ദളിത് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നേരിട്ട് നല്‍കും; വന്‍ പ്രഖ്യാപനവുമായി തെലങ്കാന
ഹൈദരാബാദ്: ദളിത് സമുദായത്തെ ശാക്തീരകരിക്കാന്‍ ബൃഹദ് പദ്ധതിയുമായി തെലങ്കാന സര്‍ക്കാര്‍. യോഗ്യരായ ദളിത് കുടുംബങ്ങളെ കണ്ടെത്തി 10 ലക്ഷം രൂപ നേരിട്ട് നല്‍കുന്നതാണ് പദ്ധതി. സര്‍വകക്ഷി യോഗം വിളിച്ചാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പദ്ധതിയുടെ ഗുണഭോക്താക്കളാകുന്ന ദളിത് കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറും. സാമ്പത്തികമായി സ്വയം പര്യപ്തരാക്കുകയാണ് ലക്ഷ്യം. കൂടാതെ ദളിതുകളെ സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിവുള്ളവരുമാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.
മുഖ്യമന്ത്രിയുടെ ദളിത് ശാക്തീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് 10 ലക്ഷം രൂപ കൈമാറുക. സര്‍വകക്ഷി യോഗം ഐക്യകണ്‌ഠ്യേന തീരുമാനത്തെ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെലങ്കാനയില്‍ 119 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തില്‍ നിന്നും 100 ദളിത് കുടുംബങ്ങളെ തിരഞ്ഞെടുക്കും. അവര്‍ക്കാണ് ആദ്യഘട്ടത്തില്‍ സാമ്പത്തിക സഹായം അനുവദിക്കുക. 1200 കോടി രൂപയാണ് ഇതിന് ചെലവ് വരിക.

സാമ്പത്തിക സഹായം ലഭിക്കുന്നതോടെ ദളിത് കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. അപകര്‍ഷതാ ബോധം ഇല്ലാതാക്കുക, ഗുണപരമായ മാറ്റമുണ്ടാക്കുക, ചിന്താ രീതിയിലും വിദ്യാഭ്യാസ രംഗത്തും ഉയര്‍ത്തിക്കൊണ്ടുവരിക എന്നിവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാനമായ ഈ തീരുമാനം സര്‍ക്കാര് കൈക്കൊണ്ടത്. ദളിത് സംഘടനാ പ്രതിനിധികളുമായും സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. നിരവധി ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷണരും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം. കൈമാറുന്ന പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.












Click it and Unblock the Notifications