. അന്ന് തിരിച്ചറിഞ്ഞ മൃതദേഹം വേലുപ്പിള്ള പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി ശിവാജി ലിംഗം പറഞ്ഞു.
നെടുമാരന്റെ അഭിപ്രായം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അത് സത്യമാണെങ്കില്‍ ലോകത്തുള്ള എല്ലാ തമിഴന്മാരും സന്തോഷവാന്മാരായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ തമിഴ് ഈഴം സ്ഥാപിക്കാനുള്ള സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു .












Click it and Unblock the Notifications