തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, പോളിങ് ശതമാനത്തിൽ വൻ ഇടിവ്
ഹൈദരാബാദ്: നിർണായക രാഷ്ട്രീയ പോരാട്ടം നടക്കുന്ന തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിച്ചു. സംസ്ഥാനത്ത് 63.94 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട്. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാൾ വന്‍ ഇടിവുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോളിങ്ങിൽ ഉണ്ടായ ഇടിവ് രാഷ്ട്രീയ പാർട്ടികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സിദ്ധിപേട്ട്: 77.19 ശതമാനം, രാജണ്ണ സിർസില്ല: 71.87 ശതമാനം, കാമറെഡ്ഡി: 71.00 ശതമാനം, കരിംനഗർ: 69.22 ശതമാനം എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം. മഹേഷ് ബാബു, അല്ലു അർജുൻ, രാം ചരൺ, രാജശേഖർ, ബ്രഹ്മാനന്ദം, സായ് ധരം തേജ്, വിജയ് ദേവർകൊണ്ട, തുടങ്ങിയ താരങ്ങളും ഇന്ന് വോട്ട് രേഖപ്പെടുത്തി.

ബിആർഎസും, കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികളാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്. ഇവർക്കൊപ്പം ബിജെപിയും നിർണായക സാന്നിധ്യമാവും എന്നാണ് വിലയിരുത്തൽ. ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പ് ദിവസം അക്രമ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ 45,000 പോലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും സുരക്ഷക്കായി വിനിയോഗിച്ചിരുന്നു.
മുഖ്യമന്ത്രി കെസിആർ, അദ്ദേഹത്തിന്റെ മകന്‍ കെടി രാമറാവു, ബിആർഎസ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ റേവന്ത് റെഡ്ഢി തുടങ്ങിയവർ ഭരണകക്ഷിക്ക് വേണ്ടി മത്സരിക്കുമ്പോൾ, ബിജെപി സ്ഥാനാർഥികളായി ബന്ദി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ് എന്നിവരും ജനവിധി തേടുന്നു.
ബിആര്‍എസ് എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും പവന്‍ കല്യാണിന്റെ ജന സേനാ പാര്‍ട്ടിയും ഒരുമിച്ച് ചേർന്നാണ് മത്സരം. 111 സീറ്റിൽ ബിജെപിയും എട്ടു സീറ്റുകളിൽ ജനസേന പാർട്ടിയും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 118 സീറ്റിലും സഖ്യമായ സിപിഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications