തെലങ്കാന ഫലം: ആദ്യ ഫലസൂചനകള്‍ പുറത്ത്, എക്‌സിറ്റ് പോളുകള്‍ ശരിയാകുമോ..?
ഹൈദരാബാദ്: തെലങ്കാനയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് മുന്നേറ്റം. കോണ്‍ഗ്രസ് 29 സീറ്റുകളിലും ബി ആര്‍ എസ് 20 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബി ജെ പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ 119 സീറ്റുകളിലേക്കാണ് മത്സരം. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇവിഎമ്മുകളും ആണ് എണ്ണുക.
നവംബര്‍ 30 നായിരുന്നു തെലങ്കാനയില്‍ വോട്ടെടുപ്പ് നടന്നത്. അതിന് ശേഷം പുറത്ത് വന്ന മിക്ക എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിനാണ് ജയം പ്രവചിച്ചത്. അതേസമയം ഭരണകക്ഷിയായ ഭാരതീയ രാഷ്ട്ര സമിതിയുടെ കെടി രാമറാവു (കെടിആര്‍) പാര്‍ട്ടിക്കും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ഹാട്രിക് വിജയം ലഭിക്കും എന്ന ഉറപ്പിലാണ്. 60 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

2018 ല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 19 സീറ്റായിരുന്നു ലഭിച്ചത്. ബി ആര്‍ എസ് 88 സീറ്റ് നേടിയാണ് തുടര്‍ഭരണം സ്വന്തമാക്കിയത്. ആ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒരു സീറ്റും മറ്റുള്ളവര്‍ക്ക് 11 സീറ്റുമാണ് ലഭിച്ചിരുന്നത്. 2018 ല്‍ ടി ആര്‍ എസ് ആയിരുന്ന കെ സി ആറിന്റെ പാര്‍ട്ടി കഴിഞ്ഞ വര്‍ഷമാണ് ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബി ആര്‍ എസ് എന്ന് പേര് മാറ്റിയത്.
അതേസമയം ഇത്തവണ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചുക്കാന്‍ പിടിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രചരണത്തിലുടനീളം കോണ്‍ഗ്രസ് അഴിച്ചുവിട്ടത്. സിഎന്‍എന്‍ എക്സിറ്റ് പോള്‍ പ്രകാരം 119ല്‍ കോണ്‍ഗ്രസ് 56 സീറ്റും ബി ആര്‍ എസ് 48 സീറ്റും നേടും എന്നാണ് പ്രവചനം.
ബിജെപിക്ക് 10 സീറ്റും എ ഐ എം ഐ എമ്മിന് 5 സീറ്റും പ്രവചിക്കുന്നു. അതേസമയം 68 സീറ്റില്‍ വിജയിച്ച് ബി ആര്‍ എസിന് ഭരണം കിട്ടുമെന്നാണ് 10 ടിവിയുടെ പ്രവചനം. 38 സീറ്റില്‍ കോണ്‍ഗ്രസും ജയിക്കുമെന്നായിരുന്നു 10 ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലം. കൂടാതെ ടൈംസ് നൗ -ഇടിജി എക്‌സിറ്റ് പോളും ബി ആര്‍ എസിന് മൂന്നാമൂഴമാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ മറ്റ് എക്‌സിറ്റ് പോളുകളെല്ലാം കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിച്ചത്.












Click it and Unblock the Notifications