തെലങ്കാന മുഖ്യമന്ത്രി റാവു കര്‍ഷകനാണ്; പക്ഷേ, ആസ്തി കേട്ടാല്‍ ഞെട്ടും, പത്രികയിലെ വിവരങ്ങള്‍ ഇങ്ങനെ
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രമുഖ നേതാക്കളെല്ലാം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തിരക്കിലാണ്. മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി നേതാവുമായ കെ ചന്ദ്രശേഖര റാവു കഴിഞ്ഞദിവസം പത്രിക സമര്‍പ്പിച്ചു.
താന്‍ കര്‍ഷകനാണെന്ന് അദ്ദേഹം പത്രികയില്‍ വിശദീകരിക്കുന്നു. 60 ഏക്കറോളം കൃഷി ഭൂമി അദ്ദേഹത്തിന് സ്വന്തമായുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആസ്തി സാധാരണ കര്‍ഷകന് സ്വപ്‌നം കാണാന്‍ പറ്റുന്നതല്ല... കോടികളാണ്. ഭാര്യയുടെ പേരിലുമുണ്ട് വന്‍ ആസ്തികള്‍. പത്രികയിലെ വിവരങ്ങള്‍ ഇങ്ങനെ....

20 കോടിയലധികം രൂപയുടെ ആസ്തി
ഗാജ്വല്‍ നിയമസഭാ മണ്ഡലത്തിലാണ് റാവു മല്‍സരിക്കുന്നത്. അദ്ദേഹം ഒട്ടേറെ അനുയായികള്‍ക്കൊപ്പമെത്തിയാണ് ബുധനാഴ്ച പത്രിക സമര്‍പ്പിച്ചത്. 20 കോടിയലധികം രൂപയുടെ ആസ്തി തനിക്കുണ്ടെന്ന് നാമനിര്‍ദേശ പത്രികയില്‍ റാവു വിശദീകരിക്കുന്നു. എന്നാല്‍ റാവുവിനോ ഭാര്യക്കോ സ്വന്തമായി ഒരു വാഹനം പോലുമില്ല.

സ്ഥാവര ജംഗമ സ്വത്തുകള്‍
ജംഗമ സ്വത്തായി 10.40 കോടി രൂപയുടെ ആസ്തിയുണ്ട്. ഭാര്യ ശോഭയുടെ പേരിലാകട്ടെ 94.5 ലക്ഷം രൂപയുടെ ജംഗമസ്വത്തുണ്ട്. സ്ഥാവര സ്വത്തായി റാവുവിന് 12.20 കോടിയുടെ ആസ്തിയാണുള്ളത്. ഇതില്‍ 54 ഏക്കര്‍ കൃഷിഭൂമിയും ഉള്‍പ്പെടും. ഈ കൃഷി ഭൂമിക്ക് ആറര കോടി രൂപ വിലവരുമത്രെ.

കൃഷിയാണ് തൊഴില്‍
കൃഷിയാണ് തന്റെ തൊഴിലെന്ന് റാവു പത്രികയില്‍ വിശദമാക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷം 2.07 കോടി രൂപയാണ് വരുമാനം. ഇതില്‍ 91.52 ലക്ഷം കൃഷിയില്‍ നിന്നാണ്. തെലങ്കാന ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡില്‍ 4.71 കോടി രൂപയുടെ ഓഹരി നിക്ഷേപമുണ്ട്. കൂടാതെ ഫികസ്ഡ് ഡെപ്പോസിറ്റായി 5.63 കോടിയും വിവിധ ബാങ്കുകളിലായുണ്ട്.

രണ്ടു വീടുകള്‍
രണ്ടു വീടുകളാണ് ചന്ദ്രശേഖര റാവുവിന് ഉള്ളത്. ഒന്ന് കരീംനഗറിലാണ്. മറ്റൊന്ന് ഹൈദരാബാദിലും. രണ്ടു വീടുകള്‍ക്കുമായി 5.10 കോടി രൂപ വിലമതിക്കും. കൃഷി ഭൂമിയല്ലാത്ത 2.04 ഏക്കര്‍ സിദ്ദിപേട്ടില്‍ റാവുവിന്റെ പേരിലുണ്ട്. ഇതിന് 60 ലക്ഷം രൂപ വിലവരും.

ഭാര്യയുടെ കൈയ്യിലുള്ള സ്വര്‍ണം
ചന്ദ്രശേഖര റാവുവിന്റെ കൈവശം 75 ഗ്രാം സ്വര്‍ണമുണ്ട്. കൂടാതെ രണ്ടര ലക്ഷം രൂപയും കൈവശമുണ്ട്. എന്നാല്‍ ഭാര്യ ശോഭയുടെ കൈവശം 2200 ഗ്രാം സ്വര്‍ണാഭരണങ്ങളുണ്ട്. കൂടാതെ ഡയമണ്ട്, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവയും ശോഭയുടെ കൈവശമുണ്ട്. ശോഭ വീട്ടമ്മയാണെന്നും പത്രികയില്‍ വിശദമാക്കുന്നു. ശോഭയുടെ കൈവശം 93595 രൂപയുമുണ്ട്.

ആസ്തി വര്‍ധന ഇങ്ങനെ
ചന്ദ്രശേഖര റാവുവിന്റെ ബാധ്യതകളും പത്രികയില്‍ വിശദമാക്കിയിട്ടുണ്ട്. 8.88 കോടി രൂപയുടെ വായ്പാ ബാധ്യതയാണുള്ളത്. 2014ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ റാവു വിശദമാക്കിയത് 17 കോടിയുടെ ആസ്തിയാണ്. 2012-13 കാലയളവില്‍ ഇദ്ദേഹത്തിന്റെ വരുമാനം 6.59 ലക്ഷമായിരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്.

കേസുണ്ട്, സമന്‍സില്ല
ആറ് വര്‍ഷം പിന്നിടുമ്പോള്‍ കോടികളുടെ വരുമാനമാണ് റാവുവിന് ഉണ്ടായിട്ടുള്ളത്. 64 കേസുകള്‍ ചന്ദ്രശേഖര റാവുവിന്റെ പേരിലുണ്ട്. തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന സമരകാലത്തെ കേസുകളാണിത്. എന്നാല്‍ സമന്‍സ് ഒന്നുമില്ല. കുറ്റംചുമത്തിയിട്ടുമില്ല.












Click it and Unblock the Notifications