തെലങ്കാനയില്‍ കെസിആറിന് തിരിച്ചടിയുണ്ടാവും, ആര്‍ക്കും ഭൂരിപക്ഷമില്ല, കോണ്‍ഗ്രസിന് നേട്ടമെന്ന് സര്‍വേ
ഹൈദരാബാദ്: തെലങ്കാനയില്‍ ഇത്തവണ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് മനോരമ ന്യൂസ്-വിഎംആര്‍ സര്‍വേ. ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി വലിയ തിരിച്ചടി നേരിടുമെന്നാണ് സര്‍വേയുടെ പ്രവചനം. അതേസമയം ഇത്തവണ കോണ്‍ഗ്രസ് എല്ലാവരെയും അമ്പരപ്പിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നു. പത്ത് ശതമാനം വോട്ട് സ്വിംഗ് കോണ്‍ഗ്രസിന് അനുകൂലമായി ഉണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്.
28.4 ശതമാനത്തില്‍ നിന്ന് 38.4 ശതമാനമായി വോട്ട് ശതമാനം ഉയരും. 52 മുതല്‍ 58 സീറ്റിനിടയില്‍ വരെയാണ് കോണ്‍ഗ്രസിന് ലഭിക്കുകയെന്നും സര്‍വേ പറയുന്നു. 2018 അപേക്ഷിച്ച് 19 സീറ്റാണ് വര്‍ധിക്കുക. അതേസമയം ഇത്രയും വലിയ കുതിപ്പുണ്ടാക്കുമെങ്കിലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. 119 സീറ്റുള്ള തെലങ്കാനയില്‍ അധികാരം ഇനിയും സീറ്റുകള്‍ ആവശ്യമാണ്.

2014ല്‍ തെലങ്കാന രൂപീകൃതമായ ശേഷം സംസ്ഥാനം ഭരിക്കുന്നത് കെസിആറാണ്. ഇത്തവണ കടുത്ത ഭരണവിരുദ്ദ വികാരം തന്നെ അദ്ദേഹം നേരിടുന്നുണ്ട്. ബിആര്‍എസ്സിന്റെ വോട്ട് ശതമാനം 37.5 ആയി കുറയും. 2018ല്‍ 47 ശതമാനമായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നു വോട്ട്. 88 സീറ്റും അവര്‍ക്ക് ലഭിച്ചിരുന്നു. ബിആര്‍എസ്സിന്റെ സീറ്റും ഇത്തവണ കുറയും. 47 മുതല്‍ 52 സീറ്റ് വരെ പരമാവധി ബിആര്‍എസ്സ് നേടുമെന്നാണ് പ്രവചനം.
അതേസമയം ബിജെപിയും നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. 10.2 ശതമാനത്തിലേക്ക് അവരുടെ വോട്ട് ഉയരും. മൂന്ന് ശതമാനത്തോളമാണ് വോട്ട് വര്‍ധന. നിലവില്‍ ഒരു എംഎല്‍എ മാത്രമാണ് അവര്‍ക്കുള്ളത്. എട്ട് സീറ്റുകള്‍ വരെ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. 2014ല്‍ ബിജെപിക്ക് 5 സീറ്റുകള്‍ ലഭിച്ചിരുന്നു. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്ക് ഇത്തവണ തിരിച്ചടിയുണ്ടാവും. മൂന്ന് ശതമാനത്തില്‍ നിന്ന് 2.6 ശതമാനത്തിലേക്ക് വോട്ട് കുറയും.
മജ്‌ലിസ് പാര്‍ട്ടി ഇത്തവണയും ഏഴ് സീറ്റ് നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് തവണയും അവര്‍ക്ക് ഇതേ സീറ്റുകള്‍ തന്നെയാണ് ലഭിച്ചത്. ടിഡിപിയുടെ നില പരിതാപകരമാണ്. 2014ല്‍ 15 സീറ്റ് അവര്‍ക്കുണ്ടായിരുന്നു. 2014ല്‍ ഇത് രണ്ടായി താഴ്ന്നിരുന്നു. 3.5 ശതമാനമായി വോട്ടും കുറഞ്ഞിരുന്നു. ഇത്തവണ അവര്‍ക്ക് വോട്ട് ശതമാനം ഇനിയും കുറയും.
കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാവുമെങ്കിലും അവര്‍ക്ക് ഭരണം പിടിക്കാന്‍ ബിജെപിയുടെയോ മജ്‌ലിസ് പാര്‍ട്ടിയുടെയോ സഹായം വേണ്ടി വരും. രണ്ട് പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഒരിക്കലും സഹകരിക്കാറുമില്ല. 2014ല്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 25.2 ആയിരുന്നു. 2018ല്‍ അത് 28.4 ആയി ഉയര്‍ന്നു. ഇത്തവണ അത് 38.4 ശതമാനത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.












Click it and Unblock the Notifications