ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി ലക്ഷങ്ങള്‍ പിരിച്ചു; യുട്യൂബര്‍ അറസ്റ്റില്‍
ചെന്നൈ: ആളുകളില്‍ നിന്ന് ഓണലൈന്‍ വഴി ലക്ഷക്കണക്കിന് രൂപ പിരിച്ച യുട്യൂബര്‍ അറസ്റ്റില്‍. ക്ഷേത്ര നിര്‍മാണത്തിന്റെ പേര് പറഞ്ഞാണ് യൂട്യൂബര്‍ ആളുകളില്‍ നിന്ന് തുക പിരിച്ചത്. തമിഴ്‌നാട്ടിലാണ് സംഭവം. കാര്‍ത്തിക് ഗോപിനാഥ് എന്ന യൂട്യൂബറയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
അനുമതിയില്ലാതെയാണ് കാര്‍ത്തിക് ആളുകളില്‍ നിന്ന് പണം പിരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കാര്‍ത്തികിനെതിരെ പോലീസ് നടപടി എടുത്തത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ നവീകരണത്തിന് പണം വേണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

ആളുകളില്‍ നിന്ന് പിരിച്ചെടുത്ത തുക കാര്‍ത്തിക്കിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്. പിരിച്ചെടുത്ത തുകയില്‍ ആറ് ലക്ഷത്തോളം രൂപ കാര്‍ത്തികിന്റെ അക്കൗണ്ടിലേക്ക് വന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അക്രമികള്‍ നശിപ്പിച്ച ചില ക്ഷേത്രങ്ങള്‍ വീണ്ടും നിര്‍മിക്കുന്നതിനാണ് താന്‍ പണം പിരിച്ചതെന്നാണ് കാര്‍ത്തിക്ക് പോലീസിനോട് പറഞ്ഞത്.
പെരമ്പല്ലൂരിന് സമീപത്തെ സിറുവച്ചൂര്‍ ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാര്‍ത്തികിന്റെ അറസ്റ്റെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഇയാള്‍ ഇത്തരത്തില്‍ പിരിവ് നടത്തിയതെന്നും പോലീസ് പറയുന്നു.
ഇളയ ഭാരതം എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് കാര്‍ത്തിക്ക് പണപ്പിരിവിന് ആഹ്വാനം ചെയ്തത്. മധുര കാളിയമ്മന്‍ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളിലെ തകര്‍ക്കപ്പെട്ട പ്രതിമകള്‍ പുനര്‍നിര്‍മിക്കാന്‍ തുക ഉപയോഗിക്കും എന്നായിരുന്നു കാര്‍ത്തിക്ക് അറിയിച്ചത്. എന്നാല്‍ ആളുകളില്‍ നിന്ന് പിരിച്ച തുക ഇയാള്‍ സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചതായാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ്പില്‍ 'സിരുവച്ചൂര്‍ ക്ഷേത്ര പുനര്‍നിര്‍മാണം' എന്ന പേരില്‍ 33.28 ലക്ഷം രൂപ കാര്‍ത്തിക്ക് ഗോപിനാഥ് പിരിച്ചിട്ടുണ്ട്. ഹിന്ദു വിശ്വാസത്തെ ഇല്ലാതാക്കാനാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതെന്നും ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമില്‍ യുട്യൂബര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ വര്‍ഗീയ സ്വഭാവം കൊണ്ടുവരാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, യുട്യൂബറുടെ അറസ്റ്റിനെതിരെ തമിഴ്‌നാട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയാണ് യൂട്യൂബര്‍ക്ക് വേണ്ടി രംഗത്ത്് വന്നത്












Click it and Unblock the Notifications