തെലങ്കാന കോൺഗ്രസിലെ 'മോൺസ്‌റ്റർ'; ബിആർഎസ് കോട്ടകളെ ഇളക്കിയ രേവന്ത് റെഡ്ഢിയുടെ തന്ത്രങ്ങൾ അറിയാം...
ഹൈദരാബാദ്: ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള തെലങ്കാനയുമുണ്ട്. അപ്രതീക്ഷിതമായി അവിടെ ഭരണകക്ഷിയായ ബിആർഎസിനെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസ് അധികാരം പിടിച്ചെടുക്കുന്നു എന്ന് കേട്ടപ്പോൾ പലരുമോന്ന് ഞെട്ടി, എന്നാൽ ആ കൂട്ടത്തിൽ തെലങ്കാനയിലെ വോട്ടർമാർ ഉണ്ടായിരുന്നില്ല. ഏതാണ്ട് രണ്ട് വർഷം മുൻപ് മാത്രം സംസ്ഥാനത്ത് പാർട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത രേവന്ത് റെഡ്ഢി എന്ന ചാണക്യന്റെ തന്ത്രങ്ങളുടെ വിജയമാണ് തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന്റെ ഭാവി തീരുമാനിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം സർവവും നഷ്‌ടപ്പെട്ട അവസ്ഥയിലായിരുന്ന തെലങ്കാന കോൺഗ്രസിന് പുതുജീവൻ നൽകിയത് രേവന്ത് റെഡ്ഢിയാണ്. ശരാശരി കോൺഗ്രസ് നേതാക്കളെ പോലെ വിദ്യാർത്ഥി രാഷ്ട്രീയം മുതൽക്കേ കൈപ്പത്തിക്കൊപ്പം നിന്ന് ഉയർന്നുവന്ന ചരിത്രമല്ല അദ്ദേഹത്തിന്റേത്. തുടക്കം എബിവിപിയിലൂടെയും, പിന്നീട് തെലുഗ് ദേശം പാർട്ടി എംഎൽഎയായും പ്രവർത്തിച്ചുവന്ന കാലഘട്ടത്തിന് ഒടുവിലാണ് കോൺഗ്രസിലേക്ക് രേവന്ത് എത്തിപ്പെടുന്നത്.

2021ൽ ഉത്തം കുമാർ റെഡ്ഢിക്ക് പകരം തെലങ്കാന പിസിസിയുടെ അമരത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിലെ അനുഭവ പരിചയം കേവലം നാല് വർഷം മാത്രമായിരുന്നു. അധികാരത്തിലിരിക്കുന്ന ടിആർഎസിനെയോ (ഇന്നത്തെ ബിആർഎസ്) മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെയോ വെല്ലുവിളിക്കാൻ പോലും ആവാത്ത ആ സാഹചര്യത്തിൽ നിന്ന് രണ്ട് വർഷങ്ങൾ കൊണ്ട് അധികാര കസേരയിലേക്ക് എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിന് തന്നെയുള്ളതാണ്.
രേവന്ത് ചുമതല ഏറ്റെടുത്ത സമയത്താണ് ഉപ-തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ബിജെപി തെലുങ്ക് മണ്ണിൽ സാന്നിധ്യം അറിയിക്കുന്നത്. ഇതിന് ശേഷം സംസ്ഥാനത്ത് വലിയൊരു ശക്തിയായി അവർ വളരുകയും ചെയ്‌തുവെന്നത് പരസ്യമായ രഹസ്യമാണ്.
2022 മുതലാണ് രേവന്ത് റെഡ്ഢി വിവിധ മണ്ഡലങ്ങളിലൂടെ പര്യടനം നടത്താൻ ആരംഭിച്ചത്. ഇതാണ് സംസ്ഥാനത്ത് പാർട്ടിയെ ആഴത്തിൽ വേരൂന്നുന്ന ഘടകമായി മാറ്റിയത്. കർണാടകയിൽ ഡികെ ശിവകുമാറിലൂടെ നടപ്പാക്കിയ തന്ത്രം തെലങ്കാനയിൽ രേവന്ത് റെഡ്ഢിയെ മുൻനിർത്തി കളിച്ച കോൺഗ്രസിന് ഒടുവിൽ അർഹിച്ച വിജയം തന്നെ സ്വന്തമായി.
തിരഞ്ഞെടുപ്പ് അടുത്തതോടെ നടത്തിയ പദയാത്ര രേവന്ത് റെഡ്ഢിക്കും കോൺഗ്രസിനും സംസ്ഥാനത്ത് നൽകിയ മൈലേജ് ചെറുതായിരുന്നില്ല. കെസിആറിനെയും കുടുംബത്തെയും നേരിട്ട് ആരോപണങ്ങൾ കൊണ്ട് ആക്രമിക്കാൻ ഇതുവരെ ഒരു കോൺഗ്രസ് നേതാവും മുതിർന്നിരുന്നില്ല. എന്നാൽ റെഡ്ഢി ആ തെറ്റിച്ചു. പ്രചരണത്തിന് രാഹുലും പ്രിയങ്കയും കൂടി എത്തിയതോടെ അതുവരെ ഉണ്ടായിരുന്ന അന്തരീക്ഷം തന്നെ മാറിമറിഞ്ഞു.
ഒടുവിൽ ഇന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെലങ്കാനയുടെ ചരിത്രത്തിൽ ആദ്യമായി അവർ അവിടെ ഭരിക്കാൻ പോവുന്നു. ബിജെപി മുക്ത ദക്ഷിണ ഭാരതത്തിന് കർണാടകയുടെ തുടക്കമിട്ട കോൺഗ്രസ് തെലങ്കാനയിലെ ആ ഉറപ്പ് പാലിച്ചു. അതിനെ മുന്നിൽ നിന്ന് നയിച്ചതാവട്ടെ രേവന്ത് റെഡ്ഢി എന്ന അതികായനും.












Click it and Unblock the Notifications