അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച; കനത്ത മഴയിൽ മേൽക്കൂര ചോർന്നൊലിക്കുന്നുവെന്ന് മുഖ്യപുരോഹിതൻ
ന്യൂഡൽഹി: കനത്ത മഴയ്ക്ക് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയെന്ന് റിപ്പോർട്ട്. മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസാണ് ഈ വിഷയം ഉന്നയിച്ചിരിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം നടത്തിയ രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് മാസങ്ങൾ പിന്നിടുമ്പോഴേക്കുമാണ് വീഴ്‌ച കണ്ടെത്തിയിരിക്കുന്നത്.
ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുവെന്നാണ് മുഖ്യ പുരോഹിതൻ പറയുന്നത്. ക്ഷേത്ര നിർമ്മാണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച സത്യേന്ദർ ദാസ്, ശനിയാഴ്‌ച അർദ്ധരാത്രിയിൽ പെയ്‌ത മഴയ്ക്ക് ശേഷം ക്ഷേത്രപരിസരത്ത് നിന്ന് മഴവെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങൾ ഇല്ലാതിരുന്നതിനാൽ മറ്റ് നടപടികൾ സ്വീകരിക്കേണ്ടി വന്നുവെന്നും വ്യക്തമാക്കി.

മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്ന സംഭവം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തിലെത്തി മേൽക്കൂര നന്നാക്കി വാട്ടർപ്രൂഫ് രീതിയിൽ ആക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി ക്ഷേത്ര ട്രസ്‌റ്റുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്‌ച അർധരാത്രി പെയ്‌ത ശക്തമായ മഴയിൽ ശ്രീകോവിലിന്റെ മേൽക്കൂരയിൽ വലിയ ചോർച്ചയുണ്ടായതായി ആചാര്യ സത്യേന്ദ്ര ദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാം ലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ പുരോഹിതൻ ഇരിക്കുന്ന ഇടത്തിനും വിഐപി ദർശനത്തിനായി ആളുകൾ വരുന്ന ഭാഗത്തിന് മുകളിൽ നിന്നും മേൽക്കൂരയിൽ ചോർച്ച ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള എഞ്ചിനീയർമാരാണ് രാമക്ഷേത്രം പണികഴിപ്പിച്ചത്.ജനുവരി 22നാണ് ക്ഷേത്രം ഉദ്‌ഘാടനം ചെയ്‌തത്. എന്നാൽ ഒരു മഴ പെയ്‌താൽ ചോരുന്നതാണെന്ന് ആരും അറിഞ്ഞില്ല. ലോക പ്രസിദ്ധമായ ക്ഷേത്രത്തിന്റെ മേൽക്കൂര ചോരുക എന്ന് പറയുന്നത് ആശ്ചര്യകരമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?' മുഖ്യ പുരോഹിതൻ ചോദിച്ചു.
അതിനിടെ, ശനിയാഴ്‌ച രാത്രി പെയ്‌ത അതിശക്തമായ മഴയിൽ റമ്പത്ത് റോഡിലും അതിനോട് ചേർന്നുള്ള ഇടവഴിയിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. പ്രദേശത്തെ വീടുകളിലേക്ക് മലിനജലം കയറുകയും ചെയ്‌തിരുന്നു. അയോധ്യയിലെ റമ്പാത്ത് റോഡും മറ്റ് പുതുതായി നിർമ്മിച്ച റോഡുകളും ചിലയിടങ്ങളിൽ തകരുകയും ചെയ്‌തു.
ജനുവരി 22ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു മൈസൂരുവിൽ നിന്നുള്ള ശില്‍പിയായ അരുണ്‍ യോഗിരാജ് രൂപകൽപന ചെയ്‌ത 51 ഇഞ്ച് ഉയരമുള്ള രാം ലല്ല വിഗ്രഹം രാമക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ചടങ്ങിലെ മുഖ്യാഥിതി. എന്നാൽ വെറും അഞ്ച് മാസങ്ങൾ പിന്നിടുമ്പോഴേക്കും ക്ഷേത്രത്തിന്റെ മേൽക്കൂര ചോരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications