തെലങ്കാനയില്‍ കോണ്‍ഗ്രസിന് ബൂസ്റ്റ്: മത്സരിക്കാനില്ലെന്ന് ശർമ്മിളയുടെ പാർട്ടി, പിന്തുണ കോണ്‍ഗ്രസിന്
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി വൈ എസ് ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈ എസ് ശർമിള. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കാനില്ലെന്നും പകരം കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായും വൈ എസ് ശർമിള അറിയിച്ചു. കോണ്‍ഗ്രസിന് അനുകൂലമാകുന്ന വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കുന്നു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരി ശർമ്മിളയെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും ചർച്ചകള്‍ ഫലം കാണാതെ പോകുകയായിരുന്നു. 'വൈ എസ് ആർ തെലങ്കാന പാർട്ടി വളരെ സുപ്രധാനമായ ഒരു തീരുമാനമെടുത്തിരിക്കുന്നു. ബി ആർഎ സിന്റെ പരാജയം ആസന്നമാണ്. ഈ സമയത്ത് കോൺഗ്രസ് പാർട്ടിക്ക് ഒരു സാധ്യതയുണ്ടെന്ന് തോന്നുന്നു. ഈ സമയത്ത് ഭരണവിരുദ്ധ വോട്ടുകളുടെ ഏതെങ്കിലും വിഭജനം കെ സി ആറിനെ താഴെയിറക്കുന്നതിന് തടസ്സമാകും. " ശർമിള പറഞ്ഞു.

ചന്ദ്രശേഖ റാവുവിന്റെ നേതൃത്വത്തിലുള്ള ബി ആർ എസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാനാണ് തന്റെ പാർട്ടി "ത്യാഗം" ചെയ്യാന്‍ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. "പല സർവേകളും ഗ്രൗണ്ട് റിപ്പോർട്ടുകളും അനുസരിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പങ്കാളിത്തം പല മണ്ഡലങ്ങളിലും കോൺഗ്രസിന്റെ വോട്ട് വിഹിതത്തെ നേരിട്ട് ബാധിക്കുമെന്ന് തോന്നിയിട്ടുണ്ട്. അതിനാൽ, തെലങ്കാന നിയമസഭയിൽ മത്സരിക്കാതിരിക്കാനുള്ള ത്യാഗം സഹിക്കാൻ വൈ എസ് ആർ തെലങ്കാന പാർട്ടി തീരുമാനിച്ചു. തെരഞ്ഞെടുപ്പുകൾ, സംസ്ഥാനത്തിന്റെ വിശാലതാൽപ്പര്യം മുൻനിർത്തിയും ജനങ്ങളുടെ വലിയ ലക്ഷ്യം അഭിസംബോധന ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഈ സുപ്രധാന തീരുമാനം എടുക്കാൻ ഞാൻ തയ്യാറാണ്," ശർമ്മിള പ്രസ്താവനയില്‍ പറഞ്ഞു.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കൂറ്റൻ വിജയത്തിന് പിന്നാലെയാണ് ശർമ്മിളയുടെ പാർട്ടി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന ചർച്ചകള്‍ ശക്തമായത്. പാർട്ടിയെ ലയിപ്പിച്ചാൽ ശർമ്മിളയ്ക്ക് രാജ്യസഭ സീറ്റാണ് കോൺഗ്രസിന്റെ വാഗ്ദാനം. മാത്രമല്ല കോൺഗ്രസിന് കാര്യമായ റോൾ ഇല്ലാത്ത ആന്ധ്രയിൽ സഹോദരൻ ജഗൻമോഹൻ റെഡ്ഡിയ്ക്കെതിരെ കോൺഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്തവും ശർമ്മിളയ്ക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.












Click it and Unblock the Notifications