പുതുവര്‍ഷ സമ്മാനം, കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക് വില കുറയ്ക്കും
ന്യൂഡെല്‍ഹി:മരുന്നുകളുടെ വില നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിചാരിയ ജനങ്ങള്‍ ഇനി വാ മൂടിവയ്‌ക്കേണ്ടി വരും. അത്തരത്തിലൊരു വാര്‍ത്തയാണ് ജനങ്ങള്‍ക്ക് മുന്നില്‍ എത്താനിരിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസമേകി കേന്ദ്രസര്‍ക്കാര്‍ മരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് ആ വാര്‍ത്ത. 2015 ജനുവരി മുതല്‍ എല്ലാവിധ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില കുറയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഇത് ഒരു പുതുവത്സര സമ്മാനമായാണ് സര്‍ക്കാര്‍ നല്‍കുന്നത്. ജനുവരി മുതല്‍ സര്‍ക്കാര്‍ ചുവപ്പ് നിറത്തിലുള്ള സീലോടുകൂടി നിശ്ചിത വിലയിലായിരിക്കും ജീവന്‍ രക്ഷാ മരുന്നുകള്‍ വിപണിയില്‍ എത്തിക്കുക.
ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യമുള്ളവര്‍ അധിക വില നല്‍കിയാണ് മരുന്ന് ഇനി വാങ്ങുന്നതെങ്കില്‍ അവര്‍ക്ക് പരാതി നല്‍കാവുന്നതാണ്. വോയ്‌സ് ഹെല്‍പ്പ്‌ലൈനിന്റെ സഹായം തേടാവുന്നതാണ്. 1800111255, 1800114424 എന്നീ നമ്പറിലേയ്ക്ക് ബന്ധപ്പെടാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിചിട്ടുണ്ട്. നൂറോളം മരുന്നുകള്‍ വില നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നതാണ്. നിലവില്‍ വില നിയന്ത്രണം നിരീക്ഷിക്കുക എന്നത് പ്രയോഗികം അല്ലെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്. 6000 ത്തോളം പാക്കുകളില്‍ വിവിധ പേരുകളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഇന്ത്യയില്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വില്പന നടത്തുന്നുണ്ട്. ഇത് മുഴുവന്‍ നിരീക്ഷിക്കുക അപ്രായോഗികമാണ്. നിലവില്‍ എന്‍പിപിഎയുടെ കണക്ക് അനുസരിച്ച് 4000 കോടി അധിക വിലയും ആയി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാതെ കിടപ്പുണ്ട്. വിലനിയന്ത്രണം സര്‍ക്കാരിന് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നത് നിലനില്‍ക്കെയാണ് ഇങ്ങനെയൊരു നടപടി എടുത്തതെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്.

മോദി സര്‍ക്കാര്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നതാണ് മരുന്നുവില ഉയരാന്‍ കാരണമെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചാവിഷയവുമായി. അമേരിക്ക ഉദ്ദേശിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഠിനപ്രയത്‌നം നടന്നെങ്കിലും ഇന്ത്യ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയിരുന്നില്ല. എന്നാല്‍ നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനമാണ് പണിപ്പറ്റിച്ചത്. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സംയുക്ത സമിതി വേണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കുകയുണ്ടായി. ഇത് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും ഔദ്യോഗിക പരിവേഷം നല്‍കിയെന്നാണ് അന്ന് വിദേശ കാര്യ വിദഗ്ധര്‍ ആരോപിച്ചത്. എന്നാല്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുകയാണ് സംയുക്ത സമിതിയുടെ രൂപീകരണത്തിലൂടെ നടന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് തൊട്ടു മുന്‍പ് ദേശീയ മരുന്നു വില നിര്‍ണയ അതോറിറ്റിയുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും അതു വഴി രാജ്യത്ത് മരുന്നുവില ഉയരുകയും ചെയ്തിരുന്നു. കഥ അറിയാതെ ജനങ്ങള്‍ പാവം മോദിയെ പഴിചാരി നടന്നു. അവസാനം തീരുമാനം ഇതുവരെ എത്തി നില്‍ക്കുകയാണ്.
അന്തിമ തീരുമാനം മരുന്ന് കമ്പനികളുടെയും അധികൃതരുടെയും അഭിപ്രായം ആരാഞ്ഞതിനുശേഷം ഡിസംബര്‍ അവസാനത്തോടുകൂടി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications